ദുബൈയിൽ വെർച്വൽ ട്രാക്ക് സൈക്ലിങ് റേസ് സംഘടിപ്പിച്ചു
text_fieldsജി.ഡി.ആർ.എഫ്.എ ദുബൈ സംഘടിപ്പിച്ച വെർച്വൽ ട്രാക്ക് സൈക്ലിങ് മത്സരം വിലയിരുത്തുന്ന ലഫ്. ജനറൽ മുഹമ്മദ് അൽ മർറി
ദുബൈ: ജീവനക്കാരിൽ കായിക മനോഭാവവും ആരോഗ്യകരമായ ജീവിതശൈലിയുമൊരുക്കുന്നതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ആദ്യമായി വെർച്വൽ ട്രാക്ക് സൈക്ലിങ് റേസ് സംഘടിപ്പിച്ചു. വെർച്വൽ ട്രാക്ക് സൈക്ലിങ് പ്ലാറ്റ്ഫോമായ മൈഹൂഷുയുടെ സഹകരണത്തോടെയായിരുന്നു മത്സരം.
ജനറൽ ഡയറക്ടറേറ്റിന്റെ ആസ്ഥാനത്ത് നടന്ന മത്സരം ആവേശകരമായിരുന്നു. മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി, ഉപമേധാവി മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ അടക്കമുള്ള ഉദ്യോഗസ്ഥർ മത്സരങ്ങൾ കാണാനെത്തിയിരുന്നു. ജീവനക്കാരുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തിയ പരിപാടി, ആധുനിക സാങ്കേതികവിദ്യയും കായികവിനോദവും സമന്വയിപ്പിച്ച വേറിട്ട അനുഭവമായി. മത്സരാർഥികൾക്ക് വെർച്വൽ റിയാലിറ്റി വഴിയുള്ള സൈക്കിൾ റൈഡിങ്ങിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സൈക്ലിങ് ട്രാക്കുകളിൽ സഞ്ചരിക്കുന്ന അനുഭവം ലഭിച്ചു.
ജീവനക്കാരുടെ ക്ഷേമവും ആരോഗ്യപരമായ അന്തരീക്ഷവും ഉറപ്പാക്കുന്നതിനായി ഇനിയും ഇത്തരം നൂതന പരിപാടികൾ സംഘടിപ്പിക്കുമെന്ന് ജി.ഡി.ആർ.എഫ്.എ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

