കീഴടങ്ങാൻ മനസ്സില്ല; വെൻറിലേറ്ററിൽനിന്ന് ഉയിർത്തെഴുന്നേറ്റ് സൈഫുദ്ദീൻ
text_fieldsഅബൂദബി: കോവിഡിനെ പേടിച്ചിരിക്കുന്നവർ കേൾക്കാതെ പോകരുത് തിരുവനന്തപുരം സ്വദേശി അബ്ദുൽ റഹ്മാെൻറ കഥ. ക്വാറൻറീനും െഎസൊലേഷനും െഎ.സി.യുവും വെൻറിലേറ്ററുമുയർത്തിയ വെല്ലുവിളികൾക്കെതിരെ പോരടിച്ച 51 ദിനങ്ങൾക്കൊടുവിൽ കോവിഡ് മുക്തനായി ജീവിതത്തിലേക്ക് തിരികെയെത്തിയിരിക്കുകയാണ് വർക്കല ചടയമംഗലം തോണിയോട് അബ്ദുൽ റഹ്മാെൻറ മകൻ സൈഫുദ്ദീൻ (51).
ആയിരങ്ങൾ താമസിക്കുന്ന ലേബർ ക്യാമ്പിൽനിന്ന് കോവിഡ് ബാധിച്ച് അബൂദബി ശൈഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ശ്വാസം ലഭിക്കാതെയും ഓർമയില്ലാതെയും ബുദ്ധിമുട്ടിയ സൈഫുദ്ദീൻ കൂടുതൽ ദിവസവും വെൻറിലേറ്ററിെൻറ സഹായത്താലാണ് ജീവൻ നിലനിർത്തിയത്. ഏപ്രിൽ 17ന് ആശുപത്രിക്കിടക്കയിലെത്തിയ സൈഫുദ്ദീൻ ഞായറാഴ്ചയാണ് മെഡിക്കൽ സിറ്റിയിൽനിന്ന് ലേബർ ക്യാമ്പിലേക്കു മടങ്ങിയത്. എത്രയും വേഗത്തിൽ നാടയണയാൻ ഇന്ത്യൻ കോൺസുലേറ്റ് അനുമതി നൽകുമെന്ന പ്രതീക്ഷയിലാണ് സൈഫുദ്ദീൻ.
കടുത്ത വയറുവേദനയും അസ്വസ്ഥതകളും അനുഭവപ്പെട്ടപ്പോൾ മഫ്രഖിലെ അൽജാബർ ലേബർ ക്യാമ്പിലെ ക്ലിനിക്കാലാണ് ആദ്യം ചികിത്സ തേടിയത്. രോഗം മൂർച്ഛിച്ചതോടെയാണ് ശൈഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റിയിലെത്തിക്കുന്നത്. ഇവിടെ നടത്തിയ കോവിഡ് പരിശോധനയിൽ പോസിറ്റിവായിരുന്നു ഫലം. കടുത്ത പ്രമേഹ രോഗമുള്ളതിനാൽ രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും കോവിഡ് പലവിധ ശാരീരികപ്രശ്നങ്ങളുമുണ്ടാക്കി. കിഡ്നിയുടെയും ശ്വാസകോശങ്ങളുടെയും പ്രവർത്തനം ഏറക്കുറെ പരാജയപ്പെട്ടു. ശ്വാസകോശ തകരാറിെൻറ ലക്ഷണം തുടങ്ങിയതു മുതൽ ഒരു മാസത്തിലധികം ഇൻറൻസിവ് കെയറിലായിരുന്നു ജീവിതം.ആശുപത്രിയിലെത്തി മൂന്നു ദിവസം കഴിഞ്ഞപ്പോഴേക്കും ശ്വാസകോശപ്രശ്നം ഗുരുതരമായതു മാത്രമാണ് ഓർമയിലുള്ളത്. പിന്നീട് 36 ദിവസത്തോളം വെൻറിലേറ്ററിെൻറ സഹായത്താലാണ് ജീവൻ നിലനിർത്തിയത്.
വായിലൂടെ ഭക്ഷണം കഴിക്കാൻ കഴിയാതെ വന്നപ്പോൾ തൊണ്ട തുരന്നിറക്കിയ ട്യൂബിലൂടെയായിരുന്നു ഭക്ഷണം. 66 കിലോ ഭാരമുണ്ടായിരുന്ന സൈഫുദ്ദീൻ ആശുപത്രിയിൽനിന്നു മടങ്ങുമ്പോൾ 18 കിലോയിലധികം ഭാരം കുറഞ്ഞ് മെലിഞ്ഞുണങ്ങിയ നിലയിലാണ്. സംസാരിക്കുമ്പോൾ ക്ഷീണവും ഉന്മേഷക്കുറവുമുണ്ടെങ്കിലും ദൈവാനുഗ്രഹത്താൽ ജീവൻ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് ആശുപത്രി വിട്ടത്. തന്നെ പരിചരിച്ച എല്ലാവരോടും നന്ദിയും കടപ്പാടും അറിയിച്ചാണ് വീൽചെയറിെൻറ സഹായത്തോടെ യാത്ര പറഞ്ഞിറങ്ങിയത്.മുസഫ വ്യവസായനഗരിയിലെ അൽ ജാബർ ഗ്രൂപ് കമ്പനിയിൽ ഗ്ലോബൽ പൊസിഷനിങ് സർവെ (ജി.പി.എസ്) ഹെൽപറായി ജോലി ചെയ്തിരുന്ന സൈഫുദ്ദീൻ രണ്ടു പതിറ്റാണ്ടുനീണ്ട ജോലി മതിയാക്കി നാട്ടിലേക്കു മടങ്ങാൻ വിസ റദ്ദാക്കിയിരുന്നു. 18 വർഷത്തിലേറെ ഈ കമ്പനിയിൽ ജോലി ചെയ്യുന്ന സൈഫുദ്ദീെൻറ സെറ്റിൽമെൻറും വിമാന യാത്രക്കുള്ള അനുമതിയും വേഗത്തിലായാൽ എത്രയും വേഗം നാട്ടിലേക്കു മടങ്ങാനാവും.
നാട്ടിലുള്ള ഭാര്യ മൻസില, മക്കളായ അൻസി, അനസ്, ഫാത്തിമ എന്നിവർക്കൊപ്പം ശേഷിക്കുന്ന കാലം ജീവിക്കണം. ഒറ്റക്കു യാത്ര ചെയ്യാവുന്ന അവസ്ഥയിലല്ലാത്തതിനാൽ അൽഐനിൽ ഡ്രൈവറായി ജോലിചെയ്യുന്ന അനന്തരവൻ ഷെഹനാദ് സഹായിയായി അനുഗമിക്കും. സൈഫുദ്ദീെൻറ കൂടെപ്പോകാൻ അവധി ചോദിച്ചപ്പോൾ ജോലി ഒഴിവാക്കിപ്പൊയ്ക്കോളാനായിരുന്നു തൊഴിലുടമയുടെ പ്രതികരണം. ഇതോടെ, ജോലി ഉപേക്ഷിച്ചാണ് മാമാക്ക് തുണയായി ഷെഹനാദ് നാട്ടിലേക്കു പോകുന്നത്. മറ്റു തൊഴിലാളികൾക്കൊപ്പം താമസിക്കുന്ന സൈഫുദ്ദീനെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിന് എംബസി ഇടപെടുമെന്നും ഇവർ പ്രതീക്ഷിക്കുന്നു. ആശുപത്രിയിൽ സഹായമൊരുക്കി മാനസികധൈര്യം പകർന്നത് ആലപ്പുഴ ഹരിപ്പാട് തൃക്കുന്നപ്പുഴ സ്വദേശിയും 2004 മുതൽ മഫ്രഖ് ആശുപത്രിയിലെ ജീവനക്കാരനുമായ നൗഷാദാണ്. പ്രവാസി ഇന്ത്യയുടെ മുസഫയിലെ പ്രവർത്തകരാണ് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്ത സൈഫുദ്ദീനെ മഫ്രഖിലെ ലേബർ ക്യാമ്പിലെത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
