179 ദിർഹമിന് ഇന്ത്യയിലേക്ക് യാത്ര; അനുമതിക്കായി ശ്രമിക്കുന്നുവെന്ന് വിസ് എയർ
text_fieldsദുബൈ: പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ ചെലവിൽ സർവിസ് നടത്തുന്ന വിസ് എയർ ഇന്ത്യൻ നഗരങ്ങളിലേക്ക് പറക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. ഇന്ത്യൻ സർക്കാറിന്റെ അനുമതി ലഭിച്ചാൽ സർവിസിന് സന്നദ്ധമാണെന്ന് അബൂദബി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിസ് എയർ മാനേജിങ് ഡയറക്ടർ ജൊഹാൻ എയ്ദഗൺ പറഞ്ഞു. ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിന്റെ ഭാഗമായി ‘ഖലീജ് ടൈംസിന്’ നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
179 ദിർഹമിന് അബൂദബിയിൽനിന്ന് യൂറോപ്യൻ നഗരങ്ങളിലേക്കും മദീനയിലേക്കും സർവിസ് നടത്തുന്ന എയർലൈനാണ് വിസ് എയർ. ഇന്ത്യയിലെ ഏതെങ്കിലും പ്രധാന നഗരത്തിലേക്കാണ് ആദ്യ ഘട്ടത്തിൽ സർവിസിനായി ശ്രമിക്കുന്നത്. നിരവധി വിനോദസഞ്ചാരികൾ എത്തുന്ന ഇന്ത്യയുടെ മാർക്കറ്റാണ് വിസ് എയറിനെ ആകർഷിക്കുന്ന ഘടകം.
പാകിസ്താനിലേക്കും സമാനമായ സർവിസ് നടത്താൻ വിസ് എയറിന് പദ്ധതിയുണ്ട്. നിലവിൽ എട്ട് എയർക്രാഫ്റ്റുകളാണ് വിസ് എയറിനായി സർവിസ് നടത്തുന്നത്. ഈ വർഷം ഇത് ഇരട്ടിയാക്കാൻ കമ്പനി ലക്ഷ്യമിടുന്നു. കഴിഞ്ഞ വർഷം 12 ലക്ഷം യാത്രക്കാരുമായി സർവിസ് നടത്തിയ വിസ് എയർ ഈ വർഷം ഇത് 20 ലക്ഷത്തിലെത്തിക്കാനും ലക്ഷ്യമിടുന്നു.
അതേസമയം, ഇന്ത്യൻ വ്യോമയാന അധികൃതർ അനുമതി നൽകുമോ എന്നത് ഇപ്പോഴും വ്യക്തമല്ല. യു.എ.ഇയിലെ എയർലൈൻ കമ്പനികൾ ഇന്ത്യയിലേക്ക് കൂടുതൽ സർവിസ് നടത്താൻ സന്നദ്ധമാണെന്നറിയിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തെഴുതിയിരുന്നു. എന്നാൽ, അനുമതി നൽകാൻ കഴിയില്ലെന്നാണ് കേന്ദ്രം നിലപാട് അറിയിച്ചത്. ഇന്ത്യയിലെ സ്വകാര്യ വിമാന കമ്പനികളെ സഹായിക്കാനാണ് കേന്ദ്രത്തിന്റെ നീക്കമെന്ന് ആക്ഷേപമുയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

