യു.പി.ഐ-ഐ.പി.പി ബന്ധിപ്പിക്കൽ പ്രവാസികൾക്ക് ഗുണംചെയ്യും
text_fieldsപ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ്
ആൽ നഹ്യാന്റെയും സാന്നിധ്യത്തിൽ ഒപ്പുവെച്ച ധാരണപത്രങ്ങൾ കൈമാറുന്ന ഉദ്യോഗസ്ഥർ
ദുബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും യു.എ.ഇ സെൻട്രൽ ബാങ്കും ഒപ്പുവെച്ച കരാർ പ്രവാസികൾക്ക് ഗുണകരമാകും. ഇന്ത്യയുടെ ഡിജിറ്റൽ പേമെന്റ് സംവിധാനമായ യു.പി.ഐയും യു.എ.ഇയുടെ ഡിജിറ്റൽ സംവിധാനമായ ഐ.പി.പിയും ബന്ധിപ്പിക്കുന്നതാണ് സാധാരണക്കാരുടെ പണമിടപാടുകൾക്ക് സഹായമാവുക. അന്താരാഷ്ട്ര ഡെബിറ്റ് കാർഡുകൾക്ക് സമാനമായി യു.പി.ഐ പണമിടപാട് സംവിധാനം യു.എ.ഇയിലും ഉപയോഗിക്കാനുള്ള സാധ്യതയാണ് റിസർവ് ബാങ്കും യു.എ.ഇ സെൻട്രൽ ബാങ്കും തമ്മിലെ കരാറിലൂടെ തുറന്നിരിക്കുന്നത്.
നാട്ടിലെ ബാങ്കുകളുടെ കാർഡുകൾ യു.എ.ഇയിലും ഇവിടുത്തെ ബാങ്കുകളുടെ കാർഡുകൾ നാട്ടിലും ഉപയോഗിക്കാനും സാധ്യമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബാങ്ക് മെസേജിങ് സംവിധാനം ബന്ധിപ്പിക്കുന്നതിലൂടെ നാട്ടിലെ അക്കൗണ്ട് ഉപയോഗിച്ചുള്ള ഓൺലൈൻ ഇടപാടുകൾക്ക് യു.എ.ഇയിലും സാധിക്കും. ഒ.ടി.പി വരുന്നതിനും ഗൂഗിൾ പേ ഉപയോഗിക്കുന്നതിനും അടക്കമുള്ള തടസ്സങ്ങളും ഇതോടെ നീങ്ങും. എൻ.ആർ.ഇ/ എൻ.ആർ.ഒ അക്കൗണ്ടുകളും ഇന്റർനാഷനൽ മൊബൈൽ നമ്പറും ഉപയോഗിച്ചാണ് പേയ്മെന്റ് സൗകര്യം ലഭ്യമാക്കുക.
പ്രവാസികൾക്ക് നാട്ടിലെത്തുമ്പോള്‍ ഡിജിറ്റല്‍ പണമിടപാടിന് സാധിക്കാത്ത അവസ്ഥക്ക് മാറ്റമുണ്ടാക്കാനും കരാർ ഉപകരിക്കും. 10 രാജ്യങ്ങളിൽ കഴിയുന്ന നോൺ റസിഡന്റ് ഇന്ത്യക്കാർക്ക് ഇന്റർനാഷനൽ ഫോൺ നമ്പർ ഉപയോഗിച്ച് യു.പി.ഐ പേയ്മെന്റിന് സാഹചര്യമൊരുക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സിംഗപ്പൂർ, യു.എസ്, ആസ്ട്രേലിയ, കാനഡ, ഹോങ്കോങ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ, യു.കെ എന്നീ രാജ്യങ്ങളിലുള്ളവർക്കാണ് സൗകര്യം പ്രഖ്യാപിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

