ദുബൈയിൽ ട്രാഫിക് സിഗ്നലുമായി വാഹനങ്ങളെ ബന്ധിപ്പിക്കുന്നു
text_fieldsദുബൈ: നഗരത്തിലെ ഗതാഗത നിയന്ത്രണം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ട്രാഫിക് സിഗ്നലുകളെ വാഹനങ്ങളുമായി ബന്ധിപ്പിക്കുന്നതിന് നിർമിത ബുദ്ധി (എ.ഐ) സംവിധാനം അവതരിപ്പിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). വി2എക്സ് എന്ന് പേരിട്ടിരിക്കുന്ന സ്മാർട്ട് ട്രാഫിക് സംവിധാനം അടുത്ത രണ്ട് വർഷത്തിനിടയിൽ നഗരത്തിലെ 620 ജങ്ഷനുകളിലും ട്രാഫിക് ലൈറ്റുകളിലും ഘടിപ്പിക്കും. ഇതാദ്യമായാണ് ഇത്തരമൊരു നൂതന പദ്ധതി ആർ.ടി.എ അവതരിപ്പിക്കുന്നത്.
ട്രാഫിക് സിഗ്നലുകളുമായി ബന്ധിപ്പിക്കുന്ന വാഹനങ്ങളുടെ ഡാഷ്ബോർഡുകളിൽനിന്നും ട്രാഫിക് സിഗ്നലുകളിൽനിന്നും യഥാസമയം ലഭിക്കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി നഗരത്തിലെ ഗതാഗത നിയന്ത്രണം കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം. നഗരത്തിൽ വാഹനങ്ങളുടെ തിരക്കേറിയ സമയങ്ങൾ ഏതെന്ന് കണ്ടെത്തി ട്രാഫിക് സംവിധാനങ്ങളിൽ ആവശ്യമായ ക്രമീകരണങ്ങൾ നടത്താൻ പുതിയ സംവിധാനം സഹായകമാവും.
എ.ഐ, ഡിജിറ്റൽ ട്വിൻ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഡ്രൈവർമാർക്ക് ആവശ്യമായ നിർദേശം നൽകുന്നതിലൂടെ റോഡ് സുരക്ഷ മെച്ചപ്പെടുത്താനും ഗതാഗതക്കുരുക്ക് ഇല്ലാതാക്കാനും സാധിക്കും. പുതിയ സംവിധാനം അവതരിപ്പിക്കുന്നതിലൂടെ 37 ശതമാനം ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.
പുതിയ കാറുകളിൽ സ്മാർട്ട് കണക്ടിവിറ്റി ഫീച്ചറുകൾ ഒരുക്കുന്നതിനായി കാർ നിർമാണ കമ്പനികളുമായി ചർച്ചകൾ നടന്നുവരികയാണെന്ന് ആർ.ടി.എ വൃത്തങ്ങൾ അറിയിച്ചു. വാഹനത്തിന്റെ സ്ക്രീനിൽ തത്സമയ ട്രാഫിക് ഡാറ്റ പ്രദർശിപ്പിക്കുന്ന കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ ആപ്ലിക്കേഷനുകൾ എന്നിവ വഴിയോ നൂതന ഉപകരണം ഘടിപ്പിച്ചോ പഴയ കാറുകൾക്കും പുതിയ സംവിധാനം പ്രയോജനപ്പെടുത്താം.
മൊബൈൽ ഫോൺ ഉപയോഗിക്കാതെ തത്സമയ വിവരങ്ങൾ ലഭ്യമാക്കാൻ ഇതുവഴി കഴിയും. ദുബൈ ഇന്റലിജന്റ് ട്രാഫിക് സിസ്റ്റംസ് സെന്ററുമായി സംയോജിപ്പിച്ചിരിക്കുന്ന ഈ സംവിധാനം സിഗ്നൽ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും നഗരത്തിലുടനീളമുള്ള ഗതാഗതനീക്കം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും എ.ഐ ഉപയോഗിക്കുമെന്ന് ആർ.ടി.എയുടെ ഇന്റലിജന്റ് ട്രാഫിക് സിസ്റ്റംസ് ഡയറക്ടർ എൻജീനിയർ സലാഹുദ്ദീൻ അൽ മർസൂഖി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

