നിയമലംഘനം: സ്ഥാപനത്തിന് 50 ലക്ഷം ദിർഹം പിഴ
text_fieldsദുബൈ: കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം ലംഘിച്ച സ്ഥാപനത്തിന് 50 ലക്ഷം ദിർഹം പിഴ ചുമത്തി സെക്യൂരിറ്റിസ് ആൻഡ് കമോഡിറ്റിസ് അതോറിറ്റി (എസ്.സി.എ). നിയമനടപടികൾക്കായി സ്ഥാപനത്തെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. പരിശോധനയിൽ കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരെയും ഭീകരസംഘടനകൾക്ക് ധനസഹായം നൽകുന്നതിനെതിരെയുമുള്ള നിയമങ്ങൾ സ്ഥാപനം ലംഘിച്ചതായി കണ്ടെത്തിയിരുന്നു. നിക്ഷേപകരെ ലക്ഷ്യംവെച്ച് തെറ്റിദ്ധരിപ്പിക്കുന്ന ഇടപാട് നടത്തുന്ന ഒരു വിദേശ കമ്പനിയുമായി സ്ഥാപനം ഒത്തുകളിച്ചതായും അന്വേഷണത്തിൽ വ്യക്തമായി. അനധികൃതമായി ഇടപാടുകാരിൽനിന്ന് നേട്ടമുണ്ടാക്കുന്നതിന് വിദേശ സ്ഥാപനം അതോറിറ്റിയുടെ ലൈസൻസ് ഉള്ളതായി തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.

