കൂടുതൽ സുരക്ഷിതം; അബൂദബിയിൽ ഭക്ഷ്യ സ്ഥാപനങ്ങളിൽ വെര്‍ട്ടിക്കല്‍ എൽ.പി.ജി ടാങ്ക്
text_fieldsവെര്‍ട്ടിക്കല്‍ എൽ.പി.ജി ടാങ്ക്
അബൂദബി: എമിറേറ്റിലെ ഭക്ഷ്യ സ്ഥാപനങ്ങളിൽ ആദ്യമായി വെര്‍ട്ടിക്കല്‍ എൽ.പി.ജി സംഭരണി സംവിധാനം ഏർപ്പെടുത്തി അബൂദബി ഊര്‍ജ വകുപ്പ്. പരമ്പരാഗതമായി ഉപയോഗിച്ചു വന്നിരുന്ന പാചകവാതക സിലണ്ടറുകളേക്കാള്‍ ഏറെ ഉപകാരപ്രദവും സുരക്ഷയുള്ളതുമാണ് ഈ സംവിധാനമെന്ന് അധികൃതര്‍ വ്യക്തമാക്കി. 125 ഗാലണ്‍ വരെയാണ് സംഭരണിയുടെ ശേഷി. പൊട്ടിത്തെറി തടയാനുള്ള സംവിധാനം ഈ ടാങ്കിനുണ്ട്. അംഗീകൃത ഓപറേറ്റര്‍മാരെത്തി പാചകവാതകം ഈ ടാങ്കില്‍ നേരിട്ട് നിറച്ചു നല്‍കുമെന്നതിനാല്‍ സാധാരണയായി ചെയ്തുവന്നിരുന്നതു പോലെ പാചക വാതകസിലണ്ടറുകള്‍ സൂക്ഷിച്ചുവെക്കേണ്ട നടപടികളും ഇനി വേണ്ടിവരില്ല.
നവീനമായ ഈ രീതി അവലംബിക്കുന്നത് പാചകവാതക ചോര്‍ച്ച മൂലമുള്ള അപകടങ്ങള്‍ കുറക്കും. എൻ.എഫ്.പിഎ മാനദണ്ഡങ്ങള്‍ക്കും യു.എ.ഇ ഫയര്‍ ആന്‍ഡ് ലൈഫ് സേഫ്റ്റി കോഡിനും അനുസരിച്ച് ഇത്തരം ടാങ്കുകള്‍ സ്ഥാപിക്കുന്നതിനുള്ള സാങ്കേതിക ആവശ്യകതകളും സുരക്ഷാ മാനദണ്ഡങ്ങളും വ്യക്തമാക്കുന്ന സാങ്കേതിക ബുള്ളറ്റിന്‍ ഊര്‍ജ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.
ഭക്ഷ്യ സ്ഥാപനങ്ങളില്‍ സുരക്ഷിതത്വം ഉറപ്പുവരുത്തി, വ്യക്തികളെയും സമൂഹത്തെയും സംരക്ഷിക്കുന്നതില്‍ വകുപ്പിനുള്ള പ്രതിബദ്ധതയാണ് ഇതിലൂടെ വെളിവാകുന്നതെന്ന് ഊര്‍ജ വകുപ്പിലെ റഗുലേറ്ററി അഫയേഴ്‌സ് ആക്ടിങ് ഡയറക്ടര്‍ ജനറല്‍ ഡോ. സെയ്ഫ് സഈദ് അല്‍ ഖുബൈസി പറഞ്ഞു. ഭൂഗര്‍ഭ വാതക ശൃംഖല ലഭ്യമല്ലാത്തതോ കേന്ദ്രീകൃത എൽ.പി.ജി സംവിധാനങ്ങളില്ലാത്തതോ ആയ ഭക്ഷ്യ സ്ഥാപനങ്ങളില്‍ ഈ നൂതന സംവിധാനം ഉപയോഗിക്കണമെന്ന് ഊര്‍ജ വകുപ്പ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

