സ്കൂൾ അടച്ചു; ഇനി അവധിക്കാലം
text_fieldsഅൽ ഐൻ: ശൈത്യകാല അവധിക്കായി യു.എ.ഇയിലെ സ്കൂളുകൾ അടച്ചു. ഷാർജയിൽ വ്യാഴാഴ്ചയും മറ്റ് എമിറേറ്റുകളിൽ വെള്ളിയാഴ്ചയുമാണ് സ്കൂൾ അടച്ചത്. ഇതോടെ, രക്ഷിതാക്കളും കുട്ടികളും നാട്ടിലേക്ക് പറന്നുതുടങ്ങി. മൂന്നാഴ്ചത്തെ അവധിക്ക് ശേഷം ജനുവരി രണ്ടിനാണ് സ്കൂളുകൾ തുറക്കുക. ഏഷ്യൻ സ്കൂളുകളിലെ രണ്ടാംപാദമാണ് അവസാനിച്ചത്.ക്രിസ്മസും ന്യൂ ഇയറും വരാനിരിക്കുന്നതിനാൽ നിരവധി കുട്ടികളും മാതാപിതാക്കളും കഴിഞ്ഞ ദിവസങ്ങളിലായി നാട്ടിലേക്ക് തിരിച്ചിരുന്നു. എന്നാൽ, കനത്ത നിരക്കാണ് നാട്ടിലേക്ക് ഈ ദിനങ്ങളിൽ വിമാനക്കമ്പനികൾ ഈടാക്കുന്നത്.
ഇതുമൂലം യാത്ര മാറ്റിവെച്ചവരും നിരവധിയാണ്. അതേസമയം, ഈ മാസം തുടക്കത്തിൽ രാജ്യത്തിന്റെ ദേശീയദിന അവധി വന്നതിനാൽ വിദ്യാർഥികൾക്ക് ഒരാഴ്ച മാത്രമാണ് ഡിസംബറിൽ പ്രവൃത്തിദിനങ്ങളായി ഉണ്ടായിരുന്നത്. അതിനാൽ പല കുടുംബങ്ങളും ഈ മാസം തുടക്കത്തിൽതന്നെ അവധി ആഘോഷിക്കാൻ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. അടുത്ത ആഴ്ച മുതൽ എയർ ഇന്ത്യ ക്രിസ്മസ് ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, നാട്ടിലേക്ക് തിരിക്കാനുള്ളവരിൽ പലരും നേരത്തെതന്നെ കൂടിയ തുകക്ക് ടിക്കറ്റ് ബുക്ക് ചെയ്യുകയും നാടണയുകയും ചെയ്തു.
ഭേദപ്പെട്ട നിരക്കിൽ ടിക്കറ്റ് ലഭിക്കുന്നതോടെ അടുത്ത ആഴ്ചകളിലായി കൂടുതൽ കുടുംബങ്ങൾ നാട്ടിലേക്ക് തിരിക്കും. സ്കൂൾ തുറക്കുന്ന ജനുവരി ആദ്യ വാരവും ടിക്കറ്റ് നിരക്ക് കൂടുതലാണ്. ജനുവരി 15 വരെ ടിക്കറ്റ് നിരക്ക് കൂടുതലായതിനാൽ പലരും അതിന് ശേഷമായിരിക്കും മടങ്ങിയെത്തുക. കുട്ടികളുടെ ക്ലാസ് നഷ്ടപ്പെടുമെങ്കിലും കുടുംബസമേതം എത്തുമ്പോൾ ടിക്കറ്റ് ഇനത്തിൽ വലിയൊരു തുക നഷ്ടമാകാതിരിക്കാനാണ് പ്രവാസികൾ യാത്ര വൈകിക്കുന്നത്. അടുത്ത പാദത്തിലാണ് വാർഷിക പരീക്ഷകളും സി.ബി.എസ്.ഇ, കേരള ബോർഡ് പരീക്ഷകളും നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

