ജി.സി.സിയിലെ ഏറ്റവും സ്വാധീനമുള്ള മാർക്കറ്റിങ് വിദഗ്ധർ; പട്ടികയിൽ ഇടംപിടിച്ച് വി. നന്ദകുമാർ
text_fieldsവി. നന്ദകുമാർ
ദുബൈ: ജി.സി.സിയിലെ ഏറ്റവും സ്വാധീനമുള്ള മാർക്കറ്റിങ് വിദഗ്ധരുടെ പുതിയ പട്ടികയിൽ ഇടംനേടി ലുലു ഗ്രൂപ്പിന്റെ മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻസ് ഗ്ലോബൽ ഡയറക്ടറായ വി. നന്ദകുമാർ. 39 ഓളം വ്യത്യസ്ത മേഖലയിലെ മാർക്കറ്റിങ് വിദഗ്ധർ ഇടംപിടിച്ച, ഖലീജ് ടൈംസ് പുറത്തിറക്കിയ പട്ടികയിലെ ഏക മലയാളിയാണിദ്ദേഹം. ദുബൈ ഹോൾഡിങ്ങിന്റെ ചീഫ് മാർക്കറ്റിങ് ഓഫിസർ ഹുദാ ബുഹുമൈദും, എമിറേറ്റ്സ് ഗ്രൂപ്പിന്റെ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ബൂട്രോസ് ബൂട്രോസുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തിയത്. വി. നന്ദകുമാർ നാലാം സ്ഥാനത്താണ് ഇടംപിടിച്ചത്. ദുബൈയിൽ നടന്ന പ്രമുഖ മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻസ് സമ്മിറ്റിലായിരുന്നു പട്ടിക പ്രകാശനം. വിവിധ മേഖലയിൽ നിന്നുള്ള വിദഗ്ധരായ ജൂറി പാനലാണ് പട്ടിക തയാറാക്കിയത്.
ബ്രാൻഡ് ഇംപാക്റ്റ്, ബിസിനസ് വളർച്ച, നവീന ആശയങ്ങൾ, ക്രൈസിസ് കമ്യൂണിക്കേഷൻ, നേതൃ മികവ് എന്നിവ വിലയിരുത്തിയാണ് റാങ്കിങ്. ഡിജിറ്റൽ മാറ്റങ്ങളും എ.ഐ മുന്നേറ്റങ്ങളും ഉൾപ്പെടുത്തിയുള്ള മാർക്കറ്റിങ് നയങ്ങളും കൂടി പരിഗണിച്ചാണ് പട്ടിക തയാറാക്കിയത്. മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻസ് മേഖലയിൽ മൂന്ന് പതിറ്റാണ്ടോളം അനുഭവ സമ്പത്തുള്ള വി. നന്ദകുമാർ, കഴിഞ്ഞ 25 വർഷമായി ലുലു ഗ്രൂപ്പിന്റെ മാർക്കറ്റിങ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുകയാണ്. 22 രാജ്യങ്ങളിലായി വ്യാപിച്ചുള്ള 300 ലേറെയുള്ള പ്രഫഷനൽ ടീമിന് നേതൃത്വം നൽകിവരുകയും ചെയ്യുന്നു.
സ്ഥാപകനും ചെയർമാനുമായ എം.എ യൂസുഫലി നയിക്കുന്ന ലുലുവിനെ ആഗോള റീട്ടെയിൽ ബ്രാൻഡും ജനകീയ ബ്രാൻഡുമാക്കി മാറ്റിയതിൽ നന്ദകുമാർ നിർണായക പങ്കാണ് വഹിച്ചത്. മിഡിലീസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള മാർക്കറ്റിങ് പ്രഫഷനലായി ഫോബ്സ് മാഗസിൻ നേരത്തെ നന്ദകുമാറിനെ തിരഞ്ഞെടുത്തിരുന്നു. തിരുവനന്തപുരം സ്വദേശിയായ നന്ദകുമാർ ഗൾഫ് മേഖയിൽ കമ്യൂണിക്കേഷൻ രംഗത്ത് സജീവമാകുന്നതിന് മുമ്പ് ഇന്ത്യയിൽ ടൈംസ് ഓഫ് ഇന്ത്പ്യുടെയും ഇന്ത്യൻ എക്സ്പ്രസിന്റെയും ഭാഗമായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.