നഗരശുചിത്വം; ദുബൈ ആഗോളതലത്തിൽ മുന്നിൽ
text_fieldsദുബൈ: നഗരശുചിത്വത്തിൽ ദുബൈ ആഗോളതലത്തിൽ വീണ്ടും ഒന്നാം സ്ഥാനത്തെത്തി. തുടർച്ചയായ അഞ്ചാം തവണയാണ് നഗരം നേട്ടം കൈവരിക്കുന്നത്. ലോകമെമ്പാടുമുള്ള 47-ലധികം നഗരങ്ങളെ മറികടന്നാണ് നേട്ടം കൈവരിച്ചത്.
പരിസ്ഥിതി മാനദണ്ഡങ്ങൾക്ക് അനുസരിച്ച് നടത്തിയ നഗര ശുചിത്വ വിലയിരുത്തലിൽ നൂറുശതമാനം സംതൃപ്തി നേടിയാണ് ഒന്നാം സ്ഥാനത്തെത്തിയത്. ദുബൈ മുനിസിപ്പാലിറ്റി വിവിധ സർക്കാർ, സ്വകാര്യ ഏജൻസികളുമായി സഹകരിച്ച് നടപ്പാക്കിയ നടപടികളുടെ ഫലമായാണ് നേട്ടം കൈവരിക്കാൻ സാധിച്ചത്. ജീവിക്കാനും ജോലി ചെയ്യാനും ലോകത്തെ ഏറ്ററവും മികച്ച നഗരമാകാനുള്ള ദുബൈയുടെ കാഴ്ചപ്പാടിനനുസൃതമായ പ്രവർത്തനങ്ങളാണ് നേട്ടത്തിലെത്തിച്ചതെന്ന് മുനിസിപ്പാലിറ്റി ആക്ടിങ് ഡയറക്ടർ ജനറൽ മർവാൻ ബിൻ ഗാലിത പറഞ്ഞു.
ശുചീകരണ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികളെയും ജീവനക്കാരെയും പൊതു-സ്വകാര്യ മേഖലകളിലെ പങ്കാളികളെയും സമൂഹത്തിലെ അംഗങ്ങളെയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ജനങ്ങളെ ആകർഷിക്കാനുള്ള നഗരങ്ങളുടെ കരുത്ത് വിലയിരുത്തി തയാറാക്കുന്ന ‘പവർ സിറ്റി സൂചിക’യിൽ പ്രാദേശികതലത്തിൽ ഒന്നാം സ്ഥാനവും ആഗോളതലത്തിൽ എട്ടാം സ്ഥാനവും ദുബൈ കരസ്ഥമാക്കിയിരുന്നു. തുടർച്ചയായ രണ്ടാം വർഷമാണ് നഗരം ഈ നേട്ടം കൈവരിക്കുന്നത്.
ജപ്പാനിലെ മോറി മെമ്മോറിയൽ ഫൗണ്ടേഷന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അർബൻ സ്ട്രാറ്റജീസ് പുറത്തിറക്കിയ റാങ്കിങ്ങിൽ ആദ്യ പത്തിൽ ഇടം നേടുന്ന ആദ്യത്തെ പശ്ചിമേഷ്യൻ നഗരമായും ദുബൈ മാറി. ലണ്ടൻ, ന്യൂയോർക്ക്, ടോക്യോ, പാരിസ്, സിംഗപ്പൂർ, സിയോൾ, ആംസ്റ്റർഡാം, ബെർലിൻ, മാഡ്രിഡ് എന്നിവയാണ് 2024 ലെ ഗ്ലോബൽ പവർ സിറ്റി സൂചികയിലെ മറ്റു മികച്ച നഗരങ്ങൾ.
ലോകമെമ്പാടുമുള്ള ആളുകളെയും മൂലധനത്തെയും സംരംഭങ്ങളെയും ആകർഷിക്കുന്നതിനുള്ള സമഗ്രമായ ശക്തിയെ അടിസ്ഥാനമാക്കി വിലയിരുത്തിയാണ് റാങ്ക് പട്ടിക തയാറാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

