ടൂറിസ്റ്റുകൾക്ക് വാറ്റ് റീഫണ്ടിന് ആപ്
text_fieldsദുബൈ: യു.എ.ഇയിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് മൂല്യവർധിത നികുതി (വാറ്റ്) റീഫണ്ട് ചെയ്യാൻ പുതിയ ഡിജിറ്റൽ ആപ്ലിക്കേഷൻ അവതരിപ്പിച്ച് ഫെഡറൽ ടാക്സ് അതോറിറ്റി (എഫ്.ടി.എ). ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന സാങ്കേതിക വിദ്യ പ്രദർശനമായ ജൈടെക്സിലാണ് പുതിയ ആപ് പരിചയപ്പെടുത്തിയത്.
സന്ദർശനത്തിനിടെ രാജ്യത്തെ വിവിധ ഷോപ്പുകളിൽനിന്ന് വാങ്ങിയ സാധനങ്ങളുടെ പ്രിന്റഡ് ബില്ലുകൾ കൈയിൽ കരുതേണ്ടതില്ലെന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. എഫ്.ടി.എയുടെ സേവനദാതാക്കളായ പ്ലാനറ്റ് വഴി സന്ദർശകർക്ക് പുതിയ ആപ് ഡൗൺലോഡ് ചെയ്യാം.
രാജ്യത്തെ ഏതെങ്കിലും ഷോപ്പുകളിൽനിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ വ്യാപാരികൾ ഇൻവോയ്സ് സ്കാൻ ചെയ്യുകയും ഇത് ആപ്പിൽ റെക്കോഡ് ചെയ്യപ്പെടുകയും ചെയ്യും. ഇങ്ങനെ ഉപഭോക്താവ് നടത്തുന്ന ഓരോ ഇടപാടുകളുടെയും ഇൻവോയ്സുകൾ ആപ്പിൽ രേഖപ്പെടുത്തും. തുടർന്ന് ഇയാൾ രാജ്യം വിടുമ്പോൾ വിമാനത്താവളങ്ങളിലെ നിശ്ചിത കൗണ്ടറുകളിൽ ആപ്പിലെ ഡിജിറ്റൽ ഇൻവോയ്സ് വിവരങ്ങൾ കാണിച്ചാൽ ക്രെഡിറ്റ് കാർഡുകളിൽ വാറ്റ് തുക റീഫണ്ട് ചെയ്യുമെന്ന് എഫ്.ടി.എയുടെ നികുതിദായകരുടെ സേവന വകുപ്പ് ഡയറക്ടർ സഹ്റ അൽ ദമാനി പറഞ്ഞു.
2018ലാണ് യു.എ.ഇയിൽ ഉൽപന്നങ്ങൾക്ക് വാറ്റ് നികുതി പ്രഖ്യാപിച്ചത്. എന്നാൽ, ടൂറിസ്റ്റുകൾക്ക് വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, മറ്റ് അതിർത്തി ചെക്പോസ്റ്റുകൾ എന്നിവിടങ്ങളിലെ നിശ്ചിത കൗണ്ടറുകളിൽ ബില്ലുകൾ നൽകി വാറ്റ് റീഫണ്ട് ചെയ്യാൻ അവസരം നൽകിയിരുന്നു.
കൗണ്ടറുകളിൽ ദീർഘനേരം വരിനിന്നാണ് ഇത് സാധ്യമാക്കിയിരുന്നത്. ഡിജിറ്റൽ ആപ് വരുന്നതോടെ നടപടിക്രമങ്ങൾ വേഗത്തിലാവുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

