Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതൊഴിൽ അന്വേഷകർക്ക്...

തൊഴിൽ അന്വേഷകർക്ക് വിസ; പ്രവാസികൾക്ക് തുണയാകും

text_fields
bookmark_border
തൊഴിൽ അന്വേഷകർക്ക് വിസ; പ്രവാസികൾക്ക് തുണയാകും
cancel
Listen to this Article

ദുബൈ: തൊഴിൽ അന്വേഷിക്കുന്നവർക്കായി യു.എ.ഇ പ്രഖ്യാപിച്ച പുതിയ വിസ പ്രവാസികൾക്ക് തുണയാകും. തൊഴിൽ തട്ടിപ്പ് ഒഴിവാക്കാനും ജോലി അന്വേഷിച്ചെത്തുന്നവരുടെ സന്ദർശനം നിയമപരമാക്കാനും ഇത് ഉപകരിക്കും. എത്രപേർ ജോലി അന്വേഷിച്ചെത്തുന്നു എന്നതിന്‍റെ കണക്ക് യു.എ.ഇ അധികൃതർക്ക് ലഭിക്കാനും ഇത് ഗുണം ചെയ്യും. പുതിയ വിസകൾ സെപ്റ്റംബർ മുതൽ യാഥാർഥ്യമാകും. നിലവിൽ ടൂറിസ്റ്റ് വിസയിലാണ് തൊഴിൽ അന്വേഷകരെത്തുന്നത്. ടൂറിസ്റ്റ് വിസയിലെത്തുന്നവർക്ക് ജോലി ചെയ്യുന്നതിനോ അന്വേഷിക്കുന്നതിനോ നിയമപരമായ പരിമിതികളുണ്ട്. ഇത് മുതലെടുത്താണ് തൊഴിൽ തട്ടിപ്പുകാർ ആളുകളെ ടൂറിസ്റ്റ് വിസയിൽ എത്തിക്കുന്നത്. എന്നാൽ, തൊഴിൽ അന്വേഷകർക്കായി പ്രത്യേക വിസ യാഥാർഥ്യമാകുന്നതോടെ യു.എ.ഇയിലെ ഇവരുടെ താമസവും ജോലി അന്വേഷണവും നിയമപരമാകും. തട്ടിപ്പ് നടത്തുന്നവർക്കെതിരെ നിയമപരമായി നീങ്ങാനും ഇവർക്ക് കഴിയും.

യു.എ.ഇയിലെ സ്ഥാപനങ്ങളിൽ 76 ശതമാനവും ഈ വർഷത്തോടെ കൂടുതൽ ജോലിക്കാരെ നിയമിക്കുമെന്നാണ് സർവേ. ഈ സാഹചര്യത്തിൽ കൂടുതൽ പ്രവാസികൾ ജോലി തേടിയെത്താൻ സാധ്യതയുണ്ട്. ജർമനി ഉൾപ്പെടെയുള്ള ചില രാജ്യങ്ങളിൽ ജോലി അന്വേഷകർക്കായുള്ള ഇത്തരം വിസകൾ നൽകുന്നുണ്ട്. അതേസമയം, വിസയുടെ കാലാവധി എത്രയാണെന്ന് പ്രഖ്യാപിച്ചിട്ടില്ല. വീണ്ടും ദീർഘിപ്പിക്കാവുന്ന രീതിയിൽ മൂന്ന് മാസത്തെ വിസ നൽകാനാണ് സാധ്യത. താൽക്കാലിക ജോലിക്കായുള്ള വിസകളും ഏറെ പേർക്ക് ഉപകരിക്കും. ചില പ്രോജക്ടുകൾ പൂർത്തിയാക്കുന്നതിന് നിശ്ചിത കാലത്തേക്ക് യു.എ.ഇയിൽ വന്ന് പേകാൻ ഈ വിസ വഴിയൊരുക്കും. സ്പോൺസറോ തൊഴിലുടമയോ ഇല്ലാതെ അഞ്ച് വർഷം വരെ ജോലി ചെയ്യാവുന്ന ഗ്രീൻ വിസയാണ് ഏറെ ഉപകരിക്കുന്നത്.

സ്വയം തൊഴിൽ, ഫ്രീലാൻസ് ജോലികൾ, വിദ്ഗധ തൊഴിലാളികൾ തുടങ്ങിയവർക്കാണ് ഈ വിസ നൽകുക. വിദഗ്ധ തൊഴിലാളികൾക്ക് കുറഞ്ഞത് ബിരുദം ആവശ്യമാണ്. മാസം കുറഞ്ഞത് 15,000 ദിർഹം ശമ്പളം വേണം. യു.എ.ഇയിൽ ഏതെങ്കിലും സ്ഥാപനവുമായി തൊഴിൽ കരാറുണ്ടായിരിക്കണം. തൊഴിൽ മന്ത്രാലയത്തിൽ നിന്ന് സ്വയം തൊഴിൽ അനുമതി നേടണം. ഡിഗ്രിയോ ഡിപ്ലോമയോ വേണം. മുൻവർഷം കുറഞ്ഞത് 3,60,000 ദിർഹം വരുമാനമുണ്ടാക്കിയിരിക്കണം. ചികിത്സ, വിനോദ സഞ്ചാരം, ബന്ധുക്കളെ സന്ദർശിക്കൽ, ബിസിനസ് അന്വേഷണം, വിദ്യാഭ്യാസം, പരിശീലനം, അടിയന്തര ആവശ്യങ്ങൾ, മറ്റ് ജി.സി.സിയിലെ താമസക്കാർ എന്നിവക്കുള്ള വിസയും പ്രവാസികൾക്ക് ഗുണം ചെയ്യും. വിസ എടുത്ത് 30 ദിവസത്തിനുള്ളിൽ രാജ്യത്ത് പ്രവേശിക്കണമെന്ന നിബന്ധന 60 ദിവസമായി ഉയർത്തിയിട്ടുണ്ട്.

വിസ ആനുകൂല്യങ്ങൾ കുടുംബങ്ങളെ ആകർഷിക്കും

ദുബൈ: യു.എ.ഇയുടെ പുതിയ വിസ ആനുകൂല്യങ്ങൾ കൂടുതൽ കുടുംബങ്ങളെ ആകർഷിക്കും. കുടുംബവുമൊത്ത് യു.എ.ഇയിൽ കഴിയാൻ ആഗ്രഹിക്കുന്നവരെ തുണക്കുന്ന രീതിയിലാണ് പുതിയ വിസകൾ നടപ്പാക്കുന്നത്. 10 വർഷത്തെ ഗോൾഡൻ വിസയുള്ളവർക്ക് പ്രായപരിധിയില്ലാതെ മക്കളെ സ്പോൺസർ ചെയ്യാം. ഇവർക്ക് എത്ര പേരെ വേണമെങ്കിലും വീട്ടുജോലിക്ക് നിയമിക്കാം. ഗോൾഡൻ വിസക്കാർ എത്രകാലം യു.എ.ഇക്ക് പുറത്ത് താമസിച്ചാലും വിസ റദ്ദാവില്ല. ഗോൾഡൻ വിസ ഉടമകൾ മരിച്ചാൽ മക്കൾക്കും കുടുംബത്തിനും പത്തുവർഷത്തെ വിസ കാലാവധി തീരുന്നത് വരെ യു.എ.ഇയിൽ തുടരാം. ഗ്രീൻ വിസക്കാർക്ക് ആൺമക്കളെ 25 വയസ്സ് വരെ സ്പോൺസർ ചെയ്യാം. പെൺകുട്ടികൾ അവിവാഹിതരാണെങ്കിൽ എത്രപ്രായം വരെയും സ്പോൺസർ ചെയ്യാൻ അനുമതി നൽകും.

ഭർത്താവ് മരിച്ച യു.എ.ഇ റസിഡന്റ് വിസക്കാരായ വനിതകൾക്ക് മക്കളുണ്ടെങ്കിൽ മാനുഷിക പരിഗണനയിൽ അഞ്ചുവർഷത്തെ ഗ്രീൻവിസ നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സ്പോൺസർ ആവശ്യമില്ലാത്ത അഞ്ച് വർഷം വരെ കാലാവധിയുള്ള ഗ്രീൻവിസ, അഞ്ചുവർഷത്തിനിടെ പലതവണ യു.എ.ഇ സന്ദർശിക്കാൻ അവസരം നൽകുന്ന വിസിറ്റ് വിസ തുടങ്ങിയവയും കൂടുതൽ സന്ദർശകരെ ആകർഷിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiVisas for job seekerseffect from September
News Summary - Visas for job seekers will come into effect in September
Next Story