യു.എ.ഇയിൽ സന്ദർശകർക്ക് ഡിജിറ്റൽ ബാങ്ക് അകൗണ്ട് തുടങ്ങാം
text_fieldsദുബൈ: യു.എ.ഇയിലെത്തുന്ന സന്ദർശകർക്ക് നിമിഷ നേരം കൊണ്ട് ഡിജിറ്റൽ ബാങ്ക് അകൗണ്ട് തുറക്കാൻ അവസരമൊരുക്കി യു.എ.ഇ സെൻട്രൽ ബാങ്ക്. ഇതിനായി ‘ടൂറിസ്റ്റ് ഐഡന്‍റിറ്റി’ എന്ന പേരിൽ പുതിയ സംരംഭം പ്രഖ്യാപിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ.സി.പി), അബൂദബി കൊമേഴ്സ്യൽ ബാങ്ക് (എ.ഡി.സി.ബി) എന്നിവരുമായുള്ള സഹകരണത്തിലൂടെയാണ് ലളിതമായ ഡിജിറ്റൽ നടപടികളിലൂടെ വേഗത്തിലും സുരക്ഷിതവുമായി ബാങ്ക് അകൗണ്ട് തുറക്കാൻ സന്ദർശകരെ അനുവദിക്കുകയെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു.
യു.എ.ഇയിൽ വന്നിറങ്ങുന്ന സന്ദർശകർക്ക് ബയോമെട്രിക്, മുഖം തിരിച്ചറിയൽ എന്നീ സംവിധാനങ്ങളിലൂടെ ഐ.സി.പിയാണ് ‘ടൂറിസ്റ്റ് ഐഡന്‍റിറ്റി’ സമ്മാനിക്കുക. ഈ സംരംഭം ഡിജിറ്റൽ ഐഡന്‍റി സിസ്റ്റത്തെ എ.ഡി.സി.ബിയുടെ മൊബൈൽ ബാങ്കിങ് ആപ്ലിക്കേഷനുമായി ബന്ധിപ്പിക്കും. ഇതുവഴി മിനിറ്റുകൾക്കുള്ളിൽ സന്ദർശകർക്ക് ഡിജിറ്റലായി ബാങ്ക് എകൗണ്ട് തുറക്കാനാവും. ഡിജിറ്റൽ ഡെബിറ്റ് കാർഡ് ഉൾപ്പെടെ അത്യാവശ്യ ബാങ്കിങ് സേവനങ്ങൾ എകൗണ്ട് ഉടമകൾക്ക് ഇതുവഴി ലഭ്യമാകും.
നിലവിൽ യു.എ.ഇയിലെത്തുന്ന സന്ദർശകർക്ക് ബാങ്ക് എകൗണ്ട് തുറക്കാൻ അവസരമുണ്ടെങ്കിലും നിരവധി രേഖകൾ സമർപ്പിക്കേണ്ടതിനാൽ നടപടിക്രമങ്ങൾ സങ്കീർണമായിരുന്നു. അതുകൊണ്ടു തന്നെ സന്ദർശകർ ആരും ഇതിനായി ആരും ശ്രമിക്കാറുണ്ടായിരുന്നില്ല. പുതിയ സംരംഭം സങ്കീർണമായ നടപടിക്രമങ്ങളെയെല്ലാം ഡിജിറ്റൽ ഐഡന്‍റിറ്റി അധിഷ്ഠിത മാതൃകയിലേക്ക് മാറ്റും.
ഇത് വിനോദ സഞ്ചാരികൾക്ക് മിനിറ്റുകൾക്കുള്ളിൽ എകൗണ്ട് തുറക്കാൻ അനുവദിക്കുമെന്ന് ബാങ്കിങ് വൃത്തങ്ങൾ വ്യക്തമാക്കി. കാഷ് ഇടപാടുകൾ പരമാവധി കുറക്കുന്നതിനൊപ്പം, സാമ്പത്തികമായ ചേർത്തുപിടിക്കൽ ശക്തിപ്പെടുത്തുകയും ഡിജിറ്റൽ പേയ്മെന്റ് വ്യവസ്ഥകളിലേക്കുള്ള രാജ്യത്തിന്‍റെ മുന്നേറ്റം ത്വരിതപ്പെടുത്തുകയുമാണ് പുതിയ സംരംഭം ലക്ഷ്യമിടുന്നത്.
‘ടൂറിസ്റ്റ് ഐഡന്‍റിറ്റി’, ‘ജയ്വാൻ’ കാർഡ്, ആനി പ്ലാറ്റ്ഫോം തുടങ്ങിയ സംരംഭങ്ങൾ ഉൾപ്പെടെ യു.എ.ഇയുടെ ദേശീയ പേയ്മെന്റ് സംവിധാനങ്ങളുമായി വിനോദ സഞ്ചാരികളെ ബന്ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് സെൻട്രൽ ബങ്കിന്‍റെ ബാങ്കിങ് ഓപറേഷൻസ് ആൻഡ് സപോർട്ട് സർവിസസ് അസി. ഗവർണർ സെയ്ഫ് ഹുമൈദ് അൽ ദാഹിരി പറഞ്ഞു.
കൂടാതെ, സന്ദർശന വിസയിലെത്തുന്നവർക്ക് ബിസിനസ് നടപടികൾ എളുപ്പമാക്കുകയും സംയോജിതവും സുരക്ഷിതവുമായ ബാങ്കിങ് അനുഭവം സമ്മാനിക്കാനും സാധിക്കും. നൂതനമായ തിരിച്ചറിയൽ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് സന്ദർശകർക്ക് തടസ്സമില്ലാതെ സേവനങ്ങൾ നൽകാൻ ഒന്നിലധികം മേഖലകളെ ഈ സംവിധാനം പ്രാപ്തമാക്കുമെന്ന് ഐ.സി.പിയിലെ പൗരത്വ ആക്ടിങ് ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ ജുമാ അൽ ഖൈലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

