സ്വദേശികളെ അപമാനിച്ച് വീഡിയോ; പ്രവാസി യുവാവ് പിടിയിൽ
text_fieldsഅറസ്റ്റിലായ ഏഷ്യൻ യുവാവ്
ദുബൈ: ഇമാറാത്തി വേഷത്തിൽ ആഡംബര കാർ ഷോറൂമിൽ എത്തി പണമെറിഞ്ഞ് വിലകൂടിയ കാർ ആവശ്യപ്പെട്ട സംഭവത്തിൽ ഏഷ്യൻ യുവാവ് പിടിയിൽ. കാർ ഷോറൂമിൽ പണവുമായി എത്തിയ യുവാവ് ഉടമക്ക് നേരെ പണമെറിഞ്ഞ് രണ്ട് ദശലക്ഷം ദിർഹം വില വരുന്ന ആഡംബര കാർ ആവശ്യപ്പെടുന്ന വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇയാളുടെ പ്രവൃത്തി സ്വദേശികളെ അപമാനിക്കുന്ന തരത്തിലും പൊതുതാൽപര്യത്തിന് ഹാനികരവും ആണെന്ന് ആരോപിച്ചാണ് യു.എ.ഇ ഫെഡറൽ പ്രോസിക്യൂഷൻ കസ്റ്റഡിയിലെടുത്തത്. വീഡിയോ ചിത്രീകരിച്ച കാർ ഷോറൂം ഉടമയേയും ചോദ്യം ചെയ്യാനായി പ്രോസിക്യൂഷൻ വിളിപ്പിച്ചിട്ടുണ്ട്. വൻ തുകയടങ്ങിയ ട്രേയുമായി രണ്ട് കൂട്ടാളികൾക്കൊപ്പമായിരുന്നു യുവാവ് കാർ ഷോറൂമിലെത്തിയത്. തുടർന്ന് പ്രകോപനപരമായ ഭാഷയിൽ സ്ഥാപനത്തിന്‍റെ ഉടമയെ അന്വേഷിക്കുകയും ഈ സമയം ജീവനക്കാർക്ക് നേരെ പണം എറിഞ്ഞ്നൽകുകയുമായിരുന്നു.
സമൂഹത്തിൽ പണത്തിന് യാതൊരു വിലയുമില്ലെന്ന് കാണിക്കുന്ന രീതിയിലായിരുന്നു ഇയാളുടെ പ്രകടനം. സംഭവത്തിന്‍റെ വീഡിയോ വൈറലായതോടെ ഫെഡറൽ പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചിരുന്നു. പൊതുജനാഭിപ്രായം ഇളക്കിവിടുന്ന തരത്തിൽ സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുന്നതാണ് വീഡിയോ എന്ന് അന്വേഷണത്തിൽ വ്യക്തമായതായി ഫെഡറൽ പ്രോസിക്യൂഷൻ അറിയിച്ചു. ഇമാറാത്തി സമൂഹത്തെ അപമാനിച്ചു, ഇന്‍റർനെറ്റ് ദുരുപയോഗം, സമൂഹമാധ്യമം ഉപയോഗിക്കുന്നതിന്‍റെ നിലവാരം കാത്തുസൂക്ഷിച്ചില്ല തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

