വാഹനങ്ങളുടെ ഇറക്കുമതി കൂടി; ജബൽ അലി തുറമുഖത്ത് യാർഡിന്‍റെ വലിപ്പം കൂട്ടി ഡി.പി വേൾഡ്
text_fieldsജബൽ അലി തുറമുഖത്ത് നിർമാണം പൂർത്തിയായ പുതിയ യാർഡ്
ദുബൈ: ഓട്ടോമോട്ടീവ് വാഹനങ്ങളുടെ ഇറക്കുമതിയിൽ വൻ വളർച്ച രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ ജബൽ അലി തുറമുഖത്ത് വാഹനങ്ങൾ സൂക്ഷിക്കുന്നതിനുള്ള യാർഡിന്‍റെ വലിപ്പം കൂട്ടി ഡി.പി വേൾഡ്. ടെർമിനൽ നാലിൽ 26 ലക്ഷം ചതുരശ്ര അടിയിൽ പുതിയ യാർഡ് നിർമിച്ചു. ഒരേ സമയം 13,000 കാറുകൾ സൂക്ഷിക്കാൻ ശേഷിയുള്ളതാണ് പുതിയ യാർഡ്. ഇതോടെ ജബൽ പോർട്ടിലെ ആകെ സംഭരണ ശേഷി 75,000 ആയി ഉയർന്നു.
ഒരേ സമയം മൂന്ന് റോറോ വെസ്സലുകളെ കൈകാര്യം ചെയ്യാൻ ശേഷിയുള്ള മൂന്ന് കടലിടുക്കുകളും പുതുതായി നിർമിച്ചിട്ടുണ്ട്. ഇതോടെ ടെർമിനൽ ഒന്നിൽ നിന്ന് റോറോ പ്രവർത്തനങ്ങൾ ടെർമിനൽ നാലിലേക്ക് മാറ്റി. തുറഖമത്തെ ബെർത്തിന്‍റെ ലഭ്യത മെച്ചപ്പെടുത്തുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ഓട്ടോമോട്ടീവ് വ്യാപാര രംഗത്ത് മിഡിൽ ഈസ്റ്റിലെ മുൻനിര കേന്ദ്രമായി ദുബൈയുടെ സ്ഥാനം ശക്തിപ്പെടുത്താൻ പുതിയ നവീകരണം സഹായകമാവുമെന്ന് ഡി.പി വേൾഡ് മാനേജിങ് ഡയറക്ടും സി.ഇ.ഒയുമായ അബ്ദുല്ല ബിൻ ദമിത്താൻ പറഞ്ഞു.
കൂടുതൽ യാർഡ് സ്ഥലം, വേഗത്തിലുള്ള സേവനം, വിശ്വസനീയമായ ബെർത്ത് ലഭ്യത എന്നിവയെല്ലാം ഓട്ടോമോട്ടീവ് വിതരണ ശൃംഖലയുടെ വളർച്ചയെ സഹായിക്കുന്നതിന് രൂപകൽപ്പന ചെയ്തിട്ടുള്ളതാണെന്ന്ഡി.പി വേൾഡ് കൊമേഴ്സ്യൽ പോർട്ട്സ് ആൻഡ് ടെർമിനൽസ് സി.വി.പി ഷഹാബ് അൽ ജാസ്മി പറഞ്ഞു. ഈ വർഷം ആദ്യ പാദത്തിൽ 5.45 ലക്ഷം വാഹനങ്ങളാണ് ജബൽ അലി തുറമുഖത്ത് എത്തിയത്. കഴിഞ്ഞ വർഷം ഇതേകാലയളവിനെ അപേക്ഷിച്ച് 28 ശതമാനമാണ് വർധന. ഇറക്കുമതിയുടെ 65 ശതമാനവും ചൈന, ജപ്പാൻ, തായ്‌ലൻഡ്, ഇന്ത്യ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നിന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

