ഷാര്‍ജ സര്‍വകലാശാല-റാക് പൊലീസ് സഹകരണ കരാർ
text_fieldsറാക് പൊലീസ് ഓപറേഷന് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ താരീഖ് മുഹമ്മദ് ബിന്‍ സെയ്ഫ്, ഷാര്‍ജ സര്‍വകലാശാല
കമ്യൂണിറ്റി അഫയേഴ്സ് യൂനിവേഴ്സിറ്റി ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സലാഹ് താഹിര്‍ അല്‍ ഹാജ് എന്നിവര്‍ റാക് പൊലീസ് ആസ്ഥാനത്ത് ധാരണപത്രത്തില്‍ ഒപ്പുവെക്കുന്നു
റാസല്‍ഖൈമ: വിവരങ്ങളുടെ കൈമാറ്റം വര്‍ധിപ്പിക്കുന്നതിനും വിജ്ഞാന വികസനത്തെ പിന്തുണക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ഷാര്‍ജ സര്‍വകലാശാലയും റാക് പൊലീസും സഹകരണകരാറില്‍ ഒപ്പുവെച്ചു. സര്‍ഗാത്മകതയും നവീകരണവും പ്രോത്സാഹിപ്പിക്കുകയും നിര്‍മിത ബുദ്ധിയുടെ ഭാവി പര്യവേക്ഷണം ചെയ്യുകയുമാണ് ലക്ഷ്യം.
റാക് പൊലീസ് ഓപറേഷന് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ താരീഖ് മുഹമ്മദ് ബിന്‍ സെയ്ഫ്, ഷാര്‍ജ സര്‍വകലാശാലക്കു വേണ്ടി കമ്യൂണിറ്റി അഫയേസ് യൂനിവേഴ്സിറ്റി ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സലാഹ് താഹിര്‍ അല്‍ ഹാജ് എന്നിവരാണ് റാക് പൊലീസ് ആസ്ഥാനത്ത് ധാരണപത്രത്തില്‍ ഒപ്പുവെച്ചത്.
പൊലീസ് ഫോറന്‍സിക് ലബോറട്ടറികളില്‍ വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്രീയ പരിശീലനം, സംയുക്ത അക്കാദമിക് പ്രോഗ്രാമുകള്‍, ശാസ്ത്രീയമായ പൊലീസ് ഗവേഷണങ്ങള്‍ നിർദേശിക്കുക, ഫോറന്‍സിക് ലബോറട്ടറികളിലെയും റാക് പൊലീസിലെ ഫോറന്‍സിക് മെഡിസിന് യൂനിറ്റിലെയും വൈദഗ്ധ്യ കൈമാറ്റം തുടങ്ങിയവയും കരാറിലെ വിഷയങ്ങളാണെന്ന് ബ്രിഗേഡിയര്‍ താരീഖ് മുഹമ്മദ് പറഞ്ഞു.
വിജ്ഞാനാധിഷ്ഠിത സമൂഹം കെട്ടിപ്പടുക്കുന്നതിന് ഫലപ്രദമായ സംഭാവന ചെയ്യുന്നതിനാവശ്യമായ അറിവ്, കഴിവുകള്‍ എന്നിവയുള്ള പുതുതലമുറ ബിരുദധാരികളെ ലക്ഷ്യമിടുന്നതാണ് ധാരണപത്രമെന്ന് ഷാര്‍ജ യൂനിവേഴ്സിറ്റി കമ്യൂണിറ്റി അഫയേസ് വൈസ് ചാന്‍സലര്‍ അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിനും യു.എ.ഇ വിഷന്‍ 2030 കൈവരിക്കുന്നതിനും സമൂഹത്തിലെ ജീവിത നിലവാരമുയര്‍ത്തുന്നതിനും വഴിവെക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍, ഫോറന്‍സിക് ലബോറട്ടറി വിദഗ്ധര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

