ടെലി മാർക്കറ്റിങ് നിയമലംഘനം; 159 കമ്പനികൾക്ക് പിഴ
text_fieldsദുബൈ: യു.എ.ഇ സമീപകാലത്ത് നടപ്പാക്കിയ ടെലിമാർക്കറ്റിങ് നിയമം ലംഘിച്ചതായി കണ്ടെത്തിയ 159 കമ്പനികൾക്ക് 50,000 ദിർഹം വീതം പിഴ ചുമത്തി. ദുബൈ കോർപറേഷൻ ഫോർ കൺസ്യൂമർ പ്രൊട്ടക്ഷൻ ആൻഡ് ഫെയർ ട്രേഡ് (ഡി.സി.സി.പി.എഫ്.ടി) പിഴചുമത്തിയ കമ്പനികളടക്കം 174 കമ്പനികൾക്ക് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
കഴിഞ്ഞ വർഷം മന്ത്രിസഭ തീരുമാനപ്രകാരം നിലവിൽവന്ന നിയമത്തിൽ ടെലിമാർക്കറ്റിങ് ഫോൺ കാളുകൾ കുറക്കുന്നതിനും ഉപഭോക്തൃ സ്വകാര്യത സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ള കർശനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ കണ്ടെത്തിയ നിയമ ലംഘനങ്ങൾക്കാണ് പിഴ ചുമത്തിയിട്ടുള്ളത്. 2024 ആഗസ്റ്റിൽ നിയമം പ്രാബല്യത്തിൽ വന്നതിനു ശേഷമാണ് തുടക്കത്തിൽ 174 കമ്പനികൾക്ക് മുന്നറിയിപ്പ് നൽകിയത്. ഇതിൽ നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ട കമ്പനികൾക്ക് പിഴ ചുമത്തുകയായിരുന്നു.
പിഴക്കെതിരെ അപ്പീൽ നൽകുന്നതിന് കമ്പനികൾക്ക് നിയമപരമായ സംവിധാനവും അധികൃതർ ഒരുക്കിയിട്ടുണ്ട്. അനാവശ്യ ടെലി മാർക്കറ്റിങ് കാളുകൾ കുറക്കുക, ഉപഭോക്താക്കളുടെ സൗകര്യം ഉറപ്പാക്കുകയും സ്വകാര്യത സംരക്ഷിക്കുകയും ചെയ്യുക എന്നിവയാണ് നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. കമ്പനികൾ ഉൽപന്നങ്ങൾ വിപണനം ചെയ്യുന്നതിന് ഉചിതമായ ചാനലുകളും സമയക്രമവും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് നിയന്ത്രണങ്ങൾ ചെയ്യുന്നത്. ഇതിലൂടെ ബിസിനസുകളിൽ ഉപഭോക്തൃ വിശ്വാസം വർധിക്കാനും അതുവഴി ഒരു പോസിറ്റിവ് ബിസിനസ് സാഹചര്യം കെട്ടിപ്പടുക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിയമം ഫോൺ വഴി മാർക്കറ്റിങ് നടത്തുന്ന യു.എ.ഇയിലെ ഫ്രീസോണുകളിലെ അടക്കം എല്ലാ ലൈസൻസുള്ള കമ്പനികൾക്കും ബാധകമാണ്. രാവിലെ 9 മണി മുതൽ വൈകീട്ട് 6 മണിവരെ മാത്രം ഫോൺ വിളികൾ പാടുള്ളൂ, റെക്കോഡ് ചെയ്യുകയാണെങ്കിൽ കാളിന്റെ തുടക്കത്തിൽതന്നെ ഉപഭോക്താവിനെ അറിയിക്കണം, ‘ഡു നോട്ട് കാൾ രജിസ്ട്രി’യിൽ രജിസ്റ്റർ ചെയ്ത നമ്പറുകളിലേക്ക് വിളിക്കാൻ പാടില്ല എന്നിവയാണ് പ്രധാന നിയന്ത്രണങ്ങൾ.
ഉപഭോക്താവിന്റെ സമ്മതമില്ലാതെ സ്വകാര്യ ഡേറ്റ വെളിപ്പെടുത്തുന്നതും ടെലിമാർക്കറ്റിങ് വഴി ഉൽപന്നങ്ങളോ സേവനങ്ങളോ വിപണനം ചെയ്യാൻ ആഗ്രഹിക്കുന്ന കമ്പനികൾക്ക് വിൽക്കുന്നതും നിയമം വിലക്കുന്നുണ്ട്. നിയമലംഘനത്തിന്റെ തീവ്രതയും രൂപവും വിലയിരുത്തി വ്യത്യസ്ത പിഴകളാണ് ചുമത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

