ആറ് കോടിയുടെ വണ്ടിച്ചെക്ക് തട്ടിപ്പുകാരൻ വന്ദേഭാരത് മിഷൻ വഴി ഇന്ത്യയിലെത്തി
text_fieldsദുബൈ: ദുബൈയിലെ വ്യാപാരികൾക്ക് വൻതുകയുടെ വണ്ടി ചെക്ക് നൽകി കബളിപ്പിച്ച മുംബൈ സ്വദേശി വന്ദേ ഭാരത് മിഷൻ വഴി നാട്ടിലേക്ക് കടന്നതായി പരാതി. മഹാരാഷ്ട്ര സ്വദേശി യോഗേന്ദ്ര അശോകാണ് ഇന്ത്യയിലേക്ക് കടന്നത്. 30 ലക്ഷം ദിർഹമിെൻറ (ആറ് കോടി ഇന്ത്യൻ രൂപ) വണ്ടിചെക്കുകളാണ് ഇയാൾ വ്യാപാരികൾക്ക് നൽകിയത്.
11ന് അബൂദബിയിൽ നിന്ന് ഹൈദരബാദിലേക്ക് പോയ വിമാനത്തിലാണ് ഇന്ത്യയിലെത്തിയത്. ഇയാൾക്കെതിരെ യു.എ.ഇ പൗരൻമാർ ഉൾപ്പെടെ പരാതിയുമായി രംഗത്തെത്തി. രണ്ട് കമ്പനികളുടെ പേരിൽ യു.എ.ഇ സ്വദേശികളായ വനിതകൾക്ക് ഇയാൾ ചെക്ക് നൽകിയിട്ടുണ്ട്. വൻതുകയുടെ ചരക്കുകൾ സ്വന്തമാക്കി കടന്ന ഇയാളെ കുറിച്ച് ഇപ്പോൾ വിവരമില്ലെന്ന് പരാതിയിൽ പറയുന്നു.
ചെക്കുകൾ ഒന്നിന് പിറകെ ഒന്നായി മടങ്ങാൻ തുടങ്ങിയതോടെ നടത്തിയ അന്വേഷത്തിലാണ് ഇയാൾ നാട്ടിലേക്ക് കടന്നതായി വിവരം ലഭിച്ചത്. 30,000 മുതൽ മൂന്ന് ലക്ഷം വരെയുള്ള തുകയുടെ ചെക്കുകൾ നൽകിയാണ് ഇയാൾ ചരക്കുകൾ കൈപറ്റിയത്. ദുരിതത്തിൽ കഴിയുന്നവർക്ക് മാത്രം നാട്ടിലേക്ക് പോകാനുള്ള വന്ദേഭാരത് മിഷനിൽ ഇയാൾ എങ്ങനെ നാട്ടിലേക്ക് പോയി എന്നത് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെടുകയാണ് തട്ടിപ്പിന് ഇരകളായവർ.