വിസിറ്റ് വിസ ജോലി പെർമിറ്റാക്കുന്നത് പൂർണമായും തടയണം
text_fieldsഎം.പി ഹസൻ ബുഖമ്മാസ്
മനാമ: ബഹ്റൈനിലെ വിസിറ്റ് വിസ ജോലി പെർമിറ്റായി മാറ്റുന്നത് തടയുന്ന നിർദേശത്തിന്റെ മേലുള്ള നിർണായക വോട്ടെടുപ്പിന് പാർലമെന്റ് ചൊവ്വാഴ്ച ഒരുങ്ങുന്നു. പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കാൻ ലക്ഷ്യമിടുന്ന ഈ നിയമ ഭേദഗതി, രാജ്യത്തെ വിസ ചട്ടങ്ങൾ അടിമുടി മാറ്റാൻ സാധ്യതയുണ്ട്. 1965ലെ വിദേശികളുടെ (ഇമിഗ്രേഷൻ ആൻഡ് റെസിഡൻസ്) നിയമത്തിൽ മാറ്റം വരുത്താനുള്ള ഈ നിർദേശം പാർലമെന്റ് ഈ വർഷം ആദ്യം അംഗീകരിച്ചിരുന്നു. എന്നാൽ, ശൂറ കൗൺസിൽ തള്ളിക്കളഞ്ഞതോടെ നിയമം വീണ്ടും പാർലമെന്റിൽ 'ഇൻസിസ്റ്റൻസ് വോട്ടിനായി' തിരിച്ചെത്തിയിരിക്കയാണ്.
പൗരന്മാരുടെ ഇടയിലെ തൊഴിലില്ലായ്മ നിരക്ക് കുറക്കുന്നതിനും അവർക്ക് കൂടുതൽ തൊഴിൽ ലഭ്യത ഉറപ്പാക്കുന്നതിനും ഈ ഭേദഗതി അനിവാര്യമാണെന്ന് എം.പിമാർ പറയുന്നു. നിലവിലുള്ള നിയമങ്ങൾതന്നെ ഈ വിഷയത്തിൽ ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുണ്ടെന്നും, പുതിയ നിയമം ആവശ്യമില്ലെന്നും സർക്കാർ വാദിക്കുന്നു. നിലവിലെ നിയമത്തിലെ (ആർട്ടിക്കിൾ 18) വ്യവസ്ഥകൾ പ്രകാരം, തൊഴിൽ പെർമിറ്റുകൾ നൽകുന്നതിൽ അധികാരികൾക്ക് വിശാലമായ വിവേചനാധികാരമുണ്ടെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. പുതിയ നിയമം നടപ്പാക്കുന്നത് ഈ നിയമപരമായ വിവേചനാധികാരത്തെ കർശനമായി പരിമിതപ്പെടുത്തും എന്നും സർക്കാർ വാദിക്കുന്നു.
വിദേശകാര്യ, പ്രതിരോധ, ദേശീയസുരക്ഷാസമിതി ചെയർമാൻ എം.പി. ഹസൻ ബുഖമ്മാസ് ഈ ഭേദഗതിയെ ശക്തമായി ന്യായീകരിച്ചു. തൊഴിൽവിപണിക്ക് സംരക്ഷണം നൽകാനും വിസ ദുരുപയോഗം ചെയ്യുന്നത് തടയാനും ഈ നിയമം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ജോലി വിസയിൽ അല്ലാതെ രാജ്യത്തേക്ക് പ്രവേശിച്ച് പിന്നീട് തൊഴിൽ തേടുന്നത് തദ്ദേശീയരായ ഉദ്യോഗാർഥികൾക്ക് ജോലി ലഭിക്കുന്നതിൽ വെല്ലുവിളിയാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർലമെന്റ് അവരുടെ മുൻ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ, ഈ ബിൽ അന്തിമ തീരുമാനത്തിനായി ദേശീയ അസംബ്ലിയുടെ സംയുക്ത സമ്മേളനത്തിലേക്ക് അയക്കും. ചൊവ്വാഴ്ച നടക്കുന്ന വോട്ടെടുപ്പിൽ, തങ്ങളുടെ മുൻ നിലപാട് നിലനിർത്തിക്കൊണ്ട് നിയമത്തെ മുന്നോട്ട് കൊണ്ടുപോകണോ എന്ന് എം.പിമാർ തീരുമാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

