റാസല്‍ഖൈമയിലെ ‘വൈറൽ കൊട്ടാരം' വിൽപനക്ക് വില 2.5 കോടി ദിര്‍ഹം
text_fieldsറാസല്‍ഖൈമ ‘വൈറൽ കൊട്ടാരം'
റാസല്‍ഖൈമ: യു.എ.ഇയില്‍ ഏറെക്കാലം അഭ്യൂഹ വര്‍ത്തമാനങ്ങളില്‍ നിറഞ്ഞുനിന്ന റാസല്‍ഖൈമയിലെ ‘വൈറൽ കൊട്ടാരം’ വിൽക്കാനൊരുങ്ങുന്നു. 2.5 കോടി ദിര്‍ഹമാണ് വിലയെന്ന് ഉടമ താരീഖ് അല്‍ ശര്‍ഹാന്‍ അല്‍ നുഐമി അറിയിച്ചു. ‘‘ആ വലിയ വീട്ടില്‍ പ്രവേശിക്കരുത്. കയറിയാല്‍ പ്രേത ബാധയേല്‍ക്കും. അവിടെ ജിന്നുകളുടെ വിളയാട്ടമാണ്’’ തുടങ്ങിയ രീതിയിലായിരുന്നു റാക് നോര്‍ത്ത് ദൈത്ത് കുന്നിൻമുകളിലെ നാലുനില ഭവനത്തെക്കുറിച്ച് തദ്ദേശീയര്‍ക്കൊപ്പം മലയാളികളുള്‍പ്പെടെ വിദേശികള്‍ക്കിടയിലും നിലനിന്ന വര്‍ത്തമാനങ്ങള്‍. ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് താരീഖ് അല്‍ ശര്‍ഹാന്‍ വിലക്ക് വാങ്ങിയ ഭവനത്തിന് ‘അല്‍ ഖസ്ര് ആല് ഗാമിദ്’ എന്ന പേരിടുകയായിരുന്നു.
20,000 ചതുരശ്ര വിസ്തൃതിയില്‍ 35ഓളം മുറികളുള്‍ക്കൊള്ളുന്ന പാര്‍പ്പിടം 1985ല്‍ ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ ഹുമൈദ് ആല് ഖാസിമിയുടെ മുന്‍കൈയിലാണ് നിര്‍മാണം തുടങ്ങിയത്. ഇന്ത്യന്‍-മൊറോകോ-ഇറാന്-ഇസ്ലാമിക വാസ്തുവിദ്യയുടെ മനോഹാരിതയാണ് 90ല്‍ നിര്‍മാണം പൂര്‍ത്തിയായ ഭവനത്തിന്റെ മുഖ്യ ആകര്‍ഷണം. മലയടിവാരങ്ങളില്‍ അടുക്കിവെച്ച കല്ലുകളില്‍ തീര്‍ത്ത കൂരകളിലെ വാസം അവസാനിപ്പിച്ച് നഗരത്തില്‍ താമസം തുടങ്ങിയ തദ്ദേശീയര്‍ കൊട്ടാരസമാനമായ വീട് നിര്‍മാണത്തെ അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്. ചുമരുകളിലും മച്ചുകളിലും ലോകോത്തര ചിത്രപ്പണികളും മൃഗങ്ങളുടെയും പക്ഷികളുടെയും രൂപങ്ങളും സ്ഥാനം പിടിച്ചതാണ് വീടിനെക്കുറിച്ച് പ്രേത വര്‍ത്തമാനങ്ങള്‍ക്ക് വഴിവെച്ചത്. കൊച്ചു കുട്ടികളുടെ മുഖം ജാലകങ്ങളിലൂടെ കാണുന്നതും ചില സമയങ്ങളില്‍ ആളുകളെ വിളിക്കുന്നതുമായ അഭ്യൂഹങ്ങളാണ് നാട്ടില്‍ പരന്നത്.
കിംവദന്തികളില്‍ നിറഞ്ഞ് മൂന്ന് പതിറ്റാണ്ട് കാലം നിഗൂഢതയില്‍ കഴിഞ്ഞ പാര്‍പ്പിടം താരീഖ് അല്‍ ശര്ഹാന്റെ കൈകളിലെത്തിയതോടെ വിനോദ സഞ്ചാരികളെ വരവേല്‍ക്കുകയായിരുന്നു. മഞ്ജുവാര്യർ കേന്ദ്ര കഥാപാത്രമായ ‘ആയിശ’യുടെ ചിത്രീകരണവും ഇവിടെ നടന്നിരുന്നു. 50 ദിര്‍ഹം ഫീസില്‍ രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് ഏഴു വരെ നിലവില്‍ ഇവിടെ സന്ദര്‍ശകരെ സ്വീകരിക്കുന്നുണ്ട്. കൊട്ടാരസമാനമായ ആഡംബര പാര്‍പ്പിടത്തിന്റെ യഥാര്‍ഥ സൗന്ദര്യം അതിന്റെ കരകൗശലത്തിലും പൈതൃകത്തിലുമാണെന്നാണ് താരീഖ് അല്‍ ശര്ഹാന്റെ പക്ഷം. റാസല്‍ഖൈമയുടെ സ്വത്ത് ചട്ടങ്ങള്‍ അനുസരിച്ച് പാര്‍പ്പിടം ഒരു തദ്ദേശീയന്റെ പേരില്‍ മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുകയുള്ളൂവെന്നതാണ്. വിൽപനക്ക് വെക്കുന്ന തന്റെ ഉദ്ദേശ്യം പൂര്‍ണമായും നിക്ഷേപ ആവശ്യമാണ്. പാര്‍പ്പിടത്തിന് സാംസ്കാരികവും ചരിത്രപരവുമായ വലിയ മൂല്യമുണ്ട്. ഇതിനെ വിലമതിക്കുന്ന ഒരു ഉടമയെയാണ് താന്‍ തേടുന്നതെന്നും താരീഖ് അല്‍ ശര്‍ഹാന്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

