ദുബൈ വിമാനത്താവളത്തിൽ ‘അൺലിമിറ്റഡ് സ്മാർട്ട് ട്രാവൽ’ സംവിധാനം
text_fieldsലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി
ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാർക്ക് കൂടുതൽ സൗകര്യവും വേഗതയും ഉറപ്പാക്കുന്ന പുതിയ യാത്രാ സംവിധാനം നിലവിൽ വന്നു. ‘അൺലിമിറ്റഡ് സ്മാർട്ട് ട്രാവൽ’ എന്ന് പേരിട്ടിരിക്കുന്ന നൂതന പാസ്പോർട്ട് നിയന്ത്രണ സംവിധാനത്തിലൂടെ കാത്തുനിൽപ്പില്ലാതെ ഇമിഗ്രേഷൻ നടപടികൾ അതിവേഗത്തിൽ പൂർത്തിയാക്കാം.
ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) സംഘടിപ്പിച്ച എ.ഐ കോൺഫറൻസിൽ ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറിയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ആദ്യഘട്ടത്തിൽ ടെർമിനൽ മൂന്നിലെ ഫസ്റ്റ്, ബിസിനസ് ക്ലാസ് ലോഞ്ചുകളിലാണ് അത്യാധുനിക സംരംഭം ആരംഭിച്ചിരിക്കുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സാങ്കേതികവിദ്യ ഉപയോഗിച്ച് മുഖം തിരിച്ചറിയുകയും വ്യക്തിഗത വിവരങ്ങൾ തത്സമയം ഉറപ്പുവരുത്തുകയും ചെയ്യുന്ന നൂതന സംയോജിത സംവിധാനമാണ് ‘അൺലിമിറ്റഡ് സ്മാർട്ട് ട്രാവൽ’.
പുതിയ സംവിധാനത്തിലൂടെ ഒരേ സമയം പത്തുപേർക്ക് വരെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയും. വെറും 14 സെക്കൻഡിനുള്ളിൽ യാത്രാനുമതി ലഭിക്കും. ഒറ്റക്കൊറ്റക്ക് പോകുന്നതിന് പകരം ഗ്രൂപ്പുകളായും ഗേറ്റ് വഴി സുഗമമായി കടന്നുപോകാൻ സാധിക്കും. ലോഞ്ചുകളിൽ സ്ഥാപിച്ചിട്ടുള്ള അത്യാധുനിക കാമറകൾക്ക് ഏതു ദിശയിൽ നിന്നും മുഖം പകർത്താൻ കഴിയും എന്നത് ഇതിന്റെ പ്രധാന പ്രത്യേകതയാണ്.
ഭാവിയിൽ യാത്രക്കാരുടെ എണ്ണത്തിൽ എട്ടു ശതമാനം വരെ വർധന പ്രതീക്ഷിക്കുന്നതിനാൽ ഈ പുതിയ രീതി വളരെ പ്രയോജനകരമാകുമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ യാത്ര പുറപ്പെടുന്നവർക്ക് മാത്രമാണ് ഈ സേവനം ലഭ്യമാക്കിയിട്ടുള്ളതെങ്കിലും ഭാവിയിൽ വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർക്കും ലഭ്യമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

