ഫുജൈറ കടൽതീരങ്ങളിലെ നിയമലംഘനങ്ങൾ പവിഴപ്പുറ്റുകൾക്ക് ഭീഷണിയാകുന്നു
text_fieldsഫുജൈറ: അപൂർവ കടൽ ജീവികളുടെയും പവിഴപ്പുറ്റുകളുടെയും ആവാസവ്യവസ്ഥകൾക്ക് ഭീഷണിയാകുന്ന നിരവധി നിയമലംഘനങ്ങൾ ഫുജൈറ കടൽതീരങ്ങളിൽ കണ്ടെത്തിയതായി പരിസ്ഥിതി അതോറിറ്റി അറിയിച്ചു. ഉപയോഗശൂന്യമായ മത്സ്യബന്ധന വലകൾ കടൽതീരങ്ങളിൽ ഉപേക്ഷിക്കുന്നത് പവിഴപ്പുറ്റുകൾ, മത്സ്യങ്ങൾ, അപൂർവയിനം ആമകൾ എന്നിവയുടെ ആവാസവ്യസ്ഥക്കും വംശനാശത്തിനും ഭീഷണിയുയർത്തുകയാണ്. സംരക്ഷിത മേഖലകളിൽ നിയമവിരുദ്ധമായി ഡൈവിങ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായും പരിസ്ഥിതി അതോറിറ്റിയുടെ പരിശോധനയിൽ കണ്ടെത്തി. അംഗീകൃത പരിസ്ഥിതി സംരക്ഷണ മാനദണ്ഡങ്ങളുടെ നഗ്നമായ ലംഘനമാണ് ഇത്തരം പ്രവർത്തനങ്ങളെന്നും പരിസ്ഥിതി അതോറിറ്റി അറിയിച്ചു. പവിഴപ്പുറ്റുകൾ സമ്പുഷ്ടമായ മേഖലകളിൽ മത്സ്യത്തൊഴിലാളികൾ ഉപയോഗിച്ച പരമ്പരാഗത നങ്കൂരങ്ങൾ ഉപേക്ഷിക്കുന്നത് എമിറേറ്റിന്റെ തീരങ്ങളിലെ പവിഴപ്പുറ്റുകൾക്ക് പരിക്കേൽപിക്കുകയോ ഇല്ലാതാക്കുകയോ ചെയ്യും. നങ്കൂരങ്ങൾ നേരിട്ട് ഇടുന്നതിലൂടെ ഉണ്ടാകുന്ന കേടുപാടുകളിൽനിന്ന് കടൽത്തീരങ്ങളെ സംരക്ഷിക്കുന്ന സുരക്ഷിതമായ ഒരു ബദലായ മൂറിങ് ബോയ്കളുടെ ലഭ്യത ഉണ്ടായിരുന്നിട്ടും നിയമലംഘനം നടന്നതായി അതോറിറ്റി വ്യക്തമാക്കി. പവിഴപ്പുറ്റുകളുടെ ആവാസവ്യവസ്ഥ സംരക്ഷിപ്പെടേണ്ടത് അനിവാര്യമാണ്.
സംരക്ഷിത മേഖലകളിൽ നീന്തൽ പരിശീലനങ്ങളും ഡൈവിങ്ങും നടത്തുന്നതിന് മുമ്പ് പരിസ്ഥിതി അതോറിറ്റിയിൽനിന്നുള്ള അനുമതി വാങ്ങിയിരിക്കണമെന്നത് നിർബന്ധമാണ്. കടൽതീരങ്ങളിൽ അനധികൃതമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ അതോറിറ്റി 800368 എന്ന ടോൾ ഫ്രീ നമ്പറിൽ അറിയിക്കണമെന്ന് പ്രകൃതി സ്നേഹികളോട് അതോറിറ്റി അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

