യു.എ.ഇയിൽ ട്രാൻസിറ്റ് യാത്രക്കാർക്ക് സന്ദർശക വിസ ഉടൻ
text_fieldsഅബൂദബി: യു.എ.ഇയിലെ എല്ലാ വിമാനത്താവളങ്ങളിലുമെത്തുന്ന ട്രാൻസിറ്റ് യാത്രക്കാർക്ക് രാജ്യത്ത് എവിടെയും സന്ദർശനം നടത്താൻ സാധിക്കുന്ന തരത്തിൽ വിസ അനുവദിക്കാൻ യു.എ.ഇ മന്ത്രിസഭ തീരുമാനിച്ചു. ഇന്ത്യ ഉൾപ്പെടെ 50 രാജ്യങ്ങളിൽനിന്നുള്ളവർക്കാണ് നിലവിൽ ഇത്തരത്തിൽ വിസ അനുവദിക്കുക. യു.എ.ഇയുടെ വിനോദസഞ്ചാര മേഖലയിൽ മുന്നേറ്റം ഉണ്ടാക്കുന്നതാണ് നടപടി. കണക്ഷൻ വിമാനങ്ങൾ കാത്ത് വിമാനത്താവളത്തിൽ യാത്രക്കാരുടെ സമയം പാഴാകുന്നത് ഒഴിവാകുകയും ചെയ്യും.
ഇന്ത്യക്ക് പുറമെ പാകിസ്താൻ, അറബ്^ആഫ്രിക്കൻ^തെക്കേ അമേരിക്കൻ രാജ്യങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ ട്രാൻസിറ്റ് വിസ സൗകര്യം ഉപയോഗപ്പെടുത്താനാവുക. ട്രാൻസിറ്റ് വിസ സംബന്ധിച്ച നയരൂപവത്കരണത്തിനും ഇത് വിനോദസഞ്ചാര മേഖലയിലും സമ്പദ്വ്യവസ്ഥയിലുമുണ്ടാക്കുന്ന ഗുണകരമായ ഫലങ്ങൾ വിലയിരുത്താനും മന്ത്രിസഭ കമ്മിറ്റി ഉണ്ടാക്കിയിട്ടുണ്ട്. മരുഭൂ യാത്രകൾ ഉൾപ്പെടെ ഏകദിന വിനോദസഞ്ചാരങ്ങൾ വർധിക്കുമെന്നതിനാൽ ടൂർ ഒാപറേറ്റർമാർ നടപടിയെ സ്വാഗതം ചെയ്യുകയാണ്. ലൂവർ അബൂദബി, ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക്, ബുർജ് ഖലീഫ, ദുബൈ മാൾ തുടങ്ങിയ പ്രധാന ആകർഷണ കേന്ദ്രങ്ങളിൽ കൂടുതൽ ആളുകളെത്തുമെന്നും പ്രതീക്ഷക്കപ്പെടുന്നു.
അബൂദബിയിലെ വിമാനത്താവളത്തിൽ എത്തുന്ന ട്രാൻസിറ്റ് യാരതക്കാർക്ക് 14 ദിവസത്തെ വിസ അനുവദിക്കുന്ന സംവിധാനം നേരത്തെ തന്നെ നിലവിലുണ്ട്. സോമാലിയ, അഫ്ഗാനിസ്താൻ, ഇറാഖ്, നൈജർ ഒഴികെയുള്ള രാജ്യങ്ങളിലെ യാത്രക്കാർക്ക് നാല് മണിക്കൂർ കഴിഞ്ഞാണ് കണക്ഷൻ വിമാനമെങ്കിലാണ് ഇൗ വിസ അനുവദിക്കുന്നത്. 2017ൽ യു.എ.ഇയിലെ വിമാനത്താവളങ്ങളിലെത്തിയ 70 ശതമാനം പേരും ട്രാൻസിറ്റ് യാത്രക്കാരായിരുന്നു. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ മാത്രം കഴിഞ്ഞ വർഷം 8.9 കോടി യാത്രക്കാരാണെത്തിയത്. ഇതിൽ ഏഴ് കോടിയും ട്രാൻസിറ്റ് യാത്രക്കാരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
