അസ്ഥിരകാലാവസ്ഥ; ചിലയിടങ്ങളിൽ ശക്തമായ മഴ
text_fieldsയു.എ.ഇയിൽ ഞായറാഴ്ച പെയ്ത മഴ
ദുബൈ: അസ്ഥിര കാലാവസ്ഥയെ തുടർന്ന് ഞായറാഴ്ച രാജ്യത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ മഴ ലഭിച്ചു. കഴിഞ്ഞദിവസങ്ങളിൽ രൂപപ്പെട്ട ന്യൂനമർദം മൂലമാണ് രാജ്യവ്യാപകമായി മഴ ലഭിച്ചത്. ഡിസംബർ 19 വരെ രാജ്യത്ത് അസ്ഥിര കാലാവസ്ഥ തുടരുമെന്നാണ് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വെള്ളിയാഴ്ച വരെ മഞ്ഞ, ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ദുബൈ, അബൂദബി, ഷാർജ, റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിൽ പലയിടങ്ങളിൽ ശക്തമായ മഴലഭിച്ചതായാണ് റിപ്പോർട്ട്. ഫുജൈറയിലേക്കുള്ള ശൈഖ് ഖലീഫ സ്ട്രീറ്റിൽ ശക്തമായ മഴ പെയ്യുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ എൻ.സി.എം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. അതേസമയം, മഴ തുടരുന്ന സാഹചര്യത്തിൽ ദ്രുതപ്രതികരണ സേന കൂടുതൽ ജാഗ്രത പുലർത്തുന്നതായി ദുബൈ മുനിസിപ്പാലിറ്റി അറിയിച്ചു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണെന്നും അനിഷ്ടസംഭവങ്ങൾ ഉണ്ടായാൽ 800900 എന്ന നമ്പറിലോ വാട്സ് ആപ്പിലോ റിപ്പോർട്ട് ചെയ്യാമെന്നും മുനിസിപ്പാലിറ്റി എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. അസ്ഥിര കാലാവസ്ഥകളിൽ പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങൾ കൈകാര്യം ചെയ്യുന്നതിനുമായി പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുണ്ട്.
ഷാർജയിലെ മധ്യമേഖലയിൽ സ്ഥിതി ചെയ്യുന്ന നിസ്വയിലും ഫിലിയിലും ഞായറാഴ്ച ശക്തമായ മഴ ലഭിച്ചിരുന്നു. റോഡുകളിൽ വെള്ളം ഒലിച്ചുപോകുന്നതിന്റെയും മറ്റും ദൃശ്യങ്ങൾ നിവാസികൾ പങ്കുവെച്ച വീഡിയോയിൽ കാണാം. ശക്തമായ കാറ്റിലും മഴയും കാഴ്ച മങ്ങുന്നതിനാൽ ഡ്രൈവർമാർ ജാഗ്രത പുലർത്തണമെന്നും ബീച്ച് സന്ദർശകർ പ്രത്യേകം ശ്രദ്ധിക്കണമെന്നും റാസൽഖൈമ പൊലീസ് മുന്നറിയിപ്പു നൽകി. മഴയുള്ള സമയങ്ങളിൽ വേഗത കുറക്കുകയും വാഹനങ്ങൾ തമ്മിൽ സുരക്ഷിതമായ അകലം പാലിക്കുകയും വേണം.
അപകടങ്ങളും പരിക്കുകളും ഒഴിവാക്കാനായി അധികൃതർ നൽകുന്ന നിർദേശങ്ങൾ എല്ലാ ഡ്രൈവർമാരും പാലിക്കണമെന്നും പൊലീസ് അഭ്യർഥിച്ചു. ബീച്ചുകളിൽനിന്ന് വിട്ടുനിൽക്കുകയും കടലിൽ കുളിക്കുന്നത് ഒഴിവാക്കുകയും ചെയ്യണം. അതേസമയം, ഞായറാഴ്ച അനിഷ്ടസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
എൻ.സി.എമ്മിന്റെ ആറ് മാർഗനിർദേശങ്ങൾ
1. അത്യാവശ്യത്തിനുമാത്രം വാഹനമോടിക്കുക, ജാഗ്രതയോടെ മുന്നോട്ട് പോകുക. വാഹനങ്ങൾ തമ്മിൽ സുരക്ഷിതമായ അകലം പാലിക്കുക
2. കാഴ്ചമങ്ങുന്ന അവസ്ഥകളിൽ എല്ലായ്പ്പോഴും ഹെഡ്ലൈറ്റ് കത്തിക്കുക
3. വിശ്വസനീയമായ മാധ്യമങ്ങളിലൂടെയും സർക്കാർ പ്ലാറ്റ്ഫോമുകളിലൂടെയും വരുന്ന കാലാവസ്ഥ മുന്നറിയിപ്പുകൾ നിരീക്ഷിക്കുക
4. കാലാവസ്ഥ മാറുന്നതിനനുസരിച്ച് ബന്ധപ്പെട്ട അധികാരികൾ നൽകുന്ന ഏത് അടിയന്തര നിർദേശങ്ങളും പാലിക്കാൻ തയാറാകുക
5. സ്ഥിരീകരിക്കാത്ത വിവരങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കുക
6. എൻ.സി.എമ്മിൽ നിന്നുള്ള കാലാവസ്ഥ മുന്നറിയിപ്പുകളും ഔദ്യോഗിക അറിയിപ്പുകളും അറിഞ്ഞിരിക്കുക
മുവൈല അൽഖറൈൻ 5 പാർക്ക് അടച്ചു

ഷാർജ: ശക്തമായ മഴയെ തുടർന്ന് ഷാർജ മുവൈല സബർബിലെ അൽ ഖറൈൻ 5 പാർക്ക് ഞായറാഴ്ച അടച്ചു. സന്ദർശകരുടെ സുരക്ഷ കണക്കിലെടുത്താണ് നടപടി.
ഡിസംബർ അഞ്ചു മുതൽ 14ാമത് ദവാഹി ഫെസ്റ്റിവൽ പാർക്കിൽ നടന്നുവരുകയായിരുന്നു. ഡിസംബർ 29 വരെ നടക്കുന്ന ഫെസ്റ്റിവലിൽ 30ലധികം സർക്കാർ സ്ഥാപനങ്ങളാണ് പങ്കെടുക്കുന്നത്. വിവിധ വിഷയങ്ങളിൽ 75ലധികം വർക്ക്ഷോപ്പുകളും ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ സന്ദർശകർക്ക് വലിയ സമ്മാനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ, മഴയുടെ സാഹചര്യത്തിൽ ഫെസ്റ്റിവൽ തുടരുമോ എന്ന കാര്യം അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
ബീച്ച് സന്ദർശനം ഒഴിവാക്കണം -ദുബൈ പൊലീസ്
ദുബൈ: എമിറേറ്റിൽ അസ്ഥിര കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ബീച്ച് സന്ദർശനം താൽക്കാലികമായി ഒഴിവാക്കണമെന്ന് നിർദേശിച്ച് ദുബൈ പൊലീസ്. ശനിയാഴ്ച വൈകീട്ടോടെ ദേശീയ മുന്നറിയിപ്പുസംവിധാനത്തിലൂടെയാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. മോശം കാലാവസ്ഥയിൽ കുടുംബവുമൊത്തുന്ന യാത്രകളും പരമാവധി ഒഴിവാക്കണം. വെള്ളം ഒഴുകുന്ന വാദികൾ, താഴ്ന്ന പ്രദേശങ്ങൾ എന്നിവിടങ്ങൾ സന്ദർശിക്കുന്നതും കളിക്കുന്നതും അപകടങ്ങൾക്ക് വഴിവെക്കും. വാഹനങ്ങളുടെ വേഗത കുറക്കുകയും അധികൃതരുടെ സുരക്ഷാനിർദേശങ്ങൾ പാലിക്കുകയും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

