കേന്ദ്രമന്ത്രി കുമാരസ്വാമി യു.എ.ഇയിൽ; ശൈഖ് സഊദുമായി കൂടിക്കാഴ്ച നടത്തി
text_fieldsകേന്ദ്ര മന്ത്രി എച്ച്.ഡി. കുമാരസ്വാമി സുപ്രീംകൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിൻ സഖർ അൽ ഖാസിമിയുമായി കൂടിക്കാഴ്ച നടത്തുന്നു
ദുബൈ: കേന്ദ്ര ഉരുക്ക് വ്യവസായ മന്ത്രി എച്ച്.ഡി. കുമാരസ്വാമി സുപ്രീംകൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിൻ സഖർ അൽ ഖാസിമിയുമായി കൂടിക്കാഴ്ച നടത്തി. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി യു.എ.ഇയിലെത്തിയ കുമാരസ്വായി യു.എ.ഇ സാമ്പത്തിക, ടൂറിസം വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറിയുമായും ചർച്ച നടത്തി.
ഇന്ത്യ-യു.എ.ഇ വാണിജ്യം ശക്തമാക്കുന്നത് സംബന്ധിച്ച് ഇരുവരും ചർച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലെ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് നടന്നുവരുന്ന യു.എ.ഇയിലെയും ഇന്ത്യയിലെയും ഉന്നതതല ഭരണാധികാരികളുടെ കൂടിക്കാഴ്ചകളുടെ ഭാഗമാണ് സന്ദർശനമെന്ന് അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു.
സ്റ്റീൽ മന്ത്രാലയത്തിലെ ഉന്നതഉദ്യോഗസ്ഥർ, ഇന്ത്യയിലെ പ്രമുഖ ഉരുക്ക് വ്യവസായ സ്ഥാപനങ്ങളായ സ്റ്റിൽ അതോറിറ്റി ഓഫ് ഇന്ത്യ, മീകോൺ ലിമിറ്റഡ്, നാഷണൽ മിനറൽ ഡവലപ്മെന്റ് കോർപറേഷൻ എന്നിവുടെ പ്രതിനിധികൾ എന്നിവർക്കൊപ്പമാണ് കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി യു.എ.ഇയിലെത്തിയത്. ഈ കമ്പനികളുടെ പ്രതിനിധി ഓഫിസുകൾ മന്ത്രി യു.എ.ഇയിൽ ഉദ്ഘാടനം ചെയ്തു.
റാസൽഖൈമ തുറമുഖം, സ്റ്റെവിൻ റോക്ക് ക്വാറി, ദുബൈ ജബൽഅലിയിലെ എമിറേറ്റ്സ് ഗ്ലോബൽ അലുമിനിയം, കോനാറെസ് സ്റ്റീൽ എന്നിവയും മന്ത്രി സന്ദർശിച്ചു. യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ എന്നിവരും വിവിധ കൂടിക്കാഴ്ചകളിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

