നിയമലംഘനം: ദുബൈയിൽ 90 ഇ-ബൈക്കുകൾ പിടിയിൽ
text_fieldsദുബൈ പൊലീസ് പിടികൂടിയ ഇ-ബൈക്കുകൾ
ദുബൈ: കൈറ്റ് ബീച്ച് സ്പോർട്സ് ട്രാക്കുകളിൽ നിയമങ്ങൾ ലംഘിച്ച് ഓടിച്ച 90 ഇ-ബൈക്കുകൾ ദുബൈ പൊലീസ് പിടിച്ചെടുത്തു. സ്പോർട്സ് ട്രാക്കുകളിൽ നടത്തുന്ന അഭ്യാസപ്രകടനങ്ങൾ ബൈക്ക് റൈഡേഴ്സിന് മാത്രമല്ല, ചുറ്റുമുള്ള ജനങ്ങളുടെ ജീവനും ഭീഷണിയാണെന്ന് ദുബൈ പൊലീസ് എക്സിലൂടെ മുന്നറിയിപ്പു നൽകി.
നിയമങ്ങളും സുരക്ഷ നടപടിക്രമങ്ങളും ലംഘിക്കുന്നവർക്കെതിരെ ആവശ്യമായ നടപടിയെടുക്കുന്നതിൽ മടി കാണിക്കില്ലെന്നും പൊലീസ് വ്യക്തമാക്കി. ഇ-ബൈക്കുകൾ ഉപയോഗിച്ച് അഭ്യാസപ്രകടനങ്ങൾ നടത്തുന്ന വിഡിയോ ദൃശ്യങ്ങളും പൊലീസ് എക്സിൽ പങ്കുവെച്ചിട്ടുണ്ട്. നിരവധി നിയമലംഘനങ്ങളാണ് വാഹനങ്ങൾ നടത്തിയിട്ടുള്ളതെന്ന് വിഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. ചെറുയാത്രകൾക്ക് സൗകര്യപ്രദമായ മാർഗം എന്ന നിലയിൽ ദുബൈയിൽ ഇ-ബൈക്കുകൾ ജനപ്രിയ വാഹനമായി മാറിയിരിക്കുകയാണ്. ഉദ്യോഗസ്ഥരും കുട്ടികളും ഉൾപ്പെടെ ഇ-ബൈക്കുകൾ ഉപയോഗിച്ചുവരുന്നുണ്ട്. കാറുകളെക്കാൾ പരിസ്ഥിതി സൗഹൃദമായ വാഹനമെന്ന നിലയിൽ അധികൃതർ ഇ-ബൈക്കുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതേസമയം, അശ്രദ്ധമായും മാർഗനിർദേശങ്ങൾ പാലിക്കാതെയും ഇ-ബൈക്കുകൾ ഉപയോഗിക്കുന്നതിനാൽ അപകടങ്ങളും ഏറെയാണ്. കൃത്യമായ മാർഗനിർദേശങ്ങൾ പൊലീസ് പുറത്തിറക്കിയിട്ടുണ്ടെങ്കിലും പാലിക്കുന്നില്ലെന്നതാണ് വസ്തുത. സൂചന ബോർഡുകളിലും ഇ-സ്കൂട്ടർ ട്രാക്കുകളിലും പ്രദർശിപ്പിക്കുന്ന വേഗതപരിധി പാലിക്കൽ, അനുവദിച്ച ഇടങ്ങൾക്കും ലൈനുകൾക്ക് പുറത്ത് ഇ-സ്കൂട്ടർ ഓടിക്കുന്നത് ഒഴിവാക്കുക, വാഹനമോടിക്കുമ്പോൾ ഹെൽമെറ്റ്, റിഫ്ലക്ടീവ് ലൈറ്റുകൾ, നിറം കൂടിയ വസ്ത്രങ്ങൾ എന്നിവ ധരിക്കുക, മറ്റ് സ്കൂട്ടറുകളുമായി നിശ്ചിത അകലം പാലിക്കുക തുടങ്ങിയ നിർദേശങ്ങളാണ് പൊലീസ് പുറത്തിറക്കിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

