Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘ഗൾഫ് ഓണം’...

‘ഗൾഫ് ഓണം’ കെങ്കേമമാക്കാൻ പച്ചക്കറി കയറ്റുമതി സജീവം

text_fields
bookmark_border
‘ഗൾഫ് ഓണം’ കെങ്കേമമാക്കാൻ പച്ചക്കറി കയറ്റുമതി സജീവം
cancel

ദുബൈ: മലയാളിക്ക് ഓണാഘോഷത്തിന് വിഭവസമൃദ്ധമായ രുചിക്കൂട്ടൊരുക്കാൻ നാടൻ പഴങ്ങളും പച്ചക്കറികളുമായി വിമാനങ്ങൾ ഗൾഫ് രാജ്യങ്ങളിലേക്ക് പറക്കുന്നു. വിമാന കാർഗോ നിരക്ക് വർധനവിലെ സർവകാല റെക്കോർഡും കടൽമാർഗമുള്ള ഗതാഗത തടസ്സങ്ങളും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെങ്കിലും, പ്രവാസികളുടെ ഓണസദ്യ മുടങ്ങാതിരിക്കാൻ ടൺ കണക്കിന് സാധനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി കേരളത്തിൽനിന്ന് വിമാനമാർഗം കടൽ കടന്നത്.

ഉത്രാടപ്പാച്ചിലിന് മുന്നോടിയായി ഗൾഫ് വിപണികളിലേക്ക് ആവശ്യമായ സാധനങ്ങളുടെ പാക്കിങ്ങും കയറ്റുമതിയും കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിൽ സജീവമായി തുടരുകയാണ്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് വിലക്കുള്ളതിനാല്‍ നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ വഴിയാണ് ഇത്തവണയും സാധനങ്ങള്‍ കൂടുതലും കയറ്റിപ്പോയത്. നെടുമ്പാശ്ശേരി വിമാനത്താവളം വഴി മാത്രം 400 ടൺ പഴങ്ങളും പച്ചക്കറികളുമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഗൾഫിലേക്ക് കടന്നത്. സാധാരണ യാത്രാ വിമാനങ്ങൾക്കു പുറമേ നാഷനൽ എയർലൈൻസ്, ഇൻഡിഗോ, ഇത്തിഹാദ് തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികളുടെ പ്രത്യേക ചരക്കു വിമാനങ്ങളും ഇതിനായി സർവീസ് നടത്തുന്നുണ്ട്.

ഓണസദ്യയുടെ പ്രധാന ആകർഷണങ്ങളായ ശർക്കരവരട്ടി, കായ വറുത്തത്, പപ്പടം, പായസ വിഭവങ്ങൾ, അട, പൂജക്കുള്ള ഓണത്തപ്പൻ എന്നിവ നേരത്തെ തന്നെ വിപണികളിൽ എത്തിച്ചേർന്നിട്ടുണ്ട്. എളുപ്പത്തിൽ കേടുവരാത്ത മത്തൻ, ചേന, കുമ്പളങ്ങ, വെള്ളരി, ഏത്തക്കായ തുടങ്ങിയ ഇനങ്ങൾ ചെലവ് കുറക്കുന്നതിന്‍റെ ഭാഗമായി മുൻകൂട്ടി കപ്പൽ മാർഗം അയക്കുന്ന രീതിയും നിലവിലുണ്ടായിരുന്നു. എന്നാൽ, അന്താരാഷ്ട്ര തലത്തിലെ സംഘർഷങ്ങളും ഹോർമുസ് കടലിടുക്കിലെ പ്രശ്നങ്ങളും കാരണം കപ്പൽ വഴി കയറ്റുമതി കടുത്ത പ്രതിസന്ധിയിലാണ്. മാസങ്ങൾക്ക് മുമ്പ് അയച്ച ചരക്കുകൾ പോലും ലക്ഷ്യസ്ഥാനത്ത് എത്താതായതോടെ വ്യാപാരികൾ ഭീമമായ നിരക്കിൽ വിമാനമാർഗം അയക്കാൻ നിർബന്ധിതരായി.പല വിമാനക്കമ്പനികളും 20 മുതൽ 40 ശതമാനം വരെയും, ചിലയിടങ്ങളിൽ മൂന്നര ഇരട്ടിയോളവുമാണ് കാർഗോ നിരക്ക് വർധിപ്പിച്ചത്. ഗൾഫിൽ സ്കൂൾ തുറക്കുന്ന സീസണായതിനാൽ യാത്രാവിമാനങ്ങളിൽ കാർഗോക്ക് സ്ഥലം ലഭിക്കാത്ത അവസ്ഥയുമുണ്ട്. അതുകൊണ്ടുതന്നെ കയറ്റുമതിയുടെ അളവിൽ മുൻവർഷത്തെക്കാൾ കുറവുണ്ടായിട്ടുണ്ടെന്ന് കരിപ്പൂർ കെ.ബി എക്സ്പോർട്ടിങ് ഉടമ റഫീഖ് ‘ഗൾഫ് മാധ്യമ’ ത്തോട് പറഞ്ഞു.

നാടൻ മുരിങ്ങ, കോവക്ക, വെണ്ടക്ക, ചേന, വഴുതനങ്ങ, പച്ചമുളക്, ഇടിച്ചക്ക, വെള്ളരി, പാവക്ക, മത്തൻ, കാബേജ്, കൂര്‍ക്ക, പച്ചക്കായ, പയര്‍, ചക്ക, വാഴയില, വാഴക്കൂമ്പ്, മത്തൻ, കുമ്പളം, കാരറ്റ് തുടങ്ങിയവക്ക് പുറമെ നേന്ത്രപ്പഴവും വൻതോതിലാണ് പാക്ക് ചെയ്യുന്നത്.

കേരളത്തില്‍നിന്ന് കൊണ്ടുപോകുന്ന പച്ചക്കറികള്‍ക്ക് ഗൾഫിൽ വന്‍ ഡിമാൻഡാണ്. കേരളത്തിലെ പച്ചക്കറികള്‍ വിഷരഹിതമാണെന്ന വിശ്വാസമാണ് ഈ ഡിമാൻഡിന് കാരണം. ജൈവ കൃഷിക്ക് പ്രോത്സാഹനം നല്‍കിയതോടെ ഉണ്ടായ മാറ്റമാണിത്. കേരള ഓര്‍ഗാനിക് എന്ന പേരിലാണ് കേരള പച്ചക്കറികള്‍ കയറ്റുമതി ചെയ്യുന്നത്. എന്നാൽ, നാടൻ വിപണിയിലെ ലഭ്യതക്കുറവ് പരിഹരിക്കാൻ തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നും പച്ചക്കറികൾ ശേഖരിക്കുന്നുണ്ട്.

വിപണി പിടിക്കാൻ നാക്കിലകൾ പറന്നിറങ്ങി

ദുബൈ: പ്രവാസ ലോകത്തെ ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ കേരളത്തിൽ നിന്നുള്ള വാഴയില കയറ്റുമതിയും സജീവമാണ്. മലയാളിക്ക് നാട്ടിലെ അതേ ശീലങ്ങളോടെ ഓണമുണ്ണാൻ ഇത്തവണയും വിമാനമേറുന്നത് കോടികളുടെ വാഴയിലകൾ. കിലോക്ക് നൂറു രൂപയിലേറെ കാർഗോ നിരക്ക് ഉയർന്ന പ്രതിസന്ധിക്കിടയിലും വിദേശത്ത് നാക്കിലയിലെ സദ്യക്ക് ആവശ്യക്കാരേറെയാണ്. രണ്ടു കോടിയോളം രൂപയുടെ വാഴയിലയാണ് ഈ ഓണക്കാലത്ത് വിദേശ വിപണി ലക്ഷ്യമാക്കി കൊച്ചിയിൽ നിന്നും പറന്നത്.

വാഴയില വിതരണത്തിന് മാത്രമായി ഏജന്‍റുമാരുണ്ട്. വാഴയില ശേഖരണത്തിനായി തമിഴ്‌നാട്ടിലെ കമ്പം, തേനി, തിരുനെൽവേലി, നാഗർകോവിൽ, മേട്ടുപ്പാളയം തുടങ്ങിയ സ്ഥലങ്ങളെയാണ് വിതരണക്കാർ പ്രധാനമായും ആശ്രയിക്കുന്നത്. ഇവിടെ നിന്നുള്ള ‘കദളി’ വാഴയുടെ കീറലുകളില്ലാത്ത ഒന്നാംകിട ‘നാക്കിലകൾ’ മാത്രമാണ് കയറ്റുമതിക്കായി തരംതിരിക്കുന്നത്. പാലക്കാട്, വയനാട് ജില്ലകളിൽ നിന്നും വലിയ അളവിൽ ഇലകൾ ശേഖരിക്കുന്നുണ്ട്.

കേടുപാടുകൾ കൂടാതിരിക്കാൻ പ്രത്യേക മുൻകരുതലുകളോടെയാണ് പാക്കിങ്. അഞ്ച് കിലോഗ്രാം ശേഷിയുള്ള കാർഡ് ബോർഡ് പെട്ടികളിൽ ബട്ടർ പേപ്പറോ പ്ലാസ്റ്റിക് ലാമിനേഷനോ നൽകി ഇലകളുടെ ഈർപ്പവും പച്ചപ്പും നിലനിർത്തുന്നു. ഒരു കിലോയിൽ 70 മുതൽ 80 വരെ ഇലകളാണ് ഉണ്ടാകുക. കരിപ്പൂർ, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങൾ വഴിയും, അടിയന്തര ആവശ്യങ്ങൾക്കായി ചാർട്ടർ ചെയ്യുന്ന പ്രത്യേക ചരക്കുവിമാനങ്ങൾ വഴിയുമാണ് ഇവ ഗൾഫിലേക്ക് എത്തിക്കുന്നത്.

വിമാനമാർഗം അയക്കുന്നതിനാൽ 24 മുതൽ 36 മണിക്കൂറിനുള്ളിൽ വിപണിയിൽ എത്തുന്ന ഇലകൾക്ക് ഗൾഫിൽ വലിയ സ്വീകാര്യതയാണുള്ളത്. അഞ്ച് കിലോഗ്രാം വരുന്ന ഒരു ബോക്സിന് 35 മുതൽ 50 ദിർഹം വരെ മൊത്തവ്യാപാര വിപണിയിൽ വില ലഭിക്കുമ്പോൾ, സൂപ്പർമാർക്കറ്റുകളിലെ റീട്ടെയിൽ വിൽപനയിൽ ഒരു ഇലക്ക് 50 ഫിൽസ് മുതൽ രണ്ടു ദിർഹം വരെയാണ് ഈടാക്കുന്നത്.

എയർ കാർഗോ നിരക്കിലുണ്ടാകുന്ന പെട്ടെന്നുള്ള വർധനവും വിമാന ഷെഡ്യൂളുകളിലെ മാറ്റങ്ങളുമാണ് കയറ്റുമതി മേഖല നേരിടുന്ന പ്രധാന വെല്ലുവിളികൾ. പെട്ടെന്ന് കേടുവരുന്ന വസ്തുവായതിനാൽ കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തിക്കുക എന്നത് വ്യാപാരികൾക്ക് ഏറെ നിർണായകമാണ്.

പഴവും പച്ചക്കറിയും കയറ്റി അയക്കുന്ന സ്ഥാപനങ്ങളെല്ലാം തന്നെ ഓണക്കാലത്തെ ഈ ഉയർന്ന ഡിമാൻഡ് മുൻനിർത്തി വാഴയില കയറ്റുമതിയിലും സജീവമായി രംഗത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Planes fly to Gulf countries with local fruits and vegetables
Next Story