എക്സ്പോയിൽ ആവേശം വിതറി ഉസൈൻ ബോൾട്ട്
text_fieldsഉസൈൻ ബോൾട്ട് ജമൈക്കയുടെ പവലിയനിൽ തെൻറ ശിൽപത്തിനു സമീപം
ദുബൈ: ലോകത്തെ ഏറ്റവും വേഗമേറിയ ഓട്ടക്കാരൻ എന്ന ഖ്യാതിയുള്ള ഉസൈൻ ബോൾട്ട് എക്സ്പോ-2020 ദുബൈ നഗരിയിലെത്തി. ശനിയാഴ്ച എക്സ്പോയിലെത്തിയ അദ്ദേഹം റഷ്യൻ പവലിയന് സമീപം സംഘടിപ്പിച്ച ഫാമിലി റണ്ണിൽ പങ്കെടുക്കുകയും ആരാധകരുമായി ദിവസം ചെലവഴിക്കുകയും ചെയ്തു. എക്സ്പോ സന്ദർശിക്കാനും ഭാവി ദുബൈ എങ്ങനെയായിരിക്കുമെന്നതിനെ കുറിച്ച് കൂടുതലറിയാനും സാധിച്ചത് സന്തോഷകരമാണെന്ന് അദ്ദേഹം പറഞ്ഞു. എക്സ്പോയിലെ സ്വരാജ്യമായ ജമൈക്കയുടെ പവലിയനും ബോൾട്ട് സന്ദർശിച്ചു.
വേഗരാജാവിനെ കാണാനും പരിപാടിയിൽ പങ്കെടുക്കാനുമായി നൂറുകണക്കിനു പേർ നഗരിയിൽ എത്തിച്ചേർന്നിരുന്നു. ഭിന്നശേഷിക്കാർക്കുവേണ്ടി പ്രവർത്തിക്കുന്ന അൽ നൂർ റിഹാബിലിറ്റേഷൻ ആൻഡ് വെൽഫെയർ അസോസിയേഷന് ഫണ്ട് സമാഹരണത്തിനായാണ് ഇദ്ദേഹത്തെ വിശ്വമേളയിൽ എത്തിച്ചത്. 1.45 കിലോമീറ്റർ ഫാമിലി റണ്ണിലാണ് ഉസൈൻ ബോൾട്ട് പങ്കെടുത്തത്.
മേളയുടെ ഔദ്യോഗിക പങ്കാളികളിലൊരാളായ പെപ്സികോയാണ് അംബാസഡറായ ഇദ്ദേഹത്തെ കൊണ്ടുവരുന്നത്. എക്സ്പോ 2020 സ്പോർട്സ്, ഫിറ്റ്നസ് ആൻഡ് വെൽബീയിങ് വിഭാഗവുമായി സഹകരിച്ചാണ് പരിപാടി ഒരുക്കിയത്. 11 തവണ ലോക ചാമ്പ്യൻ, 8 തവണ ഒളിമ്പിക് സ്വർണ മെഡൽ ജേതാവ്, ഒന്നിലധികം ലോക റെക്കോഡുകളുടെ ഉടമ എന്നിങ്ങനെ നിരവധി നേട്ടങ്ങൾ ബോൾട്ടിെൻറ പട്ടികയിലുണ്ട്.

