യു.എ.ഇ പൗരന്മാർക്ക് സെനഗലിൽ വിസ ഇളവ്
text_fieldsഅബൂദബി: യു.എ.ഇ പൗരന്മാർക്ക് വിസയില്ലാതെ സെനഗലിലേക്ക് പോകാവുന്ന കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. നയതന്ത്ര പാസ്പോർട്ടുള്ള സെനഗലുകാർക്ക് യു.എ.ഇയിലേക്കും വിസയില്ലാതെ വരാം. യു.എ.ഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാനും സെനഗൽ വിദേശകാര്യ മന്ത്രി സിദ്ദീഖി കാബയുമാണ് ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.
സിദ്ദീഖി കാബയുടെ യു.എ.ഇ സന്ദർശനത്തെ സ്വാഗതം ചെയ്ത ശൈഖ് അബ്ദുല്ല ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള യു.എ.ഇയുടെ ആഗ്രഹവും പ്രകടിപ്പിച്ചു. യു.എ.ഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിൽ നടന്ന ചർച്ചയിൽ പ്രാദേശികവും അന്താരാഷ്ട്ര തലത്തിലുള്ളതുമായി നിരവധി വിഷയങ്ങൾ ഇരു രാജ്യങ്ങളും ചർച്ച ചെയ്തു. വിസ ഇളവ് ധാരണ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുമെന്ന് ശൈഖ് അബ്ദുല്ല പറഞ്ഞു. യു.എ.ഇയുമായുള്ള ബന്ധം ശക്തിപ്പെുടത്തുന്നതിൽ സെഗനലിനുള്ള താൽപര്യം സിദ്ദീഖി കാബ എടുത്തുപറഞ്ഞു. അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിൻത് ഇബ്രാഹിം ആൽ ഹാഷിമിയും ചർച്ചയിൽ പെങ്കടുത്തു.