നിയമലംഘനം; അൽ ദഫ്റയിൽ റസ്റ്റാറന്റ് പൂട്ടി
text_fieldsഅബൂദബി: പരിശോധനയില്‍ നിയമലംഘനം കണ്ടെത്തിയതിനെത്തുടര്‍ന്ന് അബൂദബിയിലെ ഒരു റസ്റ്റാറന്റ് കൂടി അടപ്പിച്ചു. അല്‍ ദഫ്റയിലെ ഗയാത്തിയിലുള്ള അല്‍ റാബിയ റസ്റ്റാറന്റാണ് അബൂദബി കാര്‍ഷിക, ഭക്ഷ്യസുരക്ഷാ അതോറിറ്റി (അഡാഫ്സ) പൂട്ടിച്ചത്. പൊതുജനാരോഗ്യത്തിന് അപകടകരമായ നിയമലംഘനം സ്ഥാപനത്തില്‍ കണ്ടെത്തിയതായി അഡാഫ്സ വ്യക്തമാക്കി.
കഴിഞ്ഞ മാസം നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് നിരവധി റസ്റ്റാറന്റുകള്‍ക്കെതിരെ അഡാഫ്സ നടപടി സ്വീകരിച്ചിരുന്നു. ന്യൂ ഷഹാമയിലെ കോഹിനൂര്‍ റസ്റ്റാറന്റ്, അല്‍ ഷഹാമയിലെ ഫ്രീം ട്രേഡിങ്, അല്‍ അജ്ബാന്‍ മേഖലയിലെ അല്‍ ഫൈറൂസ് പോള്‍ട്രി ഫാം, അബൂദബി ഹംദാന്‍ സ്ട്രീറ്റിലെ എമിറേറ്റ്സ് ലെസി കഫേ, ഹംദാന്‍ സ്ട്രീറ്റിലെ സ്പൈസ് റസ്റ്റാറന്റ് തമിഴ്നാട് എന്നീ റസ്റ്റാറന്റുകളാണ് അടുത്തിടെ അടച്ചുപൂട്ടിയത്. ഇത് കൂടാതെ മുസ്സഫ വ്യവസായ മേഖലയിലെ മുഹമ്മദ് അക്തര്‍ സൂപ്പര്‍മാര്‍ക്കറ്റും അല്‍ ഖാലിദിയ (വെസ്റ്റ് 6)യിലെ സേവ് വേ സൂപ്പര്‍മാര്‍ക്കറ്റും അടച്ചുപൂട്ടി. അബൂദബിയിലെ ഭക്ഷ്യസുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പരിശോധനകള്‍ നടത്തി നടപടികള്‍ സ്വീകരിക്കുന്നതെന്ന് അഡാഫ്സ ചൂണ്ടിക്കാട്ടി. നിയമലംഘനങ്ങള്‍ കണ്ടെത്തുകയോ ഭക്ഷ്യ വസ്തുക്കളില്‍ എന്തെങ്കിലും വിധത്തിലുള്ള സംശയം തോന്നുകയോ ചെയ്താല്‍ അക്കാര്യം അബൂദബി സര്‍ക്കാറിന്റെ ടോള്‍ ഫ്രീ നമ്പറായ 800555ല്‍ വിളിച്ചറിയിക്കണമെന്നും അധികൃതര്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

