യു.എ.ഇ പൗരൻമാർക്ക് ഇന്ത്യയിൽ ഓൺ അറൈവൽ വിസ; കൊച്ചി, കോഴിക്കോട് എയർപോർട്ടിലും സൗകര്യം
text_fieldsപ്രതീകാത്മക ചിത്രം
ദുബൈ: യു.എ.ഇ പൗരൻമാർക്ക് ഇന്ത്യയിലേക്ക് ഇനി മുൻകൂർ വിസയില്ലാതെ യാത്ര ചെയ്യാം. കൊച്ചി, കോഴിക്കോട് ഉൾപ്പെടെ ഒമ്പത് എയർപോർട്ടുകളിൽ ഇമറാത്തികൾക്ക് ‘ഓൺ അറൈവൽ വിസ’ സൗകര്യം ഏർപ്പെടുത്തി. 60 ദിവസം വരെ ഇന്ത്യയിൽ തങ്ങാൻ യു.എ.ഇ പൗരൻമാർക്ക് അനുമതി ലഭിക്കും. നേരത്തേ മുൻകൂറായി അപേക്ഷിച്ചാൽ ലഭിക്കുന്ന ഇ-വിസയോ, പേപ്പർവിസയോ കൈവശമുണ്ടെങ്കിൽ മാത്രമാണ് യു.എ.ഇ പൗരൻമാർക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ കഴിഞ്ഞിരുന്നത്. ഇനി മുതൽ ഇന്ത്യയിലെ ഒമ്പത് വിമാനത്താവളങ്ങളിലേക്ക് മുൻകൂർ വിസയില്ലാത്തെ ഇമറാത്തികൾക്ക് യാത്ര ചെയ്യാം.
കൊച്ചി, കോഴിക്കോട് എന്നിവക്ക് പുറമേ, ന്യൂഡൽഹി, മുംബൈ, കൊൽകൊത്ത, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ് വിമാനത്താവളങ്ങളിലാണ് പുതിയ സൗകര്യം ഏർപ്പെടുത്തിയത്.
ഇന്ത്യയിൽ ഇറങ്ങിയ ശേഷം Indian Visa Su-Swagatam മൊബൈൽ ആപ്ലിക്കേഷനിലോ, https://indianvisaonline.gov.in/earrival/ എന്ന വെബ്സൈറ്റിലോ ഫോറം പൂരിപ്പിച്ച് നൽകണം. 2000 രൂപയാണ് വിസാ ഫീസ്. 60 ദിവസം വരെ വിനോദസഞ്ചാരം, സമ്മേളനം, ചികിൽസ, ബിസിനസ് തുടങ്ങിയ ആവശ്യങ്ങൾക്ക് ഇന്ത്യയിൽ തങ്ങാൻ അനുമതി ലഭിക്കും. എന്നാൽ, യു.എ.ഇ സ്വദേശിയുടെ മുത്തച്ഛനോ, മുത്തശ്ശിയോ പാകിസ്താൻ പൗർമാരോ, സ്ഥിരതാമസക്കാരോ ആണെങ്കിൽ ഓൺ എറൈവൽ വിസ ലഭിക്കില്ല. അവർ അബൂദബി എംബസി, ദുബൈ ഇന്ത്യൻ കോൺസുലേറ്റ് എന്നിവ വഴി പേപ്പർവിസ ലഭിച്ചതിന് ശേഷം മാത്രമേ ഇന്ത്യയിലേക്ക് പുറപ്പെടാൻ പാടുള്ളൂ. ഇന്ത്യയിലേക്ക് ആദ്യമായി യാത്രചെയ്യുന്ന യു.എ.ഇ പൗരൻമാർ ഓൺ അറൈവൽ വിസക്ക് പകരം ഇ വിസക്ക് അപേക്ഷിക്കുന്നതാണ് അഭികാമ്യമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. പിന്നീടുള്ള യാത്രക്ക് ഓൺ അറൈവൽ സൗകര്യം ഉപയോഗിക്കാം. അപേക്ഷകരുടെ പാസ്പോർട്ടിന് ചുരുങ്ങിയത് ആറുമാസത്തെ കാലാവധി ഉണ്ടായിരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

