കുട്ടികൾക്ക് വാക്സിനേഷൻ നിർബന്ധമില്ല –ആരോഗ്യമന്ത്രാലയം
text_fieldsദുബൈ: മൂന്നിനും 15നും ഇടയിൽ പ്രായമുള്ളവർക്ക് കോവിഡ് വാക്സിനേഷൻ നിർബന്ധമില്ലെന്ന് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.
കുട്ടികൾക്ക് രാജ്യത്ത് വാക്സിനേഷൻ ആരംഭിച്ച പശ്ചാത്തലത്തിലാണ് മന്ത്രാലയം ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. സ്വയംസന്നദ്ധരായി വരുന്നവർക്കാണ് വാക്സിൻ ലഭ്യമാക്കുക. 47 കേന്ദ്രങ്ങളിലായാണ് നിലവിൽ മൂന്നു മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്നത്.
ഷാർജയിൽ 19 കേന്ദ്രങ്ങളിലും ഫുജൈറ 10, റാസൽഖൈമ 9, അജ്മാൻ മൂന്ന്, ഉമ്മുൽഖുവൈൻ മൂന്ന്, ദുബൈ ഒന്ന് എന്നിങ്ങനെ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. മൂന്ന് മുതൽ 11 വയസ്സുവരെയുള്ളവർക്ക് സിനോഫാമും 12 മുതൽ മുകളിലുള്ളവർക്ക് സിനോഫാമോ ഫൈസറോ ആണ് നൽകുക.
യു.എ.ഇ കഴിഞ്ഞ ആഴ്ചയിലാണ് കുട്ടികളിൽ സിനോഫാം ഉപയോഗത്തിന് അംഗീകാരം നൽകിയത്. ക്ലിനിക്കൽ പരീക്ഷണത്തിൽ സുരക്ഷിതമാണെന്ന് തെളിഞ്ഞതിെൻറ അടിസ്ഥാനത്തിലാണ് കുട്ടികൾക്ക് വാക്സിൻ നൽകാൻ തീരുമാനിച്ചതെന്ന് ആരോഗ്യവകുപ്പ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.ഈ വർഷം അവസാനത്തോടെ രാജ്യത്തെ മുഴുവൻ യോഗ്യരായവർക്കും വാക്സിൻ നൽകലാണ് അധികൃതർ ലക്ഷ്യമിടുന്നത്.

