പച്ചക്കറി വില കുതിക്കുന്നു; തക്കാളിക്ക് പിടിവിട്ടു
text_fieldsഷാര്‍ജ: യു.എ.ഇ വിപണിയില്‍ പച്ചക്കറി വില കുതിച്ചുയരുന്നു. സവാള, തക്കാളി, ചേന, കുമ്പളം, കോവക്ക, വെള്ളരി, പയര്‍ തുടങ്ങിയവക്കെല്ലാം വില കൂടിയിട്ടുണ്ട്. ജോർഡനില്‍ നിന്ന് വരുന്ന തക്കാളിക്ക് എട്ട് മുതല്‍ 10 ദിര്‍ഹം വരെയാണ് വിപണിയിലെ വില. ചിലയിടങ്ങളില്‍ വിലയില്‍ മാറ്റമുണ്ട്. നിലവില്‍ കുറഞ്ഞ വിലയില്‍ കിട്ടുന്ന തക്കാളി ജോർഡേൻറതാണ്.
യു.എ.ഇ തോട്ടങ്ങളില്‍ വേനലില്‍ ഉത്പാദനം കുറഞ്ഞതാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. തക്കാളി ധാരാളമായി കൃഷി ചെയ്യുന്നത് ഷാര്‍ജയിലെ ദൈദ്, റാസല്‍ഖൈമയിലെ അല്‍ ഹംറാനിയ എന്നിവിടങ്ങളിലാണ്. എന്നാല്‍ കത്തുന്ന വേനല്‍ ഇവിടെ കൃഷിയെ കാര്യമായി ബാധിച്ചതാണ് വില്ലനായത്. ഇന്ത്യയില്‍ കൃഷിയിലുണ്ടായ കുറവും പ്രതികൂല കാലാവസ്ഥയും കയറ്റുമതി രംഗത്തെ കാര്യമായി ബാധിച്ചതും വിലക്കയറ്റത്തിന് കാരണമാണെന്ന് കച്ചവടക്കാര്‍ പറയുന്നു. ഹോളണ്ടില്‍ നിന്നുവരുന്ന തക്കാളിക്ക് 15 ദിര്‍ഹത്തിനടുത്താണ് കിലോക്ക് വില.
വിപണിയില്‍ ഏറെ ആവശ്യക്കാരുള്ളത് ഇന്ത്യന്‍ സവാളക്കാണ്. രണ്ട് ദിര്‍ഹത്തിന് മുകളിലേക്ക് പോകാത്ത ഇന്ത്യന്‍ സവാള നാല് ദിര്‍ഹം കടന്നിട്ടുണ്ട്. എന്നാല്‍ ഈജിപ്തില്‍ നിന്ന് വരുന്ന സവാളക്ക് വലിയ വിലയില്ല. ഒമാനില്‍ നിന്നുള്ള പച്ചക്കറി വരവും കുറഞ്ഞിട്ടുണ്ട്. കച്ചവട സ്ഥാപനങ്ങള്‍ ഇടക്കിടെ പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങളാണ് സാധാരണക്കാരുടെ പ്രധാന ആശ്വാസം. ഇഞ്ചി, വെളുത്തുള്ളി എന്നിവക്ക് കാര്യമായ വില വര്‍ധനയില്ല. എന്നാല്‍ പഴ വിപണിയില്‍ കയറ്റം പ്രകടം.
ഇടക്കൊന്ന് കുറഞ്ഞ് നിന്ന മീന്‍ വില വാണം വിട്ട പോലെ കുതിച്ചുയര്‍ന്നതും സാധാരണക്കാരെ കാര്യമായി ബാധിച്ചിട്ടുണ്ട്. മത്തി നാല് കിലോ 25 ദിര്‍ഹത്തിനാണ് വില്‍ക്കുന്നത്. ഇടക്കൊന്ന് 10 ദിര്ഹത്തിലെത്തിയാണ് വീണ്ടും മുന്നോട്ട് കുതിച്ചത്. മറ്റ് മീനുകളുടെ കാര്യവും ഇത് തന്നെ. ചൂട് കാലത്ത് പ്രവാസികളുടെ ശരീരത്തെ തണുപ്പിക്കുന്ന തണ്ണി മത്തന്‍ വലിയ വിലയില്ല. കിലോക്ക് രണ്ട് ദിര്‍ഹത്തിന് ഇത് ലഭിക്കും. മഞ്ഞ നിറത്തില്‍ വരുന്ന മത്തന്‍ വില കൂടുതലാണ്.
ഫിലിപൈന്‍സില്‍ നിന്ന് വരുന്ന കൈതച്ചക്കക്ക് എണ്ണത്തിനാണ് വില. എന്നാല്‍ ചക്കക്ക് കിലോ 25 ദിര്‍ഹം കൊടുക്കണം. ഇന്ത്യന്‍ ചെറുനാരങ്ങക്ക് വലിയ വിലയാണ്. എന്നാല്‍ ആഫ്രിക്കയില്‍ നിന്ന് വരുന്ന വലിയ ചെറുനാരങ്ങക്ക് വിലക്കുറവുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
