‘ഐക്യദാർഢ്യ ദിനം’; സ്ഥിരതയും സമൃദ്ധിയും ഉറപ്പുനൽകി ഭരണാധികാരികൾ
text_fields‘ഐക്യദാർഢ്യ ദിന’ത്തിൽ അരങ്ങേറിയ എയർ ഷോയുടെ ദൃശ്യം
ദുബൈ: രാജ്യത്തിന്റെ ധീരതയുടെയും ഐക്യത്തിന്റെയും സ്മരണകൾ നിറഞ്ഞ അന്തരീക്ഷത്തിൽ യു.എ.ഇ ‘ഐക്യദാർഢ്യദിനം’ ആചരിച്ചു. രാജ്യത്ത് എല്ലാവർക്കും കൂടുതൽ സ്ഥിരതയും സമൃദ്ധിയും നിറഞ്ഞ ഭാവി വാഗ്ദാനം ചെയ്ത് യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ എക്സ് അക്കൗണ്ടിൽ സന്ദേശം പങ്കുവെച്ചു.
ഈ ഐക്യദാർഡ്യദിനം യു.എ.ഇയുടെ പ്രതിരോധശേഷിയും അവിടത്തെ ജനങ്ങളുടെ ധൈര്യവും നിശ്ചയദാർഢ്യവും നമ്മെ ഓർമിപ്പിക്കുന്നു. ഐക്യത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും സവിശേഷമായ ഈ ചൈതന്യം വെല്ലുവിളികളെ അതിജീവിക്കാനും അവസരങ്ങൾ ഉപയോഗപ്പെടുത്താനും കൂടുതൽ സുരക്ഷിതവും സമൃദ്ധവുമായ ഭാവിയിലേക്ക് ആത്മവിശ്വാസത്തോടെ മുന്നേറാനും രാജ്യത്തെ ശക്തിപ്പെടുത്തുന്നത് തുടരും -അദ്ദേഹം കുറിച്ചു.
യു.എ.ഇയെ സംരക്ഷിക്കുന്നതിനും ജനങ്ങൾക്കിടയിൽ ഐക്യത്തിന്റെയും ഒരുമയുടെയും ബന്ധം ശക്തിപ്പെടുത്തുന്നതിനും പ്രതിജ്ഞാബദ്ധമാണെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ‘ഐക്യദാർഢ്യ ദിന’ സന്ദേശത്തിൽ പറഞ്ഞു. നമ്മുടെ മാതൃരാജ്യത്തെ സംരക്ഷിക്കുന്നതിനും ജനങ്ങൾക്കിടയിൽ ഐക്യത്തിന്റെയും ഒരുമയുടെയും ബന്ധം ശക്തിപ്പെടുത്തുന്നതിനും നമ്മുടെ വികസനയാത്രയുടെ സ്ഥിരതയിലും അതിജീവനത്തിലും ആത്മവിശ്വാസം വർധിപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധത ഞങ്ങൾ വീണ്ടും ഉറപ്പിക്കുന്നു -അദ്ദേഹം എക്സ് അക്കൗണ്ടിൽ കുറിച്ചു.
യു.എ.ഇ സായുധസേനയും ‘എമിറേറ്റ്സ് നൈറ്റ്സ് എയർ ഷോ’ ടീമും ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഐക്യദാർഢ്യ ദിനാചരണത്തിന്റെ ഭാഗമായി രാജ്യത്തെ വിവിധ എമിറേറ്റുകളിൽ എയർ ഷോകൾ സംഘടിപ്പിച്ചു. തലസ്ഥാനമായ അബൂദബിയിൽ നിന്ന് ആരംഭിച്ച് ദുബൈ, ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലൂടെ കടന്നുപോയ ഷോയിൽ വിവിധ തരം ഹെലികോപ്റ്ററുകളും ജെറ്റ് വിമാനങ്ങളും പങ്കെടുത്തു. വെള്ളിയാഴ്ച രാത്രി ബുർജ് ഖലീഫയിൽ ‘ഐക്യദാർഢ്യ ദിന’ത്തിന്റെ ലോഗോ തെളിഞ്ഞു.
അബൂദബിയിൽ നാലുവർഷം മുമ്പ് ഹൂത്തി വിമതർ നടത്തിയ ആക്രമണത്തിന്റെ വാർഷിക ദിനത്തിലാണ് ‘ഐക്യദാർഢ്യ ദിനം’ ആചരിച്ചത്. രാജ്യത്തിന്റെ ഐക്യവും ശക്തിയും പ്രകടമാകുന്ന ദിനാചരണത്തിൽ ഭാഗമാകാൻ പെതുജനങ്ങളോട് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആഹ്വാനം ചെയ്തിരുന്നു. 2022 ജനുവരി 17ന് അബൂദബി വിമാനത്താവളത്തിന് സമീപമുള്ള ഇന്ധന ടാങ്ക് സംഭരണസ്ഥലത്ത് നടന്ന ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

