യു.പി.ഐ വഴി പണം; ഇന്ത്യയുടെ തീരുമാനം പ്രവാസികള്‍ക്ക് അനുഗ്രഹമാകും
text_fieldsഅജ്മാന്‍: ഡിജിറ്റൽ പണമിടപാടിനുള്ള യു.പി.ഐ സൗകര്യം ഗൾഫ് മേഖല അടക്കം 10 രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനം പ്രവാസികള്‍ക്ക് അനുഗ്രഹമാകും. 10 രാജ്യങ്ങളിൽ കഴിയുന്ന നോൺ റസിഡന്‍റ് ഇന്ത്യക്കാർക്കാണ് അവരുടെ ഇന്‍റർനാഷനൽ ഫോൺ നമ്പർ ഉപയോഗിച്ച് യു.പി.ഐ പേമെന്‍റിന് സാഹചര്യമൊരുങ്ങുന്നത്. യു.എ.ഇ, ഒമാൻ, ഖത്തർ, സൗദി അറേബ്യ, സിംഗപൂർ, യു.എസ്, ആസ്ട്രേലിയ, കാനഡ, ഹോങ്കോങ്, യു.കെ എന്നീ രാജ്യങ്ങളിലുള്ളവർക്കാണ് ഇന്ത്യൻ ഫോൺനമ്പറിന്‍റെ സഹായമില്ലാതെ തന്നെ യു.പി.ഐ പേയ്മെന്‍റ് ചെയ്യാൻ വഴിയൊരുങ്ങുന്നത്. എൻ.ആർ.ഇ/ എൻ.ആർ.ഒ അക്കൗണ്ടുകളും ഇന്‍റർനാഷനൽ മൊബൈൽ നമ്പറും ഉപയോഗിച്ചാണ് പേയ്മെന്‍റ് സൗകര്യം ലഭ്യമാക്കുകയെന്ന് നാഷനൽ പേയ്മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വ്യക്തമാക്കിയിരുന്നു.
എൻ.ആർ.ഐകൾക്ക് അവരുടെ അന്താരാഷ്ട്ര സിമ്മുമായി ലിങ്ക് ചെയ്‌ത അക്കൗണ്ടുകൾ ഉപയോഗിക്കാനും മറ്റേതൊരു ഇന്ത്യൻ യു.പി.ഐ ഉപയോക്താവിനെയും പോലെ മർച്ചന്‍റ് പേയ്‌മെന്‍റിനും പിയർ-ടു-പിയർ പേയ്‌മെന്‍റുകൾക്കും ഉപയോഗിക്കാൻ കഴിയും. ഇന്ത്യയിലേക്ക് യാത്ര ചെയ്യുമ്പോൾ ചെറിയ പേയ്‌മെന്‍റുകൾ പോലും നടത്താൻ ഇത് സഹായിക്കും.
നാട്ടിലെ ഒട്ടുമിക്ക വാണിജ്യ സ്ഥാപനങ്ങളിലും ഡിജിറ്റല്‍ പേ സംവിധാനങ്ങളിലേക്ക് മാറിയപ്പോഴും പ്രവാസികളുടെ എൻ.ആർ.ഐ അക്കൗണ്ടുകൾക്ക് ഈ സംവിധാനം അന്യമായിരുന്നു. വിദേശത്തുള്ള നമ്പർ ഉപയോഗിച്ച് ഗൂഗിൾ പേ പോലുള്ളവ ഉപയോഗിക്കാൻ ബുദ്ധിമുട്ടായിരുന്നു. നാട്ടിലെ നമ്പറിൽ ഗൂഗിൾ പേ ഉപയോഗിക്കുന്നവർക്ക് ചില ഗൾഫ് രാജ്യങ്ങളിൽ എത്തുമ്പോൾ ഇത് ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയുമുണ്ടായിരുന്നു. എന്‍.ആര്‍.ഐ, എന്‍.ആര്‍.ഒ അക്കൗണ്ട് മാത്രമുള്ളവരാണ് പല പ്രവാസികളും. നാട്ടിലെ എസ്.ബി അക്കൗണ്ട് ഉള്ളവര്‍ക്ക് മാത്രമാണ് നിലവില്‍ ഗൂഗിള്‍ പേ അടക്കമുള്ള ഡിജിറ്റല്‍ പേ സൗകര്യം അനുവദിക്കുന്നുള്ളൂ.
വീട്ടുകാരുടെ അക്കൗണ്ടില്‍ പണമില്ലാത്ത അവസ്ഥയില്‍ അത്യാവശ്യത്തിന് പണം അടക്കാന്‍ സ്വന്തം അക്കൌണ്ടില്‍ പണമുണ്ടായാലും പ്രവാസികള്‍ക്ക് യു.പി.ഐ സൗകര്യം ലഭ്യമായിരുന്നില്ല. സാധാരണ പ്രവാസികള്‍ക്ക് വീട്ടിലെ ആരുടെയെങ്കിലും അക്കൗണ്ട് വഴി ഗൂഗിള്‍ പേ തുടങ്ങാനും ഉപയോഗിക്കാനും കഴിയുമെങ്കിലും കുടുംബത്തോടൊപ്പം പ്രവാസ ലോകത്ത് ജീവിക്കുന്നവര്‍ക്ക് അവധിക്ക് നാട്ടിലെത്തിയാല്‍ പല കാര്യങ്ങൾക്കും മൊബൈൽ ബാങ്കിങ് ഉപകാരപ്പെടാത്ത അവസ്ഥക്ക് ഇതോടെ ആശ്വാസമാകും. ഇന്ത്യന്‍ ഫോണ്‍ നമ്പര്‍ ഉള്ള പ്രവാസികള്‍ക്കും നിലവില്‍ ഡിജിറ്റല്‍ പേ സൗകര്യം പ്രാവര്‍ത്തികമാണെങ്കിലും ജോലിയാവശ്യാര്‍ത്ഥം വിദേശത്തുള്ളവര്‍ക്ക് നാട്ടിലെ നമ്പര്‍ നില നിര്‍ത്താന്‍ തന്നെ ഏറെ ബുദ്ധിമുട്ടുകളുണ്ട്.
പേയ്മെന്‍റ് സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള നിർദേശങ്ങൾ നടപ്പിലാക്കാൻ ബാങ്കുകൾക്ക് ഏപ്രിൽ 30 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. ഇങ്ങനെ ട്രാൻസാക്ഷൻ നടക്കുന്ന അക്കൗണ്ടുകൾ വിദേശ വിനിമയ നിയമങ്ങൾ പാലിച്ചിട്ടുണ്ടെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്നും കള്ളപ്പണം വെളുപ്പിക്കുന്നതിനും തീവ്രവാദ ഫണ്ടിങ്ങിനും ഇവ ഉപയോഗിക്കുന്നില്ലെന്നും ബാങ്കുകൾ ഉറപ്പുവരുത്തണം എന്നതാണ് നിബന്ധന. ഭാവിയിൽ മറ്റ് രാജ്യങ്ങളിൽ താമസിക്കുന്ന എൻ.ആർ.ഐകൾക്കും ഈ സൗകര്യം ലഭിച്ചേക്കും.