വിസ-പാസ്പോർട്ട് സേവനം: രാജ്യത്ത് 16 കേന്ദ്രങ്ങൾ
text_fieldsദുബൈ: യു.എ.ഇയിലെ ഇന്ത്യൻ പാസ്പോർട്ട്, വിസ എന്നിവ ഉൾപ്പെടെ വിവിധ കോൺസുലർ സേവനങ്ങൾ നൽകുന്ന 16 കേന്ദ്രങ്ങൾ എവിടെയെല്ലാമെന്ന് വ്യക്തമാക്കി അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ്. രാജ്യത്തെ ഇന്ത്യൻ പ്രവാസികൾക്കുള്ള വിസ-പാസ്പോർട്ട് സേവനം ലഭ്യമാക്കുന്നതിനുള്ള കരാർ കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ട്രാവൽ സേവന ദാതാക്കളായ അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിനാണ് ലഭിച്ചത്. ജൂലൈ ഒന്നു മുതൽ യു.എ.ഇയിലെ ഇന്ത്യക്കാർക്ക് പാസ്പോർട്ട്, ക്ലിയറൻസ് സർട്ടിഫിക്കറ്റ്, വിവിധ അറ്റസ്റ്റേഷൻ സേവനങ്ങൾ എന്നിവ ലഭ്യമാക്കുക ഇനി അൽഹിന്ദ് സേവനകേന്ദ്രങ്ങൾ വഴിയാകും.
16 കേന്ദ്രങ്ങൾ ഏതൊക്കെയെന്ന് അൽഹിന്ദിന്‍റെ ഓപറേഷൻസ് മാനേജർ അരുൺ രാധാകൃഷ്ണൻ വിശദീകരിച്ചു. അൽ ഖാലിദിയ, അൽ റീം ഐലൻഡ്, മുസഫ, മദിനത് സായിദ്, ഗയാത്തി, അൽഐൻ എന്നിങ്ങനെ അബൂദബിയിൽ മാത്രം ആറ് കേന്ദ്രങ്ങളുണ്ട്. ബർ ദുബൈ, ദുബൈ ഇൻവെസ്റ്റ്‌മെന്‍റ് പാർക്ക് എന്നിങ്ങനെ ദുബൈയിൽ രണ്ട് കേന്ദ്രങ്ങളുണ്ടാകും. ഷാർജയിൽ അൽ മജാസ്, റോള എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങൾ. ബാക്കിയുള്ള കേന്ദ്രങ്ങൾ അജ്മാൻ (അൽ ജർഫ്), ഫുജൈറ, ഉമ്മുൽ ഖുവൈൻ, ഖോർഫക്കാൻ (കോർണിഷ്), കൽബ, റാസൽഖൈമ എന്നിവിടങ്ങളിലായിരിക്കും.
വിസ-പാസ്പോർട്ട് സേവനം ലഭ്യമാക്കുന്നത് സംബന്ധിച്ച ലെറ്റർ ഓഫ് ഇന്‍റൻഡ് ഇന്ത്യൻ എംബസിയിൽ നിന്ന് കൈപ്പറ്റിയതായി കമ്പനി വൃത്തങ്ങൾ നേരത്തേ അറിയിച്ചിരുന്നു. പുതിയ സേവനദാതാക്കളെ കണ്ടെത്താൻ നടത്തിയ ടെൻഡറിൽ ഏറ്റവും കുറഞ്ഞ സേവനനിരക്ക് ഈടാക്കുന്ന സ്ഥാപനം എന്ന നിലയിലാണ് അൽഹിന്ദിനെ തെരഞ്ഞെടുത്തത്. 23 കമ്പനികൾ പങ്കെടുത്ത ടെൻഡറിൽ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്തത് അൽഹിന്ദ് ആയിരുന്നു. അന്തിമ പട്ടികയിലെ അവസാന നാലിൽ നിന്നാണ് അൽഹിന്ദിനെ തെരഞ്ഞെടുത്തത്. യു.എ.ഇയിലെ 43 ലക്ഷത്തിലധികം വരുന്ന ഇന്ത്യൻ സമൂഹത്തിനും ഇന്ത്യ സന്ദർശിക്കുന്ന വിദേശികൾക്കുമുള്ള പാസ്‌പോർട്ട്, വിസ, മറ്റ് കോൺസുലാർ സേവനങ്ങൾ എന്നിവ അൽഹിന്ദ് ഔദ്യോഗികമായി ഏറ്റെടുക്കും. ഇന്ത്യയിലേക്കുള്ള വിസ സേവനങ്ങൾക്ക് അപേക്ഷ സമർപ്പിക്കേണ്ടതും ഈ കേന്ദ്രങ്ങൾ വഴിയാണ്. അബൂദബിയിലെ ഇന്ത്യൻ എംബസി, ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് എന്നിവയുടെ പാസ്പോർട്ട്, വിസ, കോൺസുലാർ സേവനങ്ങളാണ് ഇവർ ഏറ്റെടുക്കുക. 2011 മുതൽ ഈ കരാർ കൈവശം വച്ചിരുന്ന ബി.എൽ.എസ് ഇന്‍റർനാഷനലിന് പകരമായാണ് അൽഹിന്ദ് വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

