വടകര മഹോത്സവം 20ന് അബൂദബിയിൽ
text_fieldsഅബൂദബി: വടകര എൻ.ആർ.ഐ ഫോറം അബൂദബി ചാപ്റ്റർ ഇരുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള വടകര മഹോത്സവം ഒക്ടോബർ 20 ഞായറാഴ്ച വൈകീട്ട് നാലു മുതൽ അബൂദബി കേരള സോഷ്യൽ സെന്ററിൽ നടക്കും. യു.എ.ഇയിലെ പ്രമുഖരായ കലാകാരന്മാർ അണിനിരക്കുന്ന കലാ സന്ധ്യ, നാടിന്റെ രുചി വൈഭവം വിളിച്ചോതുന്ന ഭക്ഷണ ശാലകൾ ഉൾപ്പെടെ നാടൻ തെരുവിനെ അനുസ്മരിപ്പിക്കുന്ന അന്തരീക്ഷത്തിലാണ് പരിപാടി.
ഇരുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഒക്ടോബർ 12 ശനിയാഴ്ച രാത്രി എട്ട് മണിക്ക് അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ സാഹിത്യ സദസ്സ് സംഘടിപ്പിക്കും. ചടങ്ങിൽ പ്രമുഖ എഴുത്തുകാരനും ചരിത്രകാരനുമായ പി. ഹരീന്ദ്രനാഥ് മുഖ്യാതിഥിയാവും.
20 വർഷംകൊണ്ട് നാട്ടിലും വിദേശത്തുമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഘടന നേതൃത്വം നൽകിയിട്ടുണ്ട്. പ്രവേശന കൂപ്പൺ വഴി തിരഞ്ഞെടുക്കുന്ന വിജയികൾക്ക് ഇരുപതോളം ആകർഷക സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.

