ദുബൈയിൽ വെർട്ടിപോർട്ട് നിർമാണം 60 ശതമാനം പൂർത്തിയായി
text_fieldsദുബൈയിൽ നിർമാണം പുരോഗമിക്കുന്ന വെർട്ടിപോർട്ട്
ദുബൈ: പൈലറ്റ് നിയന്ത്രിക്കുന്ന എയർ ടാക്സി സർവിസ് ആരംഭിക്കുന്നതിന് മുന്നോടിയായി ദുബൈയിൽ വെർട്ടിപോർട്ടുകളുടെ നിർമാണം 60 ശതമാനം പൂർത്തിയായതായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) വെളിപ്പെടുത്തി. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്താണ് വെർട്ടിപോർട്ടുകളുടെ നിർമാണം അതിവേഗം പുരോഗമിക്കുന്നത്.
ഇമാർ പ്രോപർട്ടീസ്, അറ്റ്ലാന്റിസ് ദ റോയൽസ്, വാസൽ അസറ്റ് മാനേജ്മെന്റ് ഗ്രൂപ് എന്നീ കമ്പനികളുമായി സഹകരിച്ച് ഇവരുടെ പുതിയ റിയൽ എസ്റ്റേറ്റ് പദ്ധതികളിൽ വെർട്ടിപോർട്ടുകൾ സ്ഥാപിക്കാനുള്ള കരാറുകൾക്കും ആർ.ടി.എ ഒപ്പുവെച്ചു. ജോബി ഏവിയേഷനാണ് ദുബൈയിൽ പൈലറ്റുള്ള എയർ ടാക്സികൾ വികസിപ്പിക്കുന്നത്. ആർ.ടി.എ, ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജി.സി.എ.എ), ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി (ഡി.സി.എ.എ), ദുബൈ എയർ നാവിഗേഷൻ സർവിസസ് (ഡി.എ.എൻ.എസ്) എന്നിവയുടെ പങ്കാളിത്തത്തിൽ 2026ൽ എമിറേറ്റിൽ എയർടാക്സികളുടെ സർവിസ് ആരംഭിക്കാനാണ് ജോബി ഏവിയേഷന്റെ പദ്ധതി.
എയർ ടാക്സിയുടെ പരീക്ഷണ പറക്കൽ വിജയിച്ചത് പുതിയ നാഴികക്കല്ലാണെന്ന് ആർ.ടി.എ ചെയർമാൻ മതാർ അൽ തായർ പറഞ്ഞു. എയർ ടാക്സി വഴി ദുബൈ വിമാനത്താവളത്തിൽനിന്ന് പാം ജുമൈറ വരെ യാത്ര ചെയ്യാൻ വെറും 10 മിനിറ്റ് മതി. നിലവിൽ ഇവിടേക്ക് കാറിൽ യാത്ര ചെയ്യാൻ 45 മിനിറ്റ് എടുക്കും. മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന രീതിയിലാണ് എയർടാക്സികളുടെ രൂപകൽപന. പൂർണമായും പരിസ്ഥിതി സൗഹൃദമായ ഇലക്ട്രിക് സംവിധാനത്തിലായിരിക്കും വിമാനത്തിന്റെ പ്രവർത്തനമെന്നും അദ്ദേഹം പറഞ്ഞു. പൈലറ്റിനെ കൂടാതെ, നാലുപേർക്ക് സഞ്ചരിക്കാൻ കഴിയുന്ന ചെറുവിമാനങ്ങളാണ് ആദ്യ ഘട്ടത്തിൽ നിർമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

