വിഡിയോ ചിത്രീകരണം; മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി
text_fieldsദുബൈ: സംഘർഷ സാഹചര്യങ്ങളിൽ വീഡിയോ ചിത്രീകരിക്കുന്നതും ഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നതും ഗുരുതരമായ നിയമനപടികളിലേക്ക് നയിക്കുമെന്ന് മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി. യു.എ.ഇയുടെ നിയമ നിർദേശങ്ങൾ കർശനമായി പാലിക്കാൻ പ്രവാസികൾ ബാധ്യസ്ഥരാണ്. അടിയന്തര സാഹചര്യങ്ങളിൽ മുന്നറിയിപ്പ് സന്ദേശങ്ങൾ വരുമ്പോൾ സുരക്ഷിമായ സ്ഥലങ്ങളിലേക്ക് മാറുകയും സന്ദേശം പിൻവലിക്കുന്നത് വരെ തുടരുകയും ചെയ്യണം. സംഭവങ്ങളുടെ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തുന്നതിന് പുറത്തേക്ക് പോകാന്‍ ശ്രമിക്കരുത്. സംഭവ സ്ഥലങ്ങളുടെയും മിസൈല്‍ ഭാഗങ്ങളുടെയും നാശനഷ്ടങ്ങളുടെയും ചിത്രങ്ങള്‍, വീഡിയോകള്‍ തുടങ്ങിയവ സാമൂഹിക മാധ്യമങ്ങളിലൂടെയും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെയും പങ്കുവെക്കുന്നത് കര്‍ശനമായി ഒഴിവാക്കണം.
പരിസരത്ത് സംശയാസ്പദമായ വസ്തുക്കള്‍ കണ്ടെത്തുകയോ എന്തെങ്കിലും വീഴുകയോ ചെയ്താല്‍ ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിക്കണം. സാഹചര്യം സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിന് സംഭവ സ്ഥലത്തു നിന്ന് അകലം പാലിക്കണം. അസാധാരണ വസ്തുക്കൾ ശ്രദ്ധയില്‍പ്പെട്ടാൽ സമീപത്തേക്ക് പോകുകയോ സ്പര്‍ശിക്കുകയോ ചെയ്യരുത്. വിമാനത്താവളത്തിലെ പോക്കുവരവ് സമയങ്ങളില്‍ ചിത്രങ്ങളും വീഡിയോകളും പകര്‍ത്താൻ പാടില്ലെന്നും പ്രവാസികൾക്കായി ഇറക്കിയ പ്രത്യേക സർക്കുലറിൽ എംബസി വ്യക്തമാക്കി.
അനാവശ്യ ഭീതി പരത്തുന്ന രീതിയിലുള്ള ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നത് വ്യാപകമായിരിക്കുകയാണ്. യഥാസമയം സുരക്ഷ നിർദേശങ്ങൾ ദുബൈ പൊലീസ് ഉൾപ്പെടെ പുറത്തിറക്കുന്നുണ്ടെങ്കിലും മലയാളികൾ ഉൾപ്പെടെയുള്ളവർ ഇത് ലംഘിച്ചതാണ് വീഡിയോ ദൃശ്യങ്ങൾ പങ്കുവെക്കുന്നത്. രാജ്യത്തെ നിയമങ്ങളും നിർദേശങ്ങളും ലംഘിക്കുന്നവർക്കെതിരെ കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നാണ് യു.എ.ഇ അധികൃതരുടെ ആവർത്തിച്ചുള്ള മുന്നറിയിപ്പ്. ഈ സാഹചര്യത്തിലാണ് ഇന്ത്യൻ എംബസി കർശന മുന്നറിയിപ്പ് നിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

