ദുബായിൽ 'ഗുരുശ്രേഷ്ഠം-പ്രതിഭാസംഗമം' നടത്തി
text_fieldsദുബൈ: വി.കെ.എം കളരിയുടെ ‘ഗുരുശ്രേഷ്ഠം-പ്രതിഭാസംഗമം’ പരിപാടി ഖിസൈസ് കാപിറ്റല്‍ സ്‌കൂളിൽ നടന്നു. 15 വര്‍ഷമായി വി.കെ.എം കളരിയില്‍ കളരി അഭ്യസിക്കുന്നവര്‍ക്ക് ഗുരു പുരസ്‌കാരം നല്‍കി ആദരിച്ചു. യു.എ.ഇയില്‍ ആദ്യമായാണ് ഒരു കളരി സ്ഥാപനം ശിഷ്യര്‍ക്ക് ഗുരു പുരസ്‌കാരം നല്‍കി ആദരിക്കുന്നത്. 10 വര്‍ഷത്തിലധികമായി വി.കെ.എം കളരിയില്‍ കളരി പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആദരവും നല്‍കി. തുടര്‍ന്ന് 350 കുട്ടികൾ പങ്കെടുത്ത, ‘മെയ്ത്താരിയില്നിന്നും പ്രതിരോധ എന്ന ലെവലിലേക്ക് എത്തിക്കുന്ന പരിപാടിയും നടന്നു. തന്‍റെ 42 വര്‍ഷത്തെ കളരിപ്പയറ്റ് ജീവിതത്തിനിടയില്‍ പഠിച്ചതെല്ലാം കുട്ടികളിലേക്ക് കൂടുതലായി എത്തിക്കുന്നതിനായി എട്ട് തലങ്ങളായി വിഭജിച്ചു. ആ സ്‌റ്റേജുകളിലൊന്നാണ് പ്രതിരോധ എന്ന് സ്ഥാപനത്തിന്‍റെ മേധാവി മണികണ്ഠന്‍ ഗുരുക്കള്‍ പറഞ്ഞു.
നാല് പതിറ്റാണ്ട് പിന്നിട്ട തന്റെ കളരി പാരമ്പര്യം പ്രവാസ ലോകത്ത് കൂടുതല്‍ പേരിലേക്ക് എത്തിക്കാനുള്ള തീവ്രശ്രമത്തിലാണെന്ന് പൊന്നാനി സ്വദേശിയായ മണികണ്ഠന്‍ ഗുരുക്കൾ പറഞ്ഞു. ഒന്നര പതിറ്റാണ്ടിനകം നൂറുകണക്കിന് വിദേശികളടക്കം ആയിരത്തിലേറെ പേർ യു.എ.ഇയിലെ വി.കെ.എം കളരിയില്‍നിന്നും പഠിച്ചിറങ്ങി. മെയ്പ്പയറ്റ് (മെയ്ത്താരി), വടിപ്പയറ്റ് (കോല്‍ത്താരി), വാള്‍പ്പയറ്റ് (അങ്കത്താരി), വെറുംകൈ പ്രയോഗം തുടങ്ങി എട്ടു ഘട്ടങ്ങളിലൂടെയാണ് ശിഷ്യര്‍ക്ക് പയറ്റ് ചൊല്ലിക്കൊടുക്കുന്നത്. അഞ്ചുമുതല്‍ 60 വയസ്സുവരെയുള്ളവര്‍ കളരി പരിശീലിക്കുന്നുണ്ട്.
ദുബൈ എക്സ്പോ 2020 വേദിയില്‍ രണ്ട് തവണ ആയോധന മുറ അവതരിപ്പിച്ചു. കൂടാതെ ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം, അല്‍ നാസര്‍ ലെഷര്‍ ലാന്‍ഡ്, ദുബൈ പൊലീസ് സംഘടിപ്പിച്ച പരിപാടി തുടങ്ങി ഇതിനകം യു.എ.ഇയിലെ നൂറിലേറെ വേദികളില്‍ കളരിപ്പയറ്റ് അഭ്യാസപ്രകടനം നടത്തി. 42ലേറെ വര്‍ഷമായി കളരിയുമായി ഇഴപിരിയാത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന മണികണ്ഠൻ ഗുരുക്കൾ 2011 ലാണ് ഗൾഫിൽ കളരിപ്പയറ്റ് പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ദുബൈ കരാമയില്‍ കളരി ആരംഭിച്ചത്. ഇപ്പോൾ ഖിസൈസ്, അല്‍ നഹ്ദ, ഷാര്‍ജ തുടങ്ങി യു.എ.ഇയിലെ വിവിധ ഇടങ്ങളിൽ വി.കെ.എം കളരിയുടെ ശാഖകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

