വടകര എൻ.ആർ.ഐ പ്രവാസോത്സവം നവംബർ രണ്ടിന്
text_fieldsപ്രതീകാത്മക ചിത്രം
ദുബൈ: പ്രാദേശിക കൂട്ടായ്മകളിൽ 23 വർഷത്തെ പ്രവർത്തന പരാമ്പര്യമുള്ള വടകര എൻ.ആർ.ഐയുടെ വാർഷിക പരിപാടി നവംബർ രണ്ടിന് ദുബൈ അൽ ഖിസൈസ് ക്രസന്റ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വടകര എം.പി ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്യും. പ്രമുഖ ഗായകരായ ശ്രീനാഥ് ശിവശങ്കരൻ, നീതു ഫൈസൽ എന്നിവർ നയിക്കുന്ന ഗാനമേളയും പരിപാടിയുടെ ഭാഗമായി നടത്തപ്പെടും. പ്രവാസികളായ കലാപ്രതിഭകളെ കണ്ടെത്തുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നിരവധി പരിപാടികൾ ഉത്സവത്തിന്റെ ഭാഗമായി നടക്കും.
കുട്ടികളുടെ ഫാഷൻ ഷോ, സ്റ്റാൻഡ് അപ് കോമഡി മത്സരം, സ്കിറ്റ്, ശിങ്കാരി മേളം തുടങ്ങി ജനകീയ കലാരൂപങ്ങളും വടക്കൻ മലബാറിലെ നാട്ടിപ്പാട്ട്, കല്യാണ വീട്ടിലെ അരവ് പാട്ട് തുടങ്ങിയ സംഗീത പരിപാടികളും അരങ്ങേറും. വാർഷികത്തിന്റെ ഭാഗമായ പ്രവാസി ഓർമക്കുറിപ്പ് മത്സരത്തിലെ വിജയികൾ, പ്രഥമ കടത്തനാട് മാധവി അമ്മ കവിതാ പുരസ്കാര ജേതാവ് എന്നിവരെ വേദിയിൽ വെച്ച് പ്രഖ്യാപിക്കും.
തെരഞ്ഞെടുക്കപ്പെട്ട മൂന്ന് പേർക്ക് കടത്തനാട് ബിസിനസ് എക്സലൻസി അവാർഡും പരിപാടിയിൽ വിതരണം ചെയ്യുമെന്ന് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ.പി. മുഹമ്മദ്, ജനറൽ കൺവീനർ പുഷ്പജൻ, പ്രസിഡന്റ് ഇക്ബാൽ ചെക്ക്യാട്, ജനറൽ സെക്രട്ടറി രമൽ നാരായണൻ, ട്രഷറർ മുഹമ്മദ് ഏറാമല എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

