ദുബൈ: പ്രവാസലോകത്ത് ഒരുകമ്പനിയിൽ തന്നെ പതിറ്റാണ്ടുകളോളം ജോലി ചെയ്യുക എളുപ്പമുള്ള കാര്യമല്ല.സ്ഥാപനവും തൊഴിലാളിയും പരസ്പരം സഹകരിച്ച് മാത്രമേ ദീർഘകാല ബന്ധം നിലനിർത്താൻ പറ്റൂ. ഈ പരീക്ഷ വിജകരമായി പൂർത്തീകരിച്ച തിരുവനന്തപുരം സ്വദേശി വിജയകുമാർ വെള്ളിയാഴ്ച നാട്ടിലേക്ക് മടങ്ങുന്നു.
1985ൽ ദുബൈയിൽ കാലുകുത്തിയതുമുതൽ മോഡേൺ പ്രിൻറിങ് പ്രസിലാണ് ജോലി. 2000 വരെ പല തസ്തികകളിലായിരുന്നു ജോലി. എന്നാൽ, കഴിഞ്ഞ 20 വർഷമായി പ്രിൻറിങ് സൂപ്പർവൈസർ തസ്തികയിലാണ്. മൂന്നര പതിറ്റാണ്ട് മുമ്പ് ബന്ധു നൽകിയ വിസയിലാണ് ദുബൈയിലെത്തിയത്. വീടുവെക്കാൻ കഴിഞ്ഞതും മക്കളെ പഠിപ്പിച്ചതും കൂടുതൽ സൗഹൃദങ്ങളുണ്ടാക്കിയതും സാമൂഹിക പ്രവർത്തനം നടത്താൻ കഴിഞ്ഞതുമാണ് പ്രവാസ ജീവിതത്തിലെ വലിയ സന്തോഷമെന്ന് വിജയകുമാർ പറയുന്നു. നാട്ടിലുള്ളവരെ ഇവിടെയെത്തിച്ച് ജോലി നൽകാനും കഴിഞ്ഞു. ഭാര്യ ജ്യോതി ലക്ഷ്മിയും മക്കളായ അനന്തുവും വിഷ്ണുവും ഇവിടെയുണ്ടായിരുന്നു.
മക്കൾ ഇപ്പോൾ നാട്ടിലാണ്. 99 വയസ്സുള്ള മാതാവിനോടും മറ്റു കുടുംബാംഗങ്ങളോടുമൊപ്പം സ്വസ്ഥ ജീവിതം നയിക്കണമെന്നതാണ് വിജയകുമാറിെൻറ ഇപ്പോഴത്തെ ആഗ്രഹം.തിരുവനന്തപുരത്തുകാരുടെ കൂട്ടായ്മയായ ടെക്സാസിെൻറ സജീവ പ്രവർത്തകനായിരുന്നു അദ്ദേഹം. എല്ലാവരോടും നന്ദി പറഞ്ഞാണ് മടങ്ങുന്നത്.