മൃഗചികിത്സ; അബൂദബിയിൽ പുതിയ മാർഗനിർദേശങ്ങൾ
text_fieldsഅബൂദബി: എമിറേറ്റില്‍ വെറ്ററിനറി മെഡിക്കല്‍ പ്രാക്ടിസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പുതിയ നിയമം പാസാക്കി അബൂദബി കാര്‍ഷിക, ഭക്ഷ്യ സുരക്ഷ അതോറിറ്റി (അഡാഫ്സ).
മൃഗ ചികിത്സയുടെ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിനും ജൈവ സുരക്ഷ സംവിധാനം ശക്തിപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. എമിറേറ്റിലെ വെറ്ററിനറി സ്ഥാപനങ്ങളുടെയും ജീവനക്കാരുടെയും ലൈസന്‍സുകള്‍ സംബന്ധിച്ച് വിശദീകരിക്കുന്നതാണ് പുതിയ നിയമം. ലൈസൻസ് നേടുന്നതും പുതുക്കുന്നതും ഉൾപ്പെടെയുള്ള നടപടിക്രമങ്ങളെല്ലാം അഡാഫ്സയുടെ മേല്‍നോട്ടത്തിലാകും നടപ്പാക്കുക.
നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കും ജീവനക്കാര്‍ക്കുമെതിരെ പിഴ ചുമത്തുന്നതിനും നിയമം വ്യവസ്ഥ ചെയ്യുന്നു. അഡാഫ്സയുടെ മുന്‍കൂര്‍ അനുമതി വാങ്ങാതെ ഇനി വെറ്ററിനറി സ്ഥാപനങ്ങള്‍ക്ക് വെറ്ററിനറി ഡോക്ടര്‍മാരെ നിയമിക്കാനാവില്ലെന്നും നിയമം വ്യക്തമാക്കുന്നുണ്ട്.
എമിറേറ്റില്‍ മൃഗവൈദ്യം നടത്തുന്നതിനു മുമ്പുതന്നെ സ്ഥാപനങ്ങള്‍ ലൈസന്‍സ് കരസ്ഥമാക്കിയിരിക്കണം.
ആദ്യ നിയമലംഘനം നടത്തി ഒരു വര്‍ഷത്തിനുള്ളില്‍ കുറ്റം ആവര്‍ത്തിച്ചാല്‍ പിഴത്തുക ഇരട്ടിയാക്കി വര്‍ധിപ്പിക്കും. പൊതു ആരോഗ്യത്തിന്റെയും ഭക്ഷ്യസുരക്ഷയുടെയും അവിഭാജ്യ ഘടകമാണ് മൃഗാരോഗ്യമെന്നും പുതിയ നടപടി ഇതിനോടുള്ള അബൂദബിയുടെ പ്രതിബദ്ധതയാണ് വ്യക്തമാക്കുന്നതെന്നും അഡാഫ്സ വ്യക്തമാക്കി.
നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി അഡാഫ്സ വെറ്ററിനറി കേന്ദ്രങ്ങളെയും ജീവനക്കാരെയും കന്നുകാലി ഉടമകളെയും പൊതുജനങ്ങളെയും ലക്ഷ്യമാക്കി ബോധവത്കരണ കാമ്പയിന് നടത്തും. വെറ്ററിനറി മെഡിക്കൽ പ്രാക്ടിസുകൾ നിയന്ത്രിക്കുന്നതിലൂടെയും മേൽനോട്ട നടപടിക്രമങ്ങൾ വ്യവസ്ഥാപിതമാക്കുന്നതിലൂടെയും ദേശീയ ബയോസെക്യൂരിറ്റി നയത്തിന്റെ ലക്ഷ്യങ്ങളെ പിന്തുണക്കുകയാണ് ലക്ഷ്യം.
പുതിയ മാനദണ്ഡങ്ങൾ വെറ്ററിനറി സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുകയും കന്നുകാലി സംരക്ഷകരുടെ ആത്മവിശ്വാസം ഉയർത്തുകയും ചെയ്യും. കൂടാതെ ഈ രംഗത്ത് പ്രവർത്തിക്കുന്ന പ്രഫഷനുകൾക്ക് മതിയായ യോഗ്യതയുണ്ടെന്ന് ഉറപ്പാക്കാനും സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

