മുന്നറിയിപ്പില്ലാതെ ഓഫീസ് പരിശോധന; പെൻഷൻ അതോറിറ്റിക്ക് അനുമതി
text_fieldsദുബൈ: പ്രത്യേകിച്ച് മുന്നറിയിപ്പ് നൽകാതെ ഓഫിസുകളിലെത്തി പരിശോധനക്ക് ജനറൽ പെൻഷൻ ആൻഡ് സോഷ്യൽ സെക്യൂരിറ്റി അതോറിറ്റി(ജി.പി.എസ്.എസ്.എ) ഇൻസ്പെക്ടർമാർക്ക് അനുമതി.
പെൻഷൻ, സാമൂഹിക സുരക്ഷ നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് ജീവനക്കാർ പ്രവർത്തിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനാണ് തീരുമാനം എടുത്തിട്ടുള്ളത്. തൊഴിലുടമയുടെ ഓഫിസിൽ മുൻകൂർ അറിയിപ്പ് കൂടാതെ പ്രവേശിക്കാൻ ഇൻസ്പെക്ടർമാർക്ക് അവകാശമുണ്ടെന്ന് അതോറിറ്റിതന്നെയാണ് വ്യക്തമാക്കിയിട്ടുള്ളത്.
പരിശോധനയിൽ തെറ്റായ രീതികൾ ശ്രദ്ധയിൽപെട്ടാൽ അതോറിറ്റി ഇടപെട്ട് തിരുത്തലുകൾ വരുത്തും. പെൻഷൻ നിയമത്തിലെ വ്യവസ്ഥകൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഫയലുകളും രേഖകളും ഇൻസ്പെക്ടർമാർക്ക് കാണാനും പരിശോധിക്കാനും കഴിയും. സ്ഥാപനത്തിലെ ഇമാറാത്തി ജീവനക്കാർ അവരുടെ തൊഴിൽ തീയതി മുതൽ ഒരു മാസത്തിനുള്ളിൽ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്യും.
ഇമാറാത്തി ജീവനക്കാരുടെ തെറ്റായ കണക്കുകള്‍ നല്‍കുകയോ ശമ്പളവിഹിതമായ പെന്ഷന് തുക അടക്കുന്നതില്‍ വീഴ്ചവരുത്തുകയോ ചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ പിഴയുള്‍പ്പെടെയുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്ന് നേരത്തേ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. സ്ഥാപന ഉടമക്ക് തടവ് ശിക്ഷയും ലഭിക്കും.
ജി.പി.എസ്.എസ്.എയില്‍ ഇമാറാത്തി ജീവനക്കാരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ ഓരോ ജീവനക്കാരുടെ എണ്ണത്തിനും തൊഴിലുടമക്ക് പിഴ ചുമത്തും. 5000 ദിര്‍ഹമാണ് ഒരു ജീവനക്കാരന്റെ പേരില്‍ ഉടമ പിഴ അടക്കേണ്ടിവരുക. ജീവനക്കാരന് ജോലി തുടങ്ങിയ സമയം മുതലുള്ള കുടിശ്ശിക പണം തൊഴിലുടമയെക്കൊണ്ട് അടപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഓരോ മാസവും 15ാം തീയതിക്കുള്ളിൽ ജീവനക്കാരുടെ ശമ്പള വിഹിതം അടക്കണമെന്നാണ് പെന്ഷന് ആന്‍ഡ് സോഷ്യല്‍ സെക്യൂരിറ്റി നിയമം അനുശാസിക്കുന്നത്. മാസംതോറുമുള്ള പെന്ഷന് വിഹിതം തിരിച്ചുകിട്ടുന്നതല്ല. ഇതിനാല്‍ വിഹിതം അടക്കുന്നതില്‍ വരുന്ന കാലതാമസത്തിന് കമ്പനിയുടമ പെന്ഷന് വിഹിതത്തിന്റെ 0.1ശതമാനം അധികമായി കെട്ടണം.
അബൂദബിയിലും ഷാർജയിലും ഒഴികെ ഫെഡറൽ, സർക്കാർ മേഖലകളിൽ ജോലിചെയ്യുന്ന ഇമാറാത്തികൾ, അബൂദബിയിൽ ഒഴികെ സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്ന പൗരന്മാർ എന്നിവരാണ് ഇൻഷുറൻസ് കവറേജ് ചട്ടക്കൂടിനുള്ളിൽ വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

