റാസൽഖൈമയിൽ കാഴ്ചകൾ കാണാൻ വിന്‍റേജ് ജീപ്പ് സർവിസ്
text_fieldsവിന്‍റേജ് ജീപ്പ് സർവിസ്
റാസൽഖൈമ: വിനോദ സഞ്ചാരികൾക്ക് എമിറേറ്റിലെ നഗര, ഗ്രാമ കാഴ്ചകൾ ക്ലാസിക് വാഹനങ്ങളിൽ ആസ്വദിക്കാൻ അവസരമൊരുങ്ങുന്നു. റാസൽഖൈമയിലെ ഏറ്റവും ജനപ്രിയമായ ടൂറിസ്റ്റ് റൂട്ടുകളെ ബന്ധിപ്പിച്ച് വിന്‍റേജ് ജീപ്പ് ടാക്സി സർവിസ് പ്രഖ്യാപിച്ചിരിക്കുകയാണ് റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റി (റാക്ട). റാസൽഖൈമയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് മികച്ച യാത്രാനുഭവം സമ്മാനിക്കുന്നതിനൊപ്പം ബദൽ ഗതാഗത മാർഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് വിന്‍റേജ് വാഹനങ്ങൾ ഉപയോഗിച്ചുള്ള ടാക്സി സർവിസ് എന്ന് ടാക്ട അറിയിച്ചു.
എല്ലാ ദിവസവും വൈകീട്ട് നാലു മുതൽ രാത്രി 10 മണിവരെ സന്ദർശകർക്ക് വിന്‍റേജ് ജീപ്പ് ടാക്സി സർവിസ് ലഭ്യമാകും. അൽ മർജാൻ ദ്വീപിനുള്ളിലെ വിവിധ സ്ഥലങ്ങൾ, ദ്വീപിനെ അൽ ഖവാസിം കോർണിഷുമായി ഇരു ദിശകളിലേക്കും ബന്ധിപ്പിക്കുന്ന കണക്ഷൻ റൂട്ട്, അൽ ഖവാസിം കോർണിഷ് വരെ നീളുന്ന റൂട്ട് എന്നിവിടങ്ങളിലൂടെയായിരിക്കും വിന്‍റേജ് ജീപ്പ് സർവിസ് നടത്തുക.
എമിറേറ്റിന്‍റെ സാംസ്കാരിക വൈവിധ്യങ്ങൾ പ്രദർശിപ്പിക്കുന്നതിനും വിത്യസ്തമായ ഗതാഗത സേവനങ്ങൾ വിപുലപ്പെടുത്തുന്നതിനും പിന്തുണ നൽകുകയാണ് സംരംഭത്തിന്‍റെ ലക്ഷ്യം. പ്രധാന വിനോദ, ടൂറിസം കേന്ദ്രങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ രൂപകൽപന ചെയ്തിരിക്കുന്ന പുതിയ സർവിസിലൂടെ സന്ദർശകർക്ക് എമിറേറ്റിന്‍റെ പൈതൃകമായ അന്തരീക്ഷം ആസ്വദിച്ചുകൊണ്ട് യാത്ര ചെയ്യാം.
താമസക്കാരുടെയും സന്ദർശകരുടെയും ആവശ്യങ്ങൾ നിറവേറ്റുന്ന വൈവിധ്യമാർന്ന ഗതാഗത മാർഗങ്ങൾ അവതരിപ്പിച്ചുകൊണ്ട് എമിറേറ്റിന്‍റെ ഗതാഗത സംവിധാനത്തെ ശക്തിപ്പെടുത്തുന്നതാണ് പുതിയ സേവനമെന്ന് റാക്ട ഡയറക്ടർ ജനറൽ എൻജിനീയർ ഇസ്മായിൽ ഹസൻ അൽ ബലൂഷി പറഞ്ഞു. ഇതുവഴി ടൂറിസം വികസനവും ലക്ഷ്യമിടുന്നു. എമിറേറ്റിന്‍റെ വികസനത്തിനൊപ്പം നീങ്ങുകയും ആധുനികവും കാര്യക്ഷമവുമായ ഗതാഗത പരിഹാരങ്ങളിൽ മുൻനിരയിലുള്ള എമിറേറ്റിന്‍റെ സ്ഥാനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്ന നൂതന സേവനങ്ങൾ റാക്ട തുടർന്നും അവതരിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

