അടിയന്തര ഘട്ടങ്ങളിൽ തടസ്സമില്ലാത്ത വൈദ്യുതി
text_fieldsമൈക്രോഗ്രിഡ് സംവിധാനത്തിന്‍റെ മാതൃക
ഷാർജ: അടിയന്തര സാഹചര്യങ്ങളിൽ സംഭവിച്ചേക്കാവുന്ന വൈദ്യുതി തടസ്സം നേരിടാൻ ഫെഡറൽ സർക്കാർ കെട്ടിടങ്ങളിൽ മൈക്രോ ഗ്രിഡ് സംവിധാനം നടപ്പിലാക്കി ഊർജ, അടിസ്ഥാന സൗകര്യ മന്ത്രാലയം. പരമ്പരാഗത കേന്ദ്രീകൃത ഗ്രിഡ് മാതൃകയിൽ നിന്ന് വ്യത്യസ്തമായി സ്വതന്ത്രമായ പ്രവർത്തന ശേഷിയുള്ള സ്മാർട്ട് വികേന്ദ്രീകൃത മാതൃകയാണ് മൈക്രോ ഗ്രിഡ് സംവിധാനം. 2025ൽ ഷാർജയിലെ മന്ത്രാലയത്തിന്‍റെ ആസ്ഥാനത്താണ് മൈക്രോ ഗ്രിഡ് സംവിധാനം വികസിപ്പിച്ചതും നടപ്പിലാക്കിയതും.
നൂതന ഡിജിറ്റൽ മാർഗങ്ങൾ ഉപയോഗിച്ച് ശുദ്ധമായ ഊർജ ഉൽപ്പാദനം, സംഭരണം, നിയന്ത്രണം എന്നിവ സംയോജിപ്പിക്കുന്ന ഒരു പ്രവർത്തന മാതൃകയാണിത്. ഇതിലൂടെ വൈദ്യുതി വിതരണത്തിന്‍റെ വിശ്വാസ്യത വർധിപ്പിക്കുകയും വൈദ്യുതി സേവനങ്ങളുടെ തുടർച്ച ഉറപ്പാക്കുകയും വിഭവ കാര്യക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് ഊർജ, പെട്രോളിയം അഫേഴ്സ് അണ്ടർ സെക്രട്ടറി എൻജിനീയർ ഷരിഫ് അൽ ഉലമ പറഞ്ഞു.
കൂടാതെ, ഉൽപാദന ചെലവും കാർബൺ വ്യാപനവും കുറക്കാൻ പദ്ധതി സഹായകമാവും. ‘വി ദി യു.എ.ഇ 2031’ എന്ന ആശയത്തിന്‍റെ ലക്ഷ്യങ്ങളെ പിന്തുണക്കുന്നതാണ് പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പദ്ധതിയുടെ പരീക്ഷണ ഘട്ടത്തിൽ പ്രതിവർഷം 3.62 ലക്ഷം കിലോവാട്ട് വൈദ്യുതി ഉപഭോഗം കുറക്കാൻ കഴിഞ്ഞിരുന്നു. ഇതുവഴി പ്രതിവർഷം 1.10 ലക്ഷം ദിർഹമാണ് ലാഭം. പ്രതിവർഷം 76 ടൺ കാർബൺഡയോക്സൈഡ് അന്തരീക്ഷത്തിൽ വ്യാപിക്കുന്നത് തടയാനും കഴിഞ്ഞു.
മൊത്തം വൈദ്യുതി ലോഡിൽ സൗരോർജത്തിന്‍റെ സംഭാവന 30 ശതമാനമാക്കാനും കഴിഞ്ഞു. അപ്രതീക്ഷിതമായുണ്ടാകുന്ന വിതരണ തടസ്സങ്ങളിൽ 100 ശതമാനം പ്രവർത്തന ശേഷിയും തടസ്സമില്ലാത്ത സേവന വിതരണം ഉറപ്പുവരുത്താനും പദ്ധതിക്ക് കഴിഞ്ഞിട്ടുണ്ട്.
കൂടുതൽ സുഗമവും സ്മാർട്ടും സുസ്ഥിരവുമായ ഊർജ സൗകര്യങ്ങൾ നിർമിക്കുന്നതിലുള്ള രാജ്യത്തിന്‍റെ പ്രതിബദ്ധതയാണ് പുതിയ പദ്ധതി പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വികേന്ദ്രീകൃതമായ ഒരു കൂട്ടം വൈദ്യുതി സ്രോതസാണ് മൈക്രോ ഗ്രിഡ്.
പരമ്പരാഗതമായ മാക്രോഗ്രിഡുമായി ബന്ധിപ്പിച്ചാണ് ഇതിന്‍റെ പ്രവർത്തനമെങ്കിലും അടിയന്തര ഘട്ടങ്ങളിൽ പ്രധാന ഗ്രിഡുമായുള്ള പ്രവർത്തനം അവസാനിപ്പിച്ച് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള ശേഷി മൈക്രോ ഗ്രിഡ് സംവിധാനത്തിനുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

