യുറാനസ് സ്റ്റാർ കുപ്പിവെള്ളത്തിന് യു.എ.ഇയിൽ വിൽപന അനുമതിയില്ല
text_fieldsയുറാനസ് സ്റ്റാർ കുപ്പിവെള്ളം
ദുബൈ: യുറാനസ് സ്റ്റാർ കുപ്പിവെള്ളം യു.എ.ഇയിൽ ഇറക്കുമതി ചെയ്യാനോ വിൽപന നടത്താനോ അനുമതി നൽകിയിട്ടില്ലെന്ന് കലാവസ്ഥ വ്യതിയാന, പരിസ്ഥിതി മന്ത്രാലയം.
യുറാനസ് സ്റ്റാറിന്‍റെ കുപ്പിവെള്ളം കുടിച്ച് ഒമാനിൽ രണ്ട് പേർ മരിച്ച സാഹചര്യത്തിലാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. യുറാനസ് സ്റ്റാറിന്‍റെ മറ്റ് ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിനും അനുമതി നൽകിയിട്ടില്ല. രാജ്യത്തെ പ്രമുഖ ചെറുകിട ഔട്ട്ലെറ്റുകളിൽ ഒന്നും യുറാനസ് സ്റ്റാറിന്‍റെ ഉത്പന്നങ്ങൾ കണ്ടെത്തിയിട്ടില്ലെന്നും മന്ത്രാലയം സ്ഥിരീകരിച്ചു.
ഇറാനിയൻ ബ്രാൻഡായ യുറാനസ് സ്റ്റാറിന്‍റെ കുപ്പിവെള്ളം കുടിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസം 29ന് ഒമാനിൽ പ്രവാസി യുവതിയും ഒക്ടോബർ ഒന്നിന് ഒമാനി പൗരനും മരണപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ ലബോറട്ടറി പരിശോധനയിൽ യുറാനസ് സ്റ്റാറിന്‍റെ ഉത്പന്നങ്ങളിൽ ഞെരമ്പുകളെ ഉത്തേജപ്പിക്കുന്ന ആംഫറ്റമൈൻ എന്ന മരുന്ന് മനപ്പൂർവം കലർത്തിയതായി ഒമാൻ അതോറിറ്റി കണ്ടെത്തി. ഈ കമ്പനിയുടെ ഉത്പന്നങ്ങൾ യു.എ.ഇ വിപണിയിൽ എത്തുന്നില്ലെന്ന് ഉറപ്പുവരുത്താൻ നിരീക്ഷണവും നടപടിക്രമങ്ങളും ശക്തമാക്കിയിട്ടുണ്ടെന്നും കാലാവസ്ഥ വ്യതിയാന, പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി.
ഓരോ എമിറേറ്റുകളിലേയും എല്ലാ പ്രാദേശിക ഭക്ഷ്യ സുരക്ഷ അതോറിറ്റികളുമായും നേരിട്ട് ബന്ധപ്പെട്ട് നിരീക്ഷണം ഏകോപിപ്പിക്കുന്നുണ്ട്. അതോടൊപ്പം രാജ്യത്തെ എല്ലാ തുറമുഖങ്ങളിലും ഭക്ഷ്യ കയറ്റുമതി രേഖകൾ സൂക്ഷ്മമായി പരിശോധിക്കുകയും ചെയ്യുന്നു. ഏതെങ്കിലും ഉറവിടങ്ങളിൽ നിന്ന് ഈ ബ്രാൻഡിന്‍റെ ഉത്പന്നങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിൽ അടിയന്തരമായി ഒഴിവാക്കണമെന്നും ഉപഭോഗത്തിൽ വിട്ടുനിൽക്കണമെന്നും മന്ത്രാലയം അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

