വിഷുവിനെ വരവേൽക്കാൻ പച്ചക്കറിമേളം
text_fieldsഷാർജ: കേരളത്തിെൻറ കാർഷികാഘോഷത്തെ വരവേൽക്കാൻ പ്രവാസ മലയാളം കസവുടയാട ചുറ്റി ഒരുങ്ങി. പടക്കവും വിഷുപക്ഷിയും ഒഴിച്ചുള്ള എല്ലാവിധ സാധന–സാമഗ്രികളും വിപണികളിൽ നിരന്ന് കഴിഞ്ഞു. കണി ഒരുക്കാനുള്ള ഓട്ടുരുളി മുതൽ സദ്യ വിളമ്പാനുള്ള ഇല വരെ കേരളത്തിലും തമിഴ്നാട്ടിലും നിന്നാണ് വിപണികളിൽ എത്തിയിരിക്കുന്നത്. കച്ചവട സ്ഥാപനങ്ങൾ വിഷു പ്രമാണിച്ച് വൻ ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വസ്ത്രങ്ങൾ മുതൽ ഭക്ഷണ സാധനങ്ങൾ വരെ വിലകുറവുണ്ട്. ഓണം നെൽകൃഷിയുമായി അടുത്ത് നിൽക്കുന്നതെങ്കിൽ വിഷു വേനൽകാല പച്ചക്കറികളുടെ തോഴനാണ്. വരിക്ക ചക്കയും വിഷുമായി അടുത്ത ബന്ധമാണ്.
ചക്കയില്ലാതെ വിഷുവില്ല എന്നാണ് ചൊല്ല്. വിഷുവിനാകട്ടെ ചക്കയെ പനം എന്ന് മാത്രമെ വിളിക്കാവു എന്നൊരു ജൈവീകമായ രീതിയും കേരളത്തിലുണ്ട്. വിഷുവും ചക്കയും തമ്മിലുള്ള ബന്ധം മനസിലാക്കി സ്ഥാപനങ്ങൾ വരിക്ക ചക്ക യഥേഷ്ടം എത്തിച്ചിട്ടുണ്ട്. കേരളത്തിെൻറ സ്വന്തം പഴമായി മാറിയതോടെ വിലയിലും അത് പ്രകടമാണ്. വിഷു വിഭവങ്ങളിൽ ചക്ക എരിശ്ശേരി, ചക്ക വറുത്തത് തുടങ്ങിയ വിഭവങ്ങൾ ഉണ്ടായിരിക്കണം. എരിശ്ശേരിയിൽ ചക്കയുടെ എല്ലാ ഭാഗങ്ങളും ചേർത്തിരിക്കണമെന്നാണ് സദ്യാ ശാസ്ത്രം. ഒരു മുഴുവൻ ചക്കച്ചുള, തൊലിയോട് കൂടിയ ചക്കക്കുരു, ചക്കയുടെ കൂഞ്ഞ്, ചക്ക മടൽ, ചക്കയുടെ ഏറ്റവും പുറത്തേ മുള്ള് എന്നിവയും എരിശ്ശേരിയിൽ ചേർത്തിരിക്കും.
വള്ളുവനാട് പ്രദേശങ്ങളിൽ വിഷു ദിവസം കഞ്ഞി സദ്യയായിരിക്കും പ്രധാനം. വാഴപ്പോള വൃത്താകൃതിയിൽ ചുരുട്ടി അതിൽ വാഴയില വച്ച് പഴുത്ത പ്ലാവിലകൊണ്ടാണ് തേങ്ങ ചിരകിയിട്ട് കഞ്ഞി കുടിക്കുന്നത്. ഇതിനു കൂടെ കഴിക്കാൻ ചക്ക എരിശ്ശേരിയും ചക്ക വറുത്തതും ഉണ്ടായിരിക്കും. മറ്റിടങ്ങളിലും കഞ്ഞി സദ്യ കാണാറുണ്ടെങ്കിലും ഓണ സദ്യ പോലെ വിഷു സദ്യയും ഒരുക്കുന്നതിനാണ് മുൻ തൂക്കം. കേരളത്തിെൻറ സംസ്ഥാന പുഷ്പമായ കണികൊന്ന പ്രവാസ മണ്ണിലും ധാരാളമായി പൂത്തിട്ടുണ്ട്. പലതും പൂക്കാനുള്ള തയ്യാറെടുപ്പിലുമാണ്. ഉയരം വെക്കാത്ത കൊന്നമരങ്ങളാണ് ഇവിടെ കാണപ്പെടുന്നത്. ദുബൈയിൽ ധാരാളം കൊന്ന മരങ്ങളുണ്ട്. മണ്ണാത്തിപുള്ളുകളെ വേനൽകാലത്ത് ഇതിൽ കാണാം. എന്നാൽ നാണം കുണുങ്ങിയായ വിഷുപക്ഷിയെ ഈ പ്രദേശങ്ങളിൽ കാണാറില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
