സന്ദർശക വിസയിൽ ജോലി: വഞ്ചിതരായ മലയാളികൾ നാട്ടിലേക്ക് മടങ്ങി
text_fieldsയു.എ.ഇയിലെത്തിയ മലയാളി യുവാക്കള്‍ ദുരിത ജീവിതം റാക് ഇന്ത്യന്‍ അസോസിയേഷന്
പ്രതിനിധികളോട് വിശദീകരിക്കുന്നു
റാസല്‍ഖൈമ: ഏജന്റിന്റെ ചതിയിലകപ്പെട്ട മലയാളി യുവാക്കള്‍ യു.എ.ഇയില്‍ ജോലി ലഭിക്കാതെ നാട്ടിലേക്ക് മടങ്ങി. പത്തനംതിട്ട സ്വദേശികളായ ഷിനോ, വൈഷ്ണു, വിഷ്ണു, മലപ്പുറം സ്വദേശി ഫൈസല്‍ എന്നിവരാണ് രണ്ടു മാസത്തെ ദുരിത ജീവിതത്തിനൊടുവിൽ നാടണഞ്ഞത്.
യു.എ.ഇയിൽ ഷിപ്പിങ് കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് തൃശൂര്‍ ചാവക്കാട് കേന്ദ്രമായുള്ള ഏജന്റ് ഇവരിൽനിന്നും 1,35,000 രൂപ വീതം വിസക്കായി വാങ്ങിയിരുന്നതായി യുവാക്കള്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. തുടർന്ന് യു.എ.ഇയിലെത്തിയ ഇവരെ ഏജന്റ് പ്രതിനിധി വിമാനത്താവളത്തിൽ സ്വീകരിക്കുകയും താമസ സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍, താമസ സ്ഥലത്ത് വൈദ്യുതിയും വെള്ളവും ഭക്ഷണവും ഉണ്ടായിരുന്നില്ല.
സമീപത്തെ ഹോട്ടൽ ജീവനക്കാരനാണ് പലപ്പോഴും ഭക്ഷണം നല്‍കിയത്. ഇന്റര്‍വ്യൂവിനെന്ന് പറഞ്ഞ് ഏജന്റ് പ്രതിനിധി ഷിപ്പിങ് കമ്പനിയില്‍ കൊണ്ടുപോയെങ്കിലും ഡിപ്ലോമയും ഡിഗ്രിയുമെല്ലാമുള്ള തങ്ങളില്‍ ഒരാള്‍ക്കും ഏജന്റ് വാഗ്ദാനം ചെയ്ത ജോലി ലഭിച്ചില്ല. വിസക്ക് കാലാവധിയുണ്ടെന്നും വേറെ ജോലി ശരിയാകുമെന്നും വിശ്വസിപ്പിച്ച് പ്രതിനിധി പല സ്ഥലങ്ങളിലും കൊണ്ടുപോയെങ്കിലും എവിടെയും ജോലി ലഭിച്ചില്ല.
നാട്ടിലേക്ക് പോകാന്‍ ടിക്കറ്റ് ആവശ്യപ്പെട്ടപ്പോള്‍ ആദ്യം നിരുത്തരവാദപരമായ മറുപടിയാണ് ഏജന്റില്‍നിന്നും പ്രതിനിധിയില്‍നിന്നും ലഭിച്ചതെന്നും യുവാക്കള്‍ പറഞ്ഞു. പിന്നീട് ഇന്ത്യന്‍ അസോസിയേഷന് ഇടപെട്ടതോടെയാണ് നാട്ടിലേക്കുള്ള ടിക്കറ്റ് നൽകിയത്. ബൈക്ക് വിറ്റും വായ്പയെടുത്തും സംഘടിപ്പിച്ച പണം ഏജന്റിന് നല്കി യു.എ.ഇയിലെത്തിയ തങ്ങള്‍ അനുഭവിച്ച ദുരിതം മറ്റൊരാള്ക്കുമുണ്ടാകരുതെന്നും യുവാക്കള്‍ തുടര്‍ന്നു.
പണം നല്‍കുന്നതിന് മുമ്പ് കൃത്യമായ കരാര്‍ ഉണ്ടാക്കാതിരുന്നതാണ് യുവാക്കള്‍ക്ക് വിനയായതെന്ന് റാക് ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് എസ്.എ. സലീമിന്റെ നിർദേശപ്രകാരം വിഷയത്തിലിടപെട്ട സാമൂഹിക പ്രവര്‍ത്തകരായ നാസര്‍ അല്‍മഹ, കിഷോര്‍ എന്നിവര്‍ പറഞ്ഞു. അംഗീകൃത ഏജന്റായാലും പണവും പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകളും കൈമാറുമ്പോള്‍ കൃത്യമായ കരാര്‍ ഉണ്ടാക്കണം. വഞ്ചകരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കരാറുകള്‍ സഹായിക്കുമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

