യു.പി. ജയരാജ് ചെറുകഥാ പുരസ്കാരങ്ങൾ സമർപ്പിച്ചു
text_fieldsയു.പി ജയരാജ് ചെറുകഥാ പുരസ്കാര സമർപ്പണ ചടങ്ങ്
ദുബൈ: ജീവിച്ചിരിക്കുമ്പോൾ വേണ്ടതായ അംഗീകാരം ലഭിക്കാത്ത കഥാകാരനായിരുന്നു യു.പി. ജയരാജെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ നവാസ് പൂനൂർ. കാഫ് ദുബൈ ഒരുക്കിയ യു.പി. ജയരാജ് ചെറുകഥാ പുരസ്കാര സമർപ്പണ പരിപാടി ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി. അനിൽകുമാർ സ്വാഗതം പറഞ്ഞു. കെ. ഗോപിനാഥൻ അധ്യക്ഷതവഹിച്ചു. അഹ്മദാബാദിൽ വിമാനദുരന്തത്തിൽ പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ചാണ് കഥാനഗരം പരിപാടി തുടങ്ങിയത്. സ്മിത നെരവത്ത് യു.പി ജയരാജിനെ അനുസ്മരിച്ച് പ്രഭാഷണം നടത്തി. തുടർന്ന് കഥയുടെ വർത്തമാനം എന്ന സെഷനിൽ അർഷാദ് ബത്തേരി സംസാരിച്ചു. ഷാജഹാൻ തറയിൽ മോഡറേറ്ററായിരുന്നു. തുടർന്ന്, മത്സരത്തിൽ ലഭിച്ച 40 കഥകളിൽനിന്ന് തെരഞ്ഞെടുത്ത 15 കഥകളെക്കുറിച്ച് പി. ശ്രീകലയും വെള്ളിയോടനും സംസാരിച്ചു. കാഫിന്റെ കഥാമത്സരത്തെ കുറിച്ച് രമേഷ് പെരുമ്പിലാവ് വിശദീകരിച്ചു. കഥാകൃത്തുക്കളായ പ്രിയാ സുനിൽ, ശ്രീകണ്ഠൻ കരിക്കകം, ജോസഫ് അതിരുങ്കൽ എന്നിവർ ചേർന്നാണ് കഥകളുടെ മൂല്യനിർണയം നടത്തിയത്. ചടങ്ങിൽ ഒന്നാം സമ്മാനം ഫാത്തിമ ദോഫാറിനും രണ്ടാം സമ്മാനം രാജേഷ് ചിത്തിരക്കും മൂന്നാം സമ്മാനം ഹുസ്ന റാഫിക്കും സമ്മാനിച്ചു. ജേതാക്കൾക്ക് നിസാർ ഇബ്രാഹിം രൂപകൽപന ചെയ്ത പുരസ്കാരവും കാഷ് അവാർഡും പ്രശസ്തിപത്രവും യു.പി ജയരാജിന്റെ പുസ്തകങ്ങളും സമ്മാനിച്ചു.
കഥക്ക് പ്രത്യേക ജൂറി പുരസ്കാരം നേടിയ വൈ.എ സാജിദക്കും അനുനന്ദനക്കും പുരസ്കാരവും പ്രശസ്തിപത്രവും നൽകി. തുടർന്നുള്ള 10 കഥകൾക്ക് അനുമോദന പത്രവും പുസ്തകങ്ങളും നൽകി. പുരസ്കാരം നേടിയ കഥാകൃത്തുക്കളെ റസീന കെ.പി പരിചയപ്പെടുത്തി. ഉഷാ ഷിനോജ് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

